---
title: "ഇടത് കോട്ട തകര്‍ത്ത് മുസ്ലിം ലീഗിന്റെ ആദ്യത്തെ വനിത എംഎല്‍എയായി ഫാത്തിമ തഹിലിയ "
english_title: "Fatima Tahilia becomes Muslim League's first woman MLA, breaking the leftist stronghold"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357454/fatima-tahilia-becomes-muslim-leagues-first-woman-mla-breaking-the-leftist-stronghold"
published_at: "2026-05-05T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f9afe7a8c36_fre.JPG"
keywords: []
---

# ഇടത് കോട്ട തകര്‍ത്ത് മുസ്ലിം ലീഗിന്റെ ആദ്യത്തെ വനിത എംഎല്‍എയായി ഫാത്തിമ തഹിലിയ 

> **Lead Summary:** **പേരാമ്പ്ര: **കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് വന്‍ വിജയം കരസ്ഥമാക്കിയ ഫാത്തിമ തഹിലിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ആദ്യത്തെ വനിത എംഎല്‍എയായി കേരള നിയമസഭയിലേക്ക് കടന്ന് ചെല്ലുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹിലിയ പരാജയപ്പെടുത്തിയത്. ടി.പി. രാമകൃഷ്ണന്‍ 76,342 വോട്ടുകള്‍ നേടിയപ്പോള്‍ തെരഞ്ഞെടുപ്പിലെ താരമായി മാറിയ ഫാത്തിമ തഹിലിയ 81,429 വോട്ടുകളാണ് നേടിയത്.

## Article Content

**പേരാമ്പ്ര: **കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കോട്ട തകര്‍ത്ത് വന്‍ വിജയം കരസ്ഥമാക്കിയ ഫാത്തിമ തഹിലിയ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ആദ്യത്തെ വനിത എംഎല്‍എയായി കേരള നിയമസഭയിലേക്ക് കടന്ന് ചെല്ലുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ പേരാമ്പ്ര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണനെ 5,087 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹിലിയ പരാജയപ്പെടുത്തിയത്. ടി.പി. രാമകൃഷ്ണന്‍ 76,342 വോട്ടുകള്‍ നേടിയപ്പോള്‍ തെരഞ്ഞെടുപ്പിലെ താരമായി മാറിയ ഫാത്തിമ തഹിലിയ 81,429 വോട്ടുകളാണ് നേടിയത്.

സ്ത്രീകള്‍ക്ക് മത്സരരംഗത്ത് അവസരം നല്‍കുന്നില്ലെന്നും, കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നില്ലെന്നും മുസ്ലിം ലീഗ് വളരെക്കാലമായി വിമര്‍ശനം നേരിടുന്നുണ്ടെങ്കിലും, തഹിലിയയുടെ സ്ഥാനാര്‍ത്ഥത്വം വിജയം ഈ വിമര്‍ശനത്തിന് തടയിട്ടു. പേരാ്രമ്പയുടെ തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക്് ഫാത്തിമ കടന്ന് വന്നതോടെ ഇത്തരം ധാരണക്ക് വ്യക്തമായ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ ഹരിത നേതാവും അഭിഭാഷകയുമായ തഹിലിയ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം ലീഗില്‍ നിന്നും മത്സരിപ്പിക്കുന്ന ആദ്യ വനിതയല്ല. നേരത്തെ, വനിതാ ലീഗ് നേതാക്കളായ കമറുന്നീസ അന്‍വറും നൂര്‍ബിന റഷീദും 1996 ലും 2021 ലും കോഴിക്കോട് നിന്ന് മത്സരിച്ചിരുന്നു, പക്ഷേ ഇരുവര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കുള്ള 50% സംവരണം അവരുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുകയും ഉള്‍പ്പെടുത്തല്‍ ഒഴിവാക്കാനാവാത്തതാക്കുകയും ചെയ്തു. താരതമ്യേന ലിബറല്‍ വീക്ഷണത്തിന് പേരുകേട്ട സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കീഴില്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഈ തിരഞ്ഞെടുപ്പില്‍ ആദ്യമായി രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. തഹിലിയക്ക് പുറമേ കൂത്തുപറമ്പില്‍ കടുത്ത മത്സരം കാഴ്ച വെച്ച് ചെറിയ വോട്ടുകള്‍ക്ക് പരാജയം സമ്മതിക്കേണ്ടി വന്ന ജയന്തി രാജനെയും ലീഗ് ഇത്തവണ മത്സര രംഗത്ത് ഇറക്കിയതോടെ സ്ത്രീകളെ പരിഗണിക്കുന്നില്ല, ശകതമായ മണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്നില്ല എന്ന ആരോപണത്തിന് മറുപടിയായി.

തഹിലിയയുടെ ഊര്‍ജ്ജസ്വലമായ പ്രചാരണവും വോട്ടര്‍മാരെ സമീപിക്കാവുന്ന പ്രതിച്ഛായയുമാണ് രാമകൃഷ്ണനെപ്പോലുള്ള സിപിഐ(എം) നേതാവിനെ പരാജയപ്പെടുത്താന്‍ അവരെ സഹായിച്ചത്. തെരഞ്ഞെടുപ്പിന് തഹലിയയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ മണ്ഡലം സംസ്ഥാന ദേശീയ ശ്രദ്ധ നേടി. ഇടതു മുന്നണി കണ്‍വീനറെ നേരിടാന്‍ ലീഗ് യൂത്ത് ലീഗിന്റെ തീപ്പൊരി നേതാവിനെ രംഗത്ത് ഇറക്കി എന്നായിരുന്നു വാര്‍ത്തകള്‍. പ്രചരണ രംഗത്ത് ഏറെ മുന്നേറ്റം നടത്തിയ ടിപിയോട് ഒപ്പമെത്താന്‍ തഹിലിയക്ക് അധികം ദിവസങ്ങള്‍ വേണ്ടി വന്നില്ല. രാപ്പകലില്ലാതെ ഓടി നടന്ന് എല്ലാ വിഭാഗം ജനങ്ങളെയും വശത്താക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. തഹിലിയയുടെ വിജയം ടിപിയുടെ വിജയം കാത്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരില്‍ മാത്രമല്ല രാഷ്ട്രീയ കേരളത്തെ തന്നെ ഞെട്ടിച്ചു.

വിജയിച്ച ശേഷം പേരാരമ്പയില്‍ എത്തിയ അഡ്വ. ഫാത്തിമ തഹിലിയക്ക് ഉജ്ജ്വല സ്വീകരണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. ഫാത്തിമ തഹിലിയയെ കാണാന്‍ പ്രായം ചെന്നവരും സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി രാത്രി വൈകിയും അഭിവാദ്യമര്‍പ്പിക്കാന്‍ തടിച്ച് കൂടിയിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357454/fatima-tahilia-becomes-muslim-leagues-first-woman-mla-breaking-the-leftist-stronghold)