---
title: " ഭിഷഗ്വര പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്"
english_title: "Allegations of sabotage of Bhishagvara project; DYFI marches to Perambra Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/347275/allegations-of-sabotage-of-bhishagvara-project-dyfi-marches-to-perambra-panchayat-office"
published_at: "2026-03-12T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b294cf401a7_FRTE.jpg"
keywords: []
---

#  ഭിഷഗ്വര പദ്ധതി അട്ടിമറിച്ചെന്ന് ആരോപണം; പേരാമ്പ്ര പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

> **Lead Summary:** സാധാരണക്കാരായ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയും പരിശോധനകളും മരുന്നും സൗജന്യമായി ഉറപ്പാക്കിയിരുന്ന പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

## Article Content

സാധാരണക്കാരായ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയും പരിശോധനകളും മരുന്നും സൗജന്യമായി ഉറപ്പാക്കിയിരുന്ന പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ് ഭരണസമിതി ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

എല്‍ഡിഎഫ് നേതൃത്വത്തിലുള്ള മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പിലാക്കി ഏറെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതിയാണിതെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ പാവപ്പെട്ടവരുടെ ചികിത്സാ സൗകര്യം ഇല്ലാതാക്കുന്ന ഭരണസമിതി നിലപാട് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലയില്‍ നേരിട്ടെത്തിച്ചിരുന്ന ഈ പദ്ധതി നൂറുകണക്കിന് നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായിരുന്നു. പദ്ധതി പുനഃസ്ഥാപിക്കാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

പേരാമ്പ്ര ടൗണില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വി. അനുരാഗ് ഉദ്ഘാടനം ചെയ്തു. കെ.പി. അഖിലേഷ് അധ്യക്ഷത വഹിച്ചു. ബിനില്‍ രാജ് സ്വാഗതം പറഞ്ഞു. കെ.ടി. സുധാകരന്‍, ദീപക് റോഷ് എന്നിവര്‍ സംസാരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/347275/allegations-of-sabotage-of-bhishagvara-project-dyfi-marches-to-perambra-panchayat-office)