---
title: "എല്‍ഡിഎഫ് എംഎല്‍എമാര്‍ പേരാമ്പ്രയെ അവഗണിച്ചു; യുഡിഎഫ് "
english_title: "LDF MLAs ignored Perambra; UDF"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/351948/ldf-mlas-ignored-perambra-udf"
published_at: "2026-04-06T23:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d3fa98e8d9e_yuif.jpg"
keywords: []
---

# എല്‍ഡിഎഫ് എംഎല്‍എമാര്‍ പേരാമ്പ്രയെ അവഗണിച്ചു; യുഡിഎഫ് 

> **Lead Summary:** **പേരാമ്പ്ര: **46 വര്‍ഷത്തെ പേരാമ്പ്രയുടെ വികസന മുരടിപ്പ് മാറ്റാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് വോട്ടു ചെയ്യണമെന്ന് പേരാമ്പ്ര അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

## Article Content

**പേരാമ്പ്ര: **46 വര്‍ഷത്തെ പേരാമ്പ്രയുടെ വികസന മുരടിപ്പ് മാറ്റാന്‍ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് വോട്ടു ചെയ്യണമെന്ന് പേരാമ്പ്ര അസംബ്ലി നിയോജകമണ്ഡലം യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.

കോടികളുടെ വികസനം പറയുന്ന എംഎല്‍എ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അടിസ്ഥാന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചു എന്ന് കൃത്യമായി പറയാന്‍ തയ്യാറാകണമെന്നും 5 വര്‍ഷം മന്ത്രിയും ഇടതുമുന്നണി കണ്‍വീനറുമായ എംഎല്‍എക്ക് മലയോരനിവാസികളുടെ ഏകആശ്രയമായ പേരാമ്പ്ര താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയില്‍ ആവശ്യമായ ഡോക്ടര്‍മാരെയോ ജീവനക്കാരെയോ നിയമിക്കാന്‍ സാധിച്ചില്ല എന്നും ഓര്‍ത്തോ, സര്‍ജറി വിഭാഗം ഡോക്ടറും ഗൈനക്കോളജിസ്റ്റുമില്ലാത്ത ആശുപത്രിയായി താലൂക്ക് ആശുപത്രി മാറിയെന്നും ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ പൂര്‍ത്തിയാക്കാത്തതാണ് വികസനത്തിന് പ്രധാന തടസ്സമെന്നും അവര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം സൗകര്യവും പേരാമ്പ്രയില്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച ഡയാലിസിസ് സെന്ററിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംഎല്‍എ പരാജയപ്പെട്ടു. പടിഞ്ഞാറത്തറ - പൂഴിത്തോട് ചുരമില്ലാത്ത ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുവാന്‍ ചെറുവിരല്‍ പോലും അനക്കാന്‍ എംഎല്‍എ തയ്യാറായില്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് എ.കെ ബാലന്‍ മന്ത്രിയായിരുന്നപ്പോള്‍ തറക്കല്ലിട്ട മള്‍ട്ടി പ്ലസ് തിയേറ്റര്‍ സമുച്ചയത്തിന്റെ നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. പേരാമ്പ്രക്കാരുടെ ചിരകാല അഭിലാഷമായിരുന്ന പേരാമ്പ്ര താലൂക്ക് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എംഎല്‍എ പരാജയപ്പെട്ടു. പാവങ്ങാട് - ഉള്ളിയേരി - കുറ്റ്യാടി - ചൊവ്വ റോഡ് (പി.യു.കെ.സി) വികസനത്തിന് നടപടികള്‍ ഒന്നും കൈക്കൊണ്ടില്ല. എം.എല്‍.എയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത നീര പദ്ധതി കോടികളുടെ അഴിമതിക്കാണ് കളമൊരുക്കിയത് എന്നും അവര്‍ പറഞ്ഞു.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിനെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ജില്ലയില്‍ പേരാമ്പ്രയേക്കാള്‍ ചെറിയ പഞ്ചായത്തുകള്‍ പോലും മുന്‍സിപ്പാലിറ്റി ആയി ഉയര്‍ത്തിയിട്ടും പേരാമ്പ്ര അവഗണിക്കപ്പെട്ടു. 2016 ല്‍ പേരാമ്പ്രയില്‍ നടത്തിയ വിഷന്‍ 2025ല്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ഒന്നും നടപ്പായില്ല. ടി.പി രാമകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോള്‍ കോടികള്‍ പിരിച്ചു നടത്തിയ പേരാമ്പ്ര ഫെസ്റ്റിന്റെ കണക്കുകള്‍ പൊതുജന സമക്ഷം അവതരിപ്പിച്ചില്ല. പേരാമ്പ്രയില്‍ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. എല്‍.ഡി.എഫിന്റെ ജനവിരുദ്ധ ഭരണത്തിനെതിരായ വിധിയെഴുത്താകും പേരാമ്പ്രയിലേത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫാത്തിമ തഹിലിയക്ക് ജനങ്ങളില്‍ നിന്ന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും യു.ഡി.എഫിന് ഒപ്പം നില്‍ക്കുകയാണ്. ഇതില്‍ വിറളിപൂണ്ട സി.പി.എം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരേ വര്‍ഗീയ പ്രചാരണം നടത്തുകയാണ്. വികസന നേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്ത എല്‍.ഡി.എഫ് നാട്ടില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന വിധം അപകടകരമായ പ്രചാരണം നടത്തുകയാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് വടകരയില്‍ സി.പി.എം നടത്തിയ 'കാഫിര്‍' സ്‌ക്രീന്‍ ഷോട്ടിന് സമാനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പേരാമ്പ്രയില്‍ നടന്ന 'നമ്മുടെ ഖൗമിലെ കുട്ടി' എന്ന പ്രചാരണം. സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ അറിവോടെയാണ് ഈ അനൗണ്‍സ്‌മെന്റ് നടന്നത്. ഇത് വിവാദമായപ്പോള്‍ പ്രതിരോധത്തിലായ എല്‍.ഡി.എഫ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരേ വ്യാജ ആരോപണം ഉന്നയിച്ച് പരാതി നല്‍കിയിരിക്കുകയാണ്. എല്‍.ഡി.എഫിന്റെ ന്യായീകരണ വാദങ്ങള്‍ ഓരോന്നും പൊളിയുന്നതാണ് കണ്ടത്. എല്ലാ വിഭാഗം ജനങ്ങളും സമാധനത്തോടെ ജീവിച്ചുപോരുന്ന പേരാമ്പ്രയുടെ മണ്ണില്‍ വര്‍ഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്നവരെ ജനം ഒറ്റപ്പെടുത്തും. വോട്ടിന് വേണ്ടി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരേ ജനം വോട്ടിലൂടെ മറുപടി നല്‍കണം. പേരാമ്പ്രയില്‍ വന്‍ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കെ. ബാലനാരായണന്‍, ജനറല്‍ കണ്‍വീനര്‍ ആര്‍.കെ മുനീര്‍, കെ.പി.സി.സി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യു.ഡി.എഫ് നിയോജക മണ്ഡലം ട്രഷറര്‍ കല്ലൂര്‍ മുഹമ്മദലി, ഡി.സി.സി ഭാരവാഹികളായ രാജന്‍ മരുതേരി, മുനീര്‍ എരവത്ത്, പി.കെ രാഗേഷ്, കെ.കെ വിനോദന്‍, കേരള കോണ്‍ഗ്രസ് നേതാവ് സുരേഷ് വാളൂര്‍, വാസു വേങ്ങേരി, വി.വി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/351948/ldf-mlas-ignored-perambra-udf)