---
title: "'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നാളെ നടക്കും"
english_title: "'Green Eco Sphere' announcement and inauguration of 'Water for Parrots' project on March 12"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347096/green-eco-sphere-announcement-and-inauguration-of-water-for-parrots-project-on-march-12"
published_at: "2026-03-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b1612670988_gyuj.jpg"
keywords: []
---

# 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' പ്രഖ്യാപനവും 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും നാളെ നടക്കും

> **Lead Summary:** **പേരാമ്പ്ര:** കേരളത്തിലെ 14 ജില്ലകളിലും ഉള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ 'ഗ്രീന്‍ ഇക്കോ സ്ഫിയറിന്റെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് നടത്തുന്ന 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും മാര്‍ച്ച് 12 ന് നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** കേരളത്തിലെ 14 ജില്ലകളിലും ഉള്ള ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘടനയായ 'ഗ്രീന്‍ ഇക്കോ സ്ഫിയറിന്റെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബുമായി ചേര്‍ന്ന് നടത്തുന്ന 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതിയുടെ ഉദ്ഘാടനവും മാര്‍ച്ച് 12 ന് നാളെ രാവിലെ 11 മണിക്ക് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വായു, ജലം, മണ്ണ്, ഊര്‍ജ്ജം തുടങ്ങിയവയുടെ സംരക്ഷണം ആണ് 'ഗ്രീന്‍ ഇക്കോ സ്ഫിയര്‍' സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ - സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക, എന്‍ജിഒകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തുക എന്നിവയൊക്കെ സംഘടന ലക്ഷ്യം വെക്കുന്നു.

സംസ്ഥാന സമിതിയും ജില്ലാതലങ്ങളില്‍ സമിതികളും ആണ് സംഘടനയുടെ സംഘാടന രീതി. മുന്‍ കോളെജ് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍, ഇന്റര്‍നാഷണല്‍ ബേര്‍ഡ് ക്ലബ് കോര്‍ഡിനേറ്റര്‍, കോളെജ് പ്രൊഫസര്‍മാര്‍, ഹിന്ദുസ്ഥാന്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് സ്റ്റേറ്റ്ചീഫ് കമ്മീഷണര്‍, ട്രെയിനിംഗ് കമ്മീഷണര്‍മാര്‍, 'കാര്‍ഷിക സര്‍വ്വകലാശാല മണ്ണ് - ജലസംരക്ഷണ എന്‍ജിനീയറിങ് വിഭാഗം ടീം ഹെഡ് തുടങ്ങിയവരൊക്കെ സംഘടനയില്‍ അംഗങ്ങളാണ്.

പേരാമ്പ്ര സബര്‍മതി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡി സെന്ററില്‍ വെച്ച് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുനീര്‍ എരവത്ത് പ്രഖ്യാപനം നടത്തും. സിനിമ പിന്നണിഗായകന്‍ അജയ് ഗോപാല്‍ 'കിളികള്‍ക്ക് കുടിനീര്‍' പദ്ധതി ഉദ്ഘാടനം ചെയ്യും. അസറ്റ് പേരാമ്പ്രയുടെ ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടി മുഖ്യാതിഥി ആകും. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ള പ്രമുഖര്‍ പരിപാടിയുടെ ഭാഗമാകും. കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ പരിസ്ഥിതി ക്യാമ്പ് നടത്തുക എന്നതാണ് സംഘടനയുടെ അടുത്ത ലക്ഷ്യം.

വാര്‍ത്താസമ്മേളനത്തില്‍ ഗ്രീന്‍ ഇക്കോ സ്ഫിയര്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍, സെക്രട്ടറി കെ മിനി, വൈസ് പ്രസിഡന്റ് രഘു നല്ലശേരി, ജോയിന്റ് കണ്‍വീനര്‍മാര്‍ ആയ മാര്‍ഗരറ്റ് ബോബി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347096/green-eco-sphere-announcement-and-inauguration-of-water-for-parrots-project-on-march-12)