---
title: "കൂരാച്ചുണ്ട് യൂത്ത് കോണ്‍ഗ്രസ് മഹിളാശ്രീ പുരസ്‌കാരം ഡോ. ഹിമ ജോണിന് "
english_title: "Dr. Hima John receives Koorachundu Youth Congress Mahilashri Award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/346972/dr-hima-john-receives-koorachundu-youth-congress-mahilashri-award"
published_at: "2026-03-11T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0ff39e6733_lpo.jpg"
keywords: []
---

# കൂരാച്ചുണ്ട് യൂത്ത് കോണ്‍ഗ്രസ് മഹിളാശ്രീ പുരസ്‌കാരം ഡോ. ഹിമ ജോണിന് 

> **Lead Summary:** **കൂരാച്ചുണ്ട്: **യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നല്‍കുന്ന മുന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.സി. ഏലിക്കുട്ടി മെമ്മോറിയല്‍ രണ്ടാമത് മഹിളശ്രീ പുരസ്‌കാരത്തിന് ഡോ. ഹിമ ജോണ്‍ അര്‍ഹയായി.

## Article Content

**കൂരാച്ചുണ്ട്: **യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി നല്‍കുന്ന മുന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.സി. ഏലിക്കുട്ടി മെമ്മോറിയല്‍ രണ്ടാമത് മഹിളശ്രീ പുരസ്‌കാരത്തിന് ഡോ. ഹിമ ജോണ്‍ അര്‍ഹയായി.

കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മൂന്നാം റാങ്കോടെ ബിടെക് അഗ്രികള്‍ച്ചര്‍ എഞ്ചിനിയറിങ് ബിരുദവും, ബാംഗ്ലൂര്‍ ജികെവികെ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഒന്നാം റാങ്കോട് കൂടി (സ്വര്‍ണ മെഡല്‍ ) എംടെകും, ഇന്ത്യന്‍ ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കിയ ഹിമ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യ രണ്ടാം റാങ്കോട് കൂടി കേന്ദ്രസര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു.

2020 - 25 കാലയളവില്‍ ഹരിയാനയിലെ നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായിട്ടായിരുന്നു ആദ്യ നിയമനം. 2025 മുതല്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്നു. ഫുഡ് പ്രോസസ്സിങ്ങും, അഗ്രികള്‍ച്ചറല്‍ വാല്യു അഡീഷനും ആണ് പ്രധാന ഗവേഷണ മേഖല. കാര്‍ഷിക- സാമൂഹിക വിഷയങ്ങളില്‍ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്.

കല്ലാനോട് വെളിയംകുളത്ത് ജോണ്‍, ഡെയ്സി ദമ്പതികളുടെ മകളാണ് ഹിമ ജോണ്‍. ഭര്‍ത്താവ് കേരള ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ചക്കിട്ടപാറ കൂനംതടത്തില്‍ സുബിന്‍ മാത്യു. മക്കള്‍ മാത്യു ജോസഫ്, രാഹേല്‍ മരിയ ജോസഫ്. മാര്‍ച്ച് 15 ഞായറാഴ്ച കൂരാച്ചുണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം കൈമാറുമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/346972/dr-hima-john-receives-koorachundu-youth-congress-mahilashri-award)