---
title: "പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ "
english_title: "Kerala Private Pharmacists Association holds post office march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/349880/kerala-private-pharmacists-association-holds-post-office-march"
published_at: "2026-03-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c512204aee7_rt.jpg"
keywords: []
---

# പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ 

> **Lead Summary:** **പേരാമ്പ്ര: **കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് ഫാര്‍മസിസ്റ്റുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

## Article Content

**പേരാമ്പ്ര: **കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പേരാമ്പ്ര പോസ്റ്റ് ഓഫീസിലേക്ക് ഫാര്‍മസിസ്റ്റുകള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഫാര്‍മസിസ്റ്റുകള്‍ ഇല്ലാതെ ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുവാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.

കെപിപിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജയന്‍ കോറോത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഔഷധങ്ങള്‍ ഡിസ്‌പെന്‍സ് ചെയ്യുന്നതുമായി ബസപ്പെട്ട് കൃത്യമായ നിയമ വ്യവസ്ഥകള്‍ നിലവിലുള്ളപ്പോള്‍ പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്ന നിയമവിരുദ്ധമായ ഈ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നാണ് അസോസിയേഷന്റെ ആവശ്യം.

അമിതമായ ആന്റിബയോട്ടിക് ഉപയോഗം മൂലം ഇന്ത്യ ഇപ്പോള്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വഴി ആന്റിബയോട്ടിക്ക് വില്‍പ്പന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി വരികയാണ്. യോഗ്യതയുള്ള ഫാര്‍മസിസ്റ്റുമാരുടെ മേല്‍നോട്ടം ഇല്ലാതെ മരുന്നുകളുടെ സംഭരണവും,വിതരണവും അനുവദിക്കുന്നത് ഈ നിയന്ത്രണ ശ്രമങ്ങളെ ഗുരുതരമായി ദുര്‍ബലപ്പെടുത്തും.

ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ ബ്രാന്‍ഡണ്ട് നാമത്തിലുള്ള മരുന്നുകള്‍ക്ക് പകരം ജനറിക് നാമത്തിലുള്ള മരുന്നുകള്‍ കൈകാര്യം ചെയ്യപ്പെടുമ്പോള്‍ ഔഷധ സാക്ഷരത നേടിയ ഫാര്‍മസിസ്റ്റുകള്‍ ഉണ്ടാകേണ്ടത് വളരെ നിര്‍ബന്ധമാണ്. പൊതുജനാരോഗ്യം മുന്നില്‍ കണ്ടു കൊണ്ടുള്ള ഫാര്‍മസി നിയമങ്ങള്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അതിനെ അവഗണിക്കുന്നത് ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഒരോ വര്‍ഷവും രാജ്യത്തെ 4900 ഫാര്‍മസി കോളേജുകളില്‍ നിന്നായി 3.7 ലക്ഷം ഫാര്‍മസി വിദ്യാര്‍ഥികള്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്.

ഏരിയ പ്രസിഡന്റ് കെ.പി. പരാഗ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ.കെ. അബ്ദുള്‍ ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം. ഷെജിന്‍, കെ.എം. സുനില്‍കുമാര്‍, എ. ശ്രീശന്‍, സി.കെ. കരുണാകരന്‍, ഷീജ റിജേഷ്, കെ.സി. ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാര്‍ച്ചിന് കെ സുനില്‍ കുമാര്‍, അശ്വതി സുനില്‍, സരിഷ്മ അജിത്ത്, കെ.എം ദിലീപ് കുമാര്‍, ടി ശിവദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/349880/kerala-private-pharmacists-association-holds-post-office-march)