---
title: "ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം; ആരോഗ്യ വകുപ്പ്"
english_title: "Health Department urges vigilance against water-borne diseases"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/348894/health-department-urges-vigilance-against-water-borne-diseases"
published_at: "2026-03-21T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be2f82da23a_rtyyyuu.JPG"
keywords: []
---

# ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണം; ആരോഗ്യ വകുപ്പ്

> **Lead Summary:** കോഴിക്കോട്: കടുത്ത വേനലില്‍ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വഴിയോരങ്ങളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.

## Article Content

കോഴിക്കോട്: കടുത്ത വേനലില്‍ ജലജന്യ രോഗങ്ങളായ ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.കെ രാജാറാം അറിയിച്ചു. ഭക്ഷണം പാകം ചെയ്യുന്നവരും പൊതുജനങ്ങളും ശുചിത്വ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും വഴിയോരങ്ങളില്‍നിന്ന് ശീതള പാനീയങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.

**രോഗലക്ഷണങ്ങള്‍**

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം എന്നിവയാണ് ഷിഗല്ല രോഗലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയ പ്രധാനമായും കുടലിനെ ബാധിക്കുന്നതിനാലാണ് രക്തകലര്‍പ്പ് ഉണ്ടാകുന്നത്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

**പാനീയ ചികിത്സ പ്രധാനം**

വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിര്‍ജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ഇടക്കിടെ നല്‍കുകയും യഥാസമയം ചികിത്സ തേടുകയും വേണം.

**പ്രതിരോധ മാര്‍ഗങ്ങള്‍**

നന്നായി തിളപ്പിച്ച ശേഷം തണുപ്പിച്ച വെള്ളം മാത്രം കുടിക്കുക. തിളച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തി ഉപയോഗിക്കരുത്. പുറമെനിന്നുള്ള ഭക്ഷണവും ശീതളപാനീയങ്ങളും പരമാവധി ഒഴിവാക്കണം. പുറത്തു പോകുമ്പോള്‍ കൈയില്‍ കുടിവെള്ളം കരുതുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/348894/health-department-urges-vigilance-against-water-borne-diseases)