---
title: "കുന്നരംവെള്ളി അത്തൂനി ദേവിക്ഷേത്ര താലപ്പൊലി മഹോത്സവം സമാപിച്ചു"
english_title: "Kunnaramvelli Athuni Devi Temple Thalappoli Festival concludes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/34920/kunnaramvelli-athuni-devi-temple-thalappoli-festival-concludes"
published_at: "2022-03-31T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62453a043054f_0000 WATER MARK.JPG"
keywords: []
---

# കുന്നരംവെള്ളി അത്തൂനി ദേവിക്ഷേത്ര താലപ്പൊലി മഹോത്സവം സമാപിച്ചു

> **Lead Summary:** **കോട്ടൂര്‍ :** കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രോത്സവം സമാപിച്ചു.

## Article Content

**കോട്ടൂര്‍ :** കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രോത്സവം സമാപിച്ചു.

ഏഴ് ദിവസം നീണ്ടു നിന്ന ഉത്സവാഘോഷപരിപാടികള്‍ പ്രദേശത്തുകാര്‍ ഏറ്റെടുത്ത് നാടിന്റെ ഉത്സവമാക്കി മാറ്റി.

ഗജവീരന്‍ കടേക്കച്ചാലില്‍ ഗണേശന്റെയും മുത്തുക്കുടകളുടെയും പഞ്ചവാദ്യങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും കാവടിയാട്ടത്തിന്റെയും അകമ്പടിയോടു കൂടി പടിയക്കണ്ടി ചെറിയ പുരയില്‍ നിന്ന് ആരംഭിച്ച എഴുന്നള്ളത്ത് വന്‍ ജനാവലിയെ സാക്ഷിയാക്കി ക്ഷേത്ര സന്നിധിയില്‍ സമാപിച്ചു.

വലിയ വിളക്ക് ദിനത്തിലും താലപ്പൊലി ദിനത്തിലും ക്ഷേത്രത്തില്‍ അന്നദാനവും നടത്തി.

ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ താലപ്പൊലി എഴുന്നള്ളത്ത് ആയിരങ്ങളെ സാക്ഷിയാക്കി ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.

പുലര്‍ച്ചെ കുന്നരം വെള്ളി കോവിലകത്ത് നിന്നാരംഭിച്ച വരവും ക്ഷേത്രത്തിലെ പ്രധാന ചടങ്ങായിരുന്നു.

ഇളനീര്‍ കുലവരവ്, കുടവരവ്, കളം പാട്ട്, വാള്‍ എഴുന്നള്ളത്ത്, കലവറ നിറയ്ക്കല്‍, കൂട്ടത്തിറ, പരദേവതാതിറ, അഖണ്ഡനാമയജ്ഞം, എന്നിവ നടത്തി.

ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/34920/kunnaramvelli-athuni-devi-temple-thalappoli-festival-concludes)