---
title: "വഴി മുടക്കി മാലിന്യ നിക്ഷേപം "
english_title: "Waste disposal blocked"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35144/waste-disposal-blocked"
published_at: "2022-04-01T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62469f56ee652_WASTE1.jpg"
keywords: []
---

# വഴി മുടക്കി മാലിന്യ നിക്ഷേപം 

> **Lead Summary:** ** പേരാമ്പ്ര : **ടൗണിന്റെ പല ഭാഗത്തു നിന്നുമായി ശേഖരിച്ച മാലിന്യം നടപ്പാതയില്‍ നിക്ഷേപിച്ചത് ദുരിതമാകുന്നതായി പരാതി.

## Article Content

** പേരാമ്പ്ര : **ടൗണിന്റെ പല ഭാഗത്തു നിന്നുമായി ശേഖരിച്ച മാലിന്യം നടപ്പാതയില്‍ നിക്ഷേപിച്ചത് ദുരിതമാകുന്നതായി പരാതി.

ദിവസങ്ങള്‍ക്ക് മുമ്പ് ടൗണ്‍ ജംഗ്ഷന്റെ സമീപത്തുള്ള നടപ്പാതയില്‍ തള്ളിയ മാലിന്യം രണ്ട് ദിവങ്ങളിലായി പെയ്ത മഴയിലും, തെരുവുപട്ടികള്‍ വലിച്ചു പുറത്തിട്ടതും കാരണം ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്.

പഞ്ചായത്ത് തൊഴിലാളികള്‍ ശേഖരിച്ച് നടപ്പാതയില്‍ സൂക്ഷിച്ച മാലിന്യത്തോടൊപ്പം മറ്റു പല ഭാഗത്തു നിന്നുമെത്തുന്നവരും ഇതിന്റെ കൂടെ മലിന വസ്തുക്കള്‍ തള്ളുന്നതായും പറയപ്പെടുന്നുണ്ട്.

പേരാമ്പ്ര, വടകര- കുറ്റ്യാടി റോഡ് കവലയിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച മാലിന്യം സൂക്ഷിച്ചിരിക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നുണ്ട്.

ടൗണിലെ മാലിന്യം ശേഖരിക്കുന്നത് ഹരിത കര്‍മ്മ സേനയാണ്. ഈ മാലിന്യത്തില്‍ നിന്നും ഏഴ് ഇനം മാലിന്യങ്ങള്‍ തരം തിരിക്കുകയും വേണം.

ഇതിന് സൗകര്യമൊരുക്കിയ ഇന്നര്‍മാര്‍ക്കറ്റില്‍ സ്ഥലസൗകര്യവുമില്ലാത്തതാണ് ഫുട്പാത്തില്‍ സൂക്ഷിക്കാന്‍ കാരണമായതത്രെ. വേനല്‍ ചൂടില്‍ ആരെങ്കിലും സിഗരറ്റ് കുറ്റി എറിഞ്ഞാല്‍ സമീപത്തുള്ള സ്ഥാപനങ്ങള്‍ക്ക് തീപിടിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍.

നടപ്പാതയില്‍ തള്ളിയ മാലിന്യം ഉടന്‍ നീക്കം ചെയ്യണമെന്ന് കാല്‍നട യാത്രക്കാരും വ്യാപാരികളും ആവശ്യമുന്നയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35144/waste-disposal-blocked)