---
title: " പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നവജീവനം പദ്ധതി തുടക്കമായി "
english_title: "Navjeevanam project started in Perambra constituency"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35280/navjeevanam-project-started-in-perambra-constituency"
published_at: "2022-04-01T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6247243c46e97_WATER MERK  NEW.JPG"
keywords: []
---

#  പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ നവജീവനം പദ്ധതി തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 152 പട്ടികജാതി കോളനികളെയും 9 പട്ടിക വര്‍ഗ കോളനികളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവനം 2022-25 പദ്ധതിക്ക് ചെറുവണ്ണൂരില്‍ തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 152 പട്ടികജാതി കോളനികളെയും 9 പട്ടിക വര്‍ഗ കോളനികളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവനം 2022-25 പദ്ധതിക്ക് ചെറുവണ്ണൂരില്‍ തുടക്കമായി.

കോളനികളിലെ വിദ്യാഭ്യാസം, ആരോഗ്യം, ഭൗതിക വികസനം എന്നിവ ലക്ഷ്യമിട്ട് മൂന്ന് വര്‍ഷക്കാലം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവനം.

പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ആസ്റ്റര്‍ മിംസുമായ് സഹകരിച്ച് കോളനി നിവാസികളുടെ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തി തുടര്‍ചികിത്സ ലഭ്യമാക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കമായി.

തുടര്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് മിംസില്‍ ചികില്‍സ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ എടച്ചേരിച്ചാല്‍ കോളനി കേന്ദ്രീകരിച്ചു കൊണ്ട് മെഡിക്കല്‍ കേമ്പ് ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പി. പ്രവിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആര്‍.പി ശോഭിഷ് അധ്യക്ഷനായി. സി.എച്ച് ഇബ്രായി കുട്ടി, കെ.പ്രദീപന്‍, വി.ബി രാജേഷ്, എ. കെ.ഉമ്മര്‍, സി.ബാലകൃഷ്ണന്‍, ആര്‍.പി രവീന്ദ്രന്‍, കെ.പി വേണുഗോപാല്‍, എം.കെ സുരേന്ദ്രന്‍, ഇ.സി. ബാലന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് വൈകുന്നേരം കക്കറ മുക്കിലും മെഡിക്കല്‍ കേമ്പ് സംഘടിപ്പിച്ചു. പതിനാലാം വാര്‍ഡ് മെമ്പര്‍ ശ്രീഷ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 5 വരെ അഞ്ച് പഞ്ചായത്തിലെ 10 കോളനികള്‍ കേന്ദ്രീകരിച്ചു കൊണ്ട് മെഡിക്കല്‍ കേമ്പുകള്‍ തുടരും..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35280/navjeevanam-project-started-in-perambra-constituency)