---
title: "കൊട്ടിക്കലാശം കഴിഞ്ഞു ഇനി നിശബ്ദ പ്രചരണം "
english_title: "The campaign of silence is over"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/352106/the-campaign-of-silence-is-over"
published_at: "2026-04-07T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d50cfc03234_tryu.JPG"
keywords: []
---

# കൊട്ടിക്കലാശം കഴിഞ്ഞു ഇനി നിശബ്ദ പ്രചരണം 

> **Lead Summary:** **പേരാമ്പ്ര : **കഴിഞ്ഞ മൂന്ന് ആഴ്ചക്കാലത്തെ പ്രചരണ കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകിട്ട് 6 മണിയോടെ സമാപനമായി. കേരളത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ നിയോജക മണ്ഡലമായി പേരാമ്പ്ര ഈ തെരഞ്ഞെടുപ്പില്‍ മാറിയിരുന്നു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹിലിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി മാറി. പ്രചരണത്തിനിടെ ഉണ്ടായ ചില വിവാദങ്ങള്‍ പേരാമ്പ്രയെ സംസ്ഥാന ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു.

## Article Content

**പേരാമ്പ്ര : **കഴിഞ്ഞ മൂന്ന് ആഴ്ചക്കാലത്തെ പ്രചരണ കോലാഹലങ്ങള്‍ക്ക് ഇന്ന് വൈകിട്ട് 6 മണിയോടെ സമാപനമായി. കേരളത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ നിയോജക മണ്ഡലമായി പേരാമ്പ്ര ഈ തെരഞ്ഞെടുപ്പില്‍ മാറിയിരുന്നു. എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹിലിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ മത്സരം കൂടുതല്‍ ആവേശകരമായി മാറി. പ്രചരണത്തിനിടെ ഉണ്ടായ ചില വിവാദങ്ങള്‍ പേരാമ്പ്രയെ സംസ്ഥാന ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചു.

കഴിഞ്ഞ 47 വര്‍ഷക്കാലമായി എല്‍ഡിഎഫിന്റെ കുത്തക മണ്ഡലമാണ് പേരാമ്പ്ര. ഇത്തവണ അതിന് ഏതെങ്കിലും വിധത്തിലുള്ള ഇളക്കം തട്ടുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ടി.പി മണ്ഡലത്തില്‍ ചെയ്ത വികസനങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന എല്‍ഡിഎഫ് മണ്ഡലം വന്‍ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ്. എന്നാല്‍ കാലത്തിനൊത്ത വികസനം പേരാമ്പ്രയില്‍ ഉണ്ടായിട്ടില്ല എന്ന് പറയുന്ന യുഡിഎഫ് ഇത്തവണ ഇവിടെ ഒരു മാറ്റം ഉണ്ടാവുമെന്നും തഹിലിയ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 12,000 ത്തില്‍ പരം വോട്ടുള്ള ബിജെപി യും വിജയ പ്രതീക്ഷ പുലര്‍ത്തുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചക്കാലം പല രീതിയിലുള്ള പ്രചരണത്തിന് മണ്ഡലം സാക്ഷിയായിരുന്നു. മൂന്ന് മുന്നണികളുടെയും ദേശീയ സംസ്ഥാന നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് പേരാമ്പ്രയില്‍ എത്തിയിരുന്നു. പേരാമ്പ്ര തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനു സമാപനം കുറിച്ച് നടക്കുന്ന കലാശക്കൊട്ട് പേരാമ്പ്രയില്‍ ഗ്രാമങ്ങളില്‍ മാത്രം.

ടൗണില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസും രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് പേരാമ്പ്രയില്‍ കൊട്ടിക്കലാശം ഗ്രാമങ്ങളില്‍ മാത്രമായി മാറിയത്. പേരാമ്പ്ര പുറ്റംപൊയില്‍, കോടേരിച്ചാല്‍, എരവട്ടൂര്‍, കടിയങ്ങാട്, ചെറുവണ്ണൂര്‍, മുയിപ്പോത്ത്, പന്തിരിക്കര, മുതുകാട്, ചക്കിട്ടപ്പാറ എന്നിവിടങ്ങളിലാണ് കൊട്ടിക്കലാശം നടത്തിയത്. പേരാമ്പ്ര പുറ്റംപൊയിലില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് ടൗണില്‍ കൊട്ടിക്കലാശം നടത്തിയത്. പാട്ടും ഡാന്‍സുമായി മണിക്കൂറുകളോളം സമാധാനപരമായിരുന്നു പരിപാടി. എന്‍ഡിഎ ചെറുവണ്ണൂരിലും മുയിപ്പോത്തും കലാശക്കൊട്ട് നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/352106/the-campaign-of-silence-is-over)