---
title: "പേരാമ്പ്രയില്‍ മത്സര രംഗത്ത് അഡ്വ. ഫാത്തിമ തഹലിയ്യ"
english_title: "Adv. Fathima Tahlia in the race in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348276/adv-fathima-tahlia-in-the-race-in-perambra"
published_at: "2026-03-17T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b9523c7320d_theh.jpg"
keywords: []
---

# പേരാമ്പ്രയില്‍ മത്സര രംഗത്ത് അഡ്വ. ഫാത്തിമ തഹലിയ്യ

> **Lead Summary:** **പേരാമ്പ്ര: **നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ അഡ്വ. ഫാത്തിമ തഹലിയ്യ പേരാമ്പ്രയില്‍ മത്സരിക്കും.

## Article Content

**പേരാമ്പ്ര: **നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ അഡ്വ. ഫാത്തിമ തഹലിയ്യ പേരാമ്പ്രയില്‍ മത്സരിക്കും.

കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളെജില്‍ നിന്ന് ബിഎ എല്‍എല്‍ബി ബിരുദവും തൃശ്ശൂര്‍ ഗവണ്‍മെന്റ് ലോ കോളെജില്‍ നിന്നും ഭരണനിയമത്തില്‍ ബിരുദാനന്തരബിരുദവും നേടി പൊതുരംഗത്ത് നിറസന്നിദ്ധ്യമായ ഫാത്തിമ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, പ്രഥമ എംഎസ്എഫ് ദേശീയ കമ്മിറ്റിയിലെ ഏക വനിതാ അംഗം, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ്, പ്രഥമ ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി, 10 വര്‍ഷമായി കോഴിക്കോട് ജില്ലയില്‍ പ്രാക്ടീസിങ് അഡ്വക്കേറ്റ് എന്നി നിലകളിലും പ്രവര്‍ത്തിക്കുന്നു.

ആപ്ക ടൈംസ് സര്‍വ്വേയിലൂടെ 2017ല്‍ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള 10 വനിതാ വിദ്യാര്‍ത്ഥി നേതാക്കളില്‍ ഒന്നാം സ്ഥാനക്കാരി. ഖമീസ് മുഷൈത്ത് കെ.എം.സി.സി ബീഗം സാഹിബ അവാര്‍ഡ് ജേതാവ്. 019 യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ റിലീജിയസ് ഫ്രീഡം ആന്‍ഡ് ഇന്റര്‍ഫെയിത്ത് ഡയലോഗ് പ്രോഗ്രാമിലും യൂ.എസിലെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടന്ന മിനിസ്റ്റീരിയല്‍ ടു അഡ്വാന്‍സ് റിലീജിയസ് ഫ്രീഡം പ്രോഗ്രാമിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐക്യരാഷ്ട്രസഭയുടെ വിമന്‍ കോണ്‍ഫറന്‍സില്‍ പ്രത്യേക ക്ഷണിതാവായി. തായ്ലന്റിലെ ബാങ്കോക്കില്‍ വേള്‍ഡ് ലേണിംഗ് സമ്മേളനത്തിലും അമേരിക്കയിലെ യൂട്ടായിലെ ബ്രിഗ്ഹാം യങ് യൂണിവേഴ്സിറ്റിയിലും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലും ഐക്യരാഷ്ട്രസഭയുടെ വുമണ്‍ ഇന്ത്യ പരിപാടിയിലും പ്രസംഗിച്ച് നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമായും കേരള സംസ്ഥാന ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ ലിംഗനീതി കമ്മിറ്റി അംഗം, സമാഗതി റിപ്പോര്‍ട്ട് കമ്മിറ്റി അംഗം, കോഴിക്കോട് കോര്‍പ്പറേഷന്‍ ചാലപ്പുറം വാര്‍ഡിലെ ജാഗ്രത സമിതി അംഗം, കോഴിക്കോട് കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പാരാലീഗല്‍ വളണ്ടിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തന പരിചയവും ഫാത്തിമയ്ക്കുണ്ട്.

കോഴിക്കോട് ജില്ലയിലെ പെരുവയല്‍ പഞ്ചായത്തിലെ പൂവാട്ടുപറമ്പില്‍ ജനിച്ച ഫാത്തിമ കെ അബ്ദുറഹിമാന്റെയും സുബൈദയുടെയും മകളാണ്. ചാലപ്പുറം സ്വദേശിയും കോഴിക്കോട് മുന്‍ പബ്ലിക്ക് പ്രേസിക്യൂട്ടറുമായിരുന്ന അഡ്വ. ആലിക്കോയയുടെ മകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ ശഹസാദാണ് ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348276/adv-fathima-tahlia-in-the-race-in-perambra)