---
title: "ആവേശത്തിരയിളക്കി തൊഴിലാളികളുടെ റോഡ് ഷോ"
english_title: "Workers' road show stirs up excitement"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/350902/workers-road-show-stirs-up-excitement"
published_at: "2026-04-01T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ccafe824bdc_tpppp.JPG"
keywords: []
---

# ആവേശത്തിരയിളക്കി തൊഴിലാളികളുടെ റോഡ് ഷോ

> **Lead Summary:** പേരാമ്പ്ര : തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളി ടി.പി രാമകൃഷ്ണന്റെ ഉജ്ജ്വല വിജയം വിളംബരം ചെയ്ത് പേരാമ്പ്ര ടൗണില്‍ തൊഴിലാളികളുടെ ആവേശം വിതറിയ റോഡ് ഷോ. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍സംഘടിപ്പിച്ച റോഡ് ഷോയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു.

## Article Content

പേരാമ്പ്ര : തൊഴിലാളി വര്‍ഗത്തിന്റെ മുന്നണിപ്പോരാളി ടി.പി രാമകൃഷ്ണന്റെ ഉജ്ജ്വല വിജയം വിളംബരം ചെയ്ത് പേരാമ്പ്ര ടൗണില്‍ തൊഴിലാളികളുടെ ആവേശം വിതറിയ റോഡ് ഷോ. വിവിധ ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍സംഘടിപ്പിച്ച റോഡ് ഷോയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു.

തൊഴിലാളികള്‍ക്കൊപ്പം നിന്ന് അവരുടെ അവകാശ സംരക്ഷണത്തിനായിപോരാടുന്ന ടി.പി യോടുള്ള സ്‌നേഹവായ്പിന്റെ പ്രതിഫലനമായി റോഡ് ഷോ മാറി. തങ്ങളുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ച് സുരക്ഷിതമായ ജീവിതം ഉറപ്പു വരുത്താന്‍പതിറ്റാണ്ടുകളായിപൊരുതുന്ന പ്രിയപ്പെട്ട നേതാവിനോടുള്ള തൊഴിലാളികളുടെ ഹൃദയവികാരമാണ് ഇന്നലെ വൈകീട്ട്പേരാമ്പ്രയില്‍ അലയടിച്ചത്.

സിഐടിയു സംസ്ഥാന പ്രസിഡന്റ് കൂടിയായ ടി.പി യുടെ വിജയത്തിന്റെ തിളക്കം പതിമടങ്ങ് വര്‍ധിപ്പിക്കുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു. തൊഴില്‍ വകുപ്പ് മന്ത്രിയായിരിക്കെ എല്ലാ തൊഴില്‍ മേഖലകളിലുംമിനിമം വേതനവും മറ്റ് അവകാശങ്ങളും ഉറപ്പു വരുത്തിയ പ്രിയ നേതാവിനോടുള്ള മമത അവരുടെ മുദ്രാവാക്യങ്ങളിലും സംഘഗാനങ്ങളിലും തുടിച്ചുനിന്നു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ആടിയും പാടിയും മുദ്രാവാക്യം മുഴക്കിയും എത്തിയ തൊഴിലാളികള്‍ പേരാമ്പ്രയില്‍ ആവേശത്തിരയിളക്കി.

പാടത്തും പറമ്പിലും പണിശാലകളിലുംവ്യത്യസ്ത സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ഒരേമനസ്സോടെ റോഡ് ഷോയില്‍ ഒഴുകിയെത്തി. ടിപിയെ അഭിവാദ്യം ചെയ്യാനും റോഡ് ഷോ കാണാനുമായി റോഡിനിരുവശവും ആയിരക്കണക്കിനാളുകളാണ് തടിച്ചു കൂടിയത്. പുക്കാവടിയാട്ടവും വനിതകളുടെ ശിങ്കാരി മേളവും റോഡ് ഷോയുടെ മാറ്റു കൂട്ടി. തൊഴിലാളികളുടെ സ്വന്തം ടി.പി എന്നെഴുതിയ ബാനറിനു പിന്നിലായി തൊഴിലാളികള്‍ അണിനിരന്നു.പിന്നില്‍തുറന്ന വാഹനത്തില്‍ ടി.പി ജനങ്ങളെ അഭിവാദ്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/350902/workers-road-show-stirs-up-excitement)