---
title: "ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍"
english_title: "Massive theft under the guise of aggressive trading; Suspects arrested by police"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/354867/massive-theft-under-the-guise-of-aggressive-trading-suspects-arrested-by-police"
published_at: "2026-04-22T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8ea6415946_dew.JPG"
keywords: []
---

# ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം; പ്രതികള്‍ പൊലീസ് പിടിയില്‍

> **Lead Summary:** പേരാമ്പ്ര: ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച തക്കേടത്ത് കടവ് പുറവൂര്‍ സ്വദേശിയായ ചെറുപുത്തലത്ത് അര്‍ഷാദ് തൊട്ടില്‍പ്പാലം മൊയിലോത്തറ പുത്തൂര്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.

## Article Content

പേരാമ്പ്ര: ആക്രിക്കച്ചവടത്തിന്റെ മറവില്‍ വന്‍ മോഷണം നടത്തിയ 2 പേര്‍ പൊലീസ് പിടിയില്‍. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന ഷീറ്റുകള്‍ മോഷ്ടിച്ച തക്കേടത്ത് കടവ് പുറവൂര്‍ സ്വദേശിയായ ചെറുപുത്തലത്ത് അര്‍ഷാദ് തൊട്ടില്‍പ്പാലം മൊയിലോത്തറ പുത്തൂര്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്.

മൂലാട് നിന്നും കോണ്‍ക്രീറ്റിന് ഉപയാഗിക്കുന്ന ലക്ഷങ്ങള്‍ വില വരുന്ന ഇരുമ്പ് ഷീറ്റുകള്‍ എടുത്ത് ഇവര്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. പകല്‍ ആക്രി ശേഖരിക്കാനെന്ന വ്യാജേന വരുകയും കണ്ടു വെക്കുന്ന സാധനങ്ങള്‍ രാത്രിയില്‍ വന്ന് ലോറിയില്‍ കയറ്റിക്കൊണ്ടുപോകുകയാണ് ഇവരുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. ആക്രികച്ചവടത്തിന്റെ മറവില്‍ വ്യാപകമായി ഇത്തരം കളവ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി നേരത്തെ ഉണ്ടായിരുന്നതിനെതുടര്‍ന്ന് ആക്രി എടുക്കുന്ന സംഘങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

സാധനങ്ങള്‍ മോഷ്ടിക്കാന്‍ ഉപയോഗിച്ച ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൂലാട് നിന്നും ഷീറ്റുകള്‍ മോഷ്ടിച്ച ശേഷം പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി കോഴിക്കോട് അത്തോളി പയ്യോളി വടകര വഴി ആണ് ലോറിയില്‍ സാധനങ്ങള്‍ കുറ്റ്യാടിയിലെത്തിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കുള്ള സൂചന പൊലീസിന് ലഭിച്ചത്. പൊലീസ് അന്വേഷിക്കുന്നു എന്ന് മനസിലാക്കിയതോടെ പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് വിവാഹം കഴിഞ്ഞ പ്രതി ഭാര്യയോടൊപ്പം ടൂറിലാണെന്നാണ് ആളുകളോട് പറഞ്ഞിരുന്നത്. ഇതിനിടെ പ്രതി ഭാര്യവീട്ടുകാര്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വരാന്‍ സാധ്യത ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ സനദ് എന്‍ പ്രദീപ്, ശിവപ്രസാദ്, എന്നിവരും എസ് പി യുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ വി.സി ബിനീഷ് , സുനില്‍കുമാര്‍ സി.എം, സിപിഒ ടി.കെ ശോഭിത്ത്,ഡിവൈഎസഎപി യുടെ സ്‌ക്വാഡ് അംഗങ്ങളായ എസ് സിപിഒ കെ.കെ ജയേഷ്, സിഞ്ജു ദാസ് സി, ലിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/354867/massive-theft-under-the-guise-of-aggressive-trading-suspects-arrested-by-police)