---
title: "വന്യമൃഗ പ്രതിരോധം; സര്‍വക്ഷി യോഗം ചേര്‍ന്നു"
english_title: "Wild animal protection; All-party meeting held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/356756/wild-animal-protection-all-party-meeting-held"
published_at: "2026-05-02T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f586adbe98b_gtyrr.JPG"
keywords: []
---

# വന്യമൃഗ പ്രതിരോധം; സര്‍വക്ഷി യോഗം ചേര്‍ന്നു

> **Lead Summary:** **ചക്കിട്ടപാറ:** ജനങ്ങള്‍ക്ക് ആശങ്കയും സംശയവും ഉണ്ടാകാത്ത തരത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ തൂക്കു വേലി നിര്‍മ്മാണം നടത്തുമെന്ന് കോഴിക്കോട് ഡിഎഫ്ഒ എം. ജോഷില്‍ വ്യക്തമാക്കി. കൃഷി ഭൂമിയുടേയും വനത്തിന്റേയും അതിര്‍ത്തിയില്‍ തൂക്കു വേലി സ്ഥാപിക്കുന്നതില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ വെച്ച് സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍, വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

## Article Content

**ചക്കിട്ടപാറ:** ജനങ്ങള്‍ക്ക് ആശങ്കയും സംശയവും ഉണ്ടാകാത്ത തരത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ തൂക്കു വേലി നിര്‍മ്മാണം നടത്തുമെന്ന് കോഴിക്കോട് ഡിഎഫ്ഒ എം. ജോഷില്‍ വ്യക്തമാക്കി. കൃഷി ഭൂമിയുടേയും വനത്തിന്റേയും അതിര്‍ത്തിയില്‍ തൂക്കു വേലി സ്ഥാപിക്കുന്നതില്‍ ഉയര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ചക്കിട്ടപാറ പഞ്ചായത്ത് ഹാളില്‍ വെച്ച് സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍, വനം, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

കൃഷിക്കാരുടെ ഭൂ അതിര്‍ത്തിയില്‍ തൂക്കു വേലി നിര്‍മ്മിക്കുന്ന ഭാഗം വനാതിര്‍ത്തിയായി ഭാവിയില്‍ നിര്‍ണയിക്കപ്പെടുമോയെന്ന ആശങ്കയാണ് ചര്‍ച്ചയില്‍ പ്രധാനമായി ഉയര്‍ന്നത്. ഇതിന് അടിസ്ഥാനമില്ലെന്നും കര്‍ഷകര്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കലാണ് തൂക്കു വേലി നിര്‍മ്മാണമെന്നും ഇത് കൃത്യവും വ്യക്തവുമായ രീതിയില്‍ മിനുറ്റ്‌സില്‍ രേഖപ്പെടുത്തുമെന്നും ഡിഎഫ്ഒ പറഞ്ഞു. തൂക്കു വേലി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെമ്പനോടയില്‍ ഉയര്‍ന്നിട്ടുള്ള പ്രശ്‌നങ്ങള്‍ വനം, പഞ്ചായത്ത്, റവന്യൂ അധികൃതര്‍ ഭൂ കൈവശക്കാരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനും യോഗത്തില്‍ ധാരണയായി. തൂക്കു വേലി നിര്‍മ്മാണം വേഗത്തിലാക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കും.

ലക്ഷ്യമിട്ടതില്‍ പകുതിയോളം ഭാഗം പൂര്‍ത്തിയായി. ഇത് പ്രവര്‍ത്തനക്ഷമമാക്കി ശേഷിക്കുന്ന പ്രവര്‍ത്തിയും ഉടന്‍ ആരംഭിക്കും. വന്യമൃഗങ്ങള്‍ കാരണം നശിച്ച കൃഷിക്കുള്ള നഷ്ടപരിഹാര അപേക്ഷ കളില്‍ മേല്‍ ഫണ്ട് ഉടനെ നല്‍കാന്‍ നടപടി സ്വീകരിക്കും. കുരങ്ങുകളടക്കമുള്ള വന്യമൃഗങ്ങള്‍ കൃഷി ഭൂമിയിലേക്ക് എത്താതിരിക്കാന്‍ വനാതിര്‍ത്തിയിലെ മരക്കൊമ്പുകള്‍ വനം വകുപ്പിന്റെ അനുവാദത്തോടെ പഞ്ചായത്തും പൊതുജനങ്ങളും ചേര്‍ന്ന് സഹകരിച്ച് നീക്കം ചെയ്യും. തെരഞ്ഞെടുപ്പ് ചട്ട നിയന്ത്രണത്തില്‍ മാറ്റം വരുന്നതോടെ മുതുകാട് - പയ്യാനിക്കോട്ട ഭാഗത്തെ തൂക്കു വേലി നിര്‍മ്മാണ ടെന്‍ഡര്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, പി.സി. സുരാജന്‍, കെ.എ. ജോസ് കുട്ടി, ബിന്ദു വത്സന്‍, രാജീവ് തോമസ്, ബേബി കാപ്പുകാട്ടില്‍, ജിന്‍സി മനോജ്, എ.ജി. രാജന്‍, പി.എം. ജോസഫ്, ബാബു കൂനന്തടം, റെജി കോച്ചേരി, എ.ജി. ഭാസ്‌കരന്‍, കര്‍ഷക പ്രതിനിധികളായ മാത്യു പേഴ്ത്തിങ്കല്‍, മനോജ് കുംബ്ലാനി, കെ.ഡി. മത്തായി, ടോമി മണ്ണൂര്‍, വി.വി. ഷാജു, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എ.സി. സുധീന്ദ്രന്‍, ഡപ്യൂട്ടി റേഞ്ചര്‍ എസ്.എന്‍. രാജേഷ് എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/356756/wild-animal-protection-all-party-meeting-held)