---
title: "ഇന്ന് പേരാമ്പ്രയിലെത്തിയാല്‍ കുരുക്കില്‍ കുടുങ്ങും"
english_title: "If you reach Perambra today, you will be in traffic block"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35696/if-you-reach-perambra-today-you-will-be-in-traffic-block"
published_at: "2022-04-04T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a7f1acbbe1_TRAFFIC1.jpg"
keywords: []
---

# ഇന്ന് പേരാമ്പ്രയിലെത്തിയാല്‍ കുരുക്കില്‍ കുടുങ്ങും

> **Lead Summary:** **പേരാമ്പ്ര :** ഇന്ന് പേരാമ്പ്ര പട്ടണം അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കും.

## Article Content

**പേരാമ്പ്ര :** ഇന്ന് പേരാമ്പ്ര പട്ടണം അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കും.

മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് ക്ഷേത്രത്തില്‍ വലിയ വിളക്ക് ഉത്സവം നടക്കുന്നതും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പാതാക ജാഥയും പേരാമ്പ്ര പട്ടണത്തെ ഗതാഗതക്കുരുക്കിലേക്ക് തള്ളിവിടും.

കൊല്ലം പിഷാരികാവില്‍ വലിയ വിളക്ക് നടക്കുന്നതിനാല്‍ ദേശീയ പാതയില്‍ കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍ ദീര്‍ഘദൂര വാഹനങ്ങള്‍ ഉള്ള്യേരി പേരാമ്പ്ര വഴി തിരിച്ചു വിടും. ദീര്‍ഘ ദൂര ബസുകളും വലിയ ലോറികളും മറ്റ് വാഹനങ്ങളും പേരാമ്പ്ര പട്ടണത്തില്‍ എത്തുന്നതോടെ നിത്യേന ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പട്ടണം രൂക്ഷമായ ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കും.

കണ്ണൂരില്‍ നടക്കുന്ന 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ജാഥ പേരാമ്പ്രയില്‍ എത്തുന്നതും ഇന്ന് വൈകിട്ട് അഞ്ചിന്.

എം. സ്വരാജ് നയിക്കുന്ന പതാക ജാഥക്ക് ഉജ്ജ്വല സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പേരാമ്പ്രയിലെ പാര്‍ട്ടി നേതൃത്വം. മുളിയങ്ങലില്‍ നിന്ന് ജാഥയെ സ്വീകരിച്ചാനയിക്കാനാണ് തീരുമാനം.

സ്വീകരണ പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകി എത്തും. ഇതും പട്ടണത്തിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കും.

പട്ടണത്തിലെ പ്രധാന റോഡിലൂടെ തന്നെ ഈ വാഹനങ്ങള്‍ കടന്ന് പോവണം. നടുവണ്ണൂര്‍ കാവുന്തറ ഇരിങ്ങത്ത് റോഡും, മുളിയങ്ങല്‍ വാല്യക്കോട് കനാല്‍ റോഡും വഴി വാഹനങ്ങള്‍ തിരിച്ച് വിടാന്‍ കഴിയുമെന്നത് പൊലീസിന് അല്പം ആശ്വാസത്തിന് വക നല്‍കുന്നു.

ജനങ്ങള്‍ അത്യാവശ്യമല്ലാത്ത പേരാമ്പ്രയാത്ര ഇന്ന് വൈകിട്ട് ഒഴിവാക്കുന്നതാവും ഉചിതം.r

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35696/if-you-reach-perambra-today-you-will-be-in-traffic-block)