---
title: "കേരള പൊലീസ് അസോസിയേഷന്‍ സമ്മേളനം പേരാമ്പ്രയില്‍"
english_title: "Kerala Police Association Conference at Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34741/kerala-police-association-conference-at-perambra"
published_at: "2022-03-30T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6243f61d7a78f_0000 WATER MARK.JPG"
keywords: []
---

# കേരള പൊലീസ് അസോസിയേഷന്‍ സമ്മേളനം പേരാമ്പ്രയില്‍

> **Lead Summary:** ** പേരാമ്പ്ര :** കേരള പൊലീസ് അസോസിയേഷന്‍ 37-ാം ജില്ലാ സമ്മേളനം ഏപ്രില്‍ 2 ന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

** പേരാമ്പ്ര :** കേരള പൊലീസ് അസോസിയേഷന്‍ 37-ാം ജില്ലാ സമ്മേളനം ഏപ്രില്‍ 2 ന് പേരാമ്പ്രയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ മുന്നോടിയായി ഫുട്ബോള്‍, ബാഡ്മിന്റണ്‍, ക്രിക്കറ്റ്, വോളിബോള്‍ ടൂര്‍ണമെന്റുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തി.

കൂടാതെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കഥ, കവിത രചനാ മത്സരങ്ങളും നടത്തി.

ഇന്ന് രാവിലെ പേരാമ്പ്ര ദക്ഷിണാമൂര്‍ത്തി ടൗണ്‍ ഹാളില്‍ ചിത്രരചനാ ക്യാമ്പും, വൈകിട്ട് കുടുംബസംഗമവും നടക്കും.

മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള യാത്രയയപ്പ് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് ഐപിഎസ് ഉപഹാര സമര്‍പ്പണം നടത്തും.

കുടുംബസംഗമത്തിന്റെ ഭാഗമായി പൊലീസ് കുടുംബാംഗങ്ങളുടെയും, പ്രഫഷണല്‍ കലാകാരന്മാരുടെയും വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നിന് ജില്ലാ കമ്മിറ്റി യോഗം പേരാമ്പ്ര  ടൗണ്‍ ഹാളില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്യും.

ഏപ്രില്‍ 2 ന് പ്രതിനിധി സമ്മേളനം ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി എ. ശ്രീനിവാസ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും.

സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പൊലീസ് ഓഫീസുകളില്‍ നിന്നും എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് പുസ്തക ചലഞ്ച് പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്.

പ്രതിനിധികളില്‍ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങള്‍ സമ്മേളന കാലത്ത് സര്‍വ്വീസിലിരിക്കെ മരണപ്പെട്ട ഗിരീഷ് എഎസ്‌ഐയുടെ സ്മരണാര്‍ത്ഥം ഉള്ള്യേരി കൊയക്കാട് നവദീപം സാംസ്‌കാരിക വേദി പുതുതായി ആരംഭിക്കുന്ന ഗ്രന്ഥാലയത്തിന് കൈമാറുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34741/kerala-police-association-conference-at-perambra)