---
title: "റിഫ ഫാത്തിമയും സി. രമ്യയും പ്രസ് ക്ലബ്ബ് ദിയ ഗോള്‍ഡ് പ്രവചന മത്സര വിജയികള്‍"
english_title: "Riffa Fatima and C. Ramya are the winners of the Press Club Diya Gold Prediction Contest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/357946/riffa-fatima-and-c-ramya-are-the-winners-of-the-press-club-diya-gold-prediction-contest"
published_at: "2026-05-07T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fc5c4b659b1_gtr.JPG"
keywords: []
---

# റിഫ ഫാത്തിമയും സി. രമ്യയും പ്രസ് ക്ലബ്ബ് ദിയ ഗോള്‍ഡ് പ്രവചന മത്സര വിജയികള്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ റിഫ ഫാത്തിമയും സി. രമ്യയും വിജയികളായി. ശക്തമായ മത്സരം നടന്ന പേരാമ്പ്ര, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ ഫലമാണ് പ്രവചന മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളിലെയും വിജയികളെയും അവരുടെ ഭൂരിപക്ഷവും പ്രവചിക്കുന്നവര്‍ക്ക് 10,000 രൂപയും ഉപഹാരവുമാണ് സമ്മാനമായി പ്രഖ്യാപിച്ചത്.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര പ്രസ് ക്ലബ്ബ് പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ദിയ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തില്‍ റിഫ ഫാത്തിമയും സി. രമ്യയും വിജയികളായി. ശക്തമായ മത്സരം നടന്ന പേരാമ്പ്ര, കുറ്റ്യാടി നിയോജക മണ്ഡലങ്ങളിലെ ഫലമാണ് പ്രവചന മത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ട് മണ്ഡലങ്ങളിലെയും വിജയികളെയും അവരുടെ ഭൂരിപക്ഷവും പ്രവചിക്കുന്നവര്‍ക്ക് 10,000 രൂപയും ഉപഹാരവുമാണ് സമ്മാനമായി പ്രഖ്യാപിച്ചത്.

രണ്ട് മണ്ഡലങ്ങളിലെയും ഫലം ഒരാള്‍ തന്നെ പ്രവചിച്ചില്ലെങ്കില്‍ ഓരോ മണ്ഡലങ്ങളില്‍ നിന്നും കുത്യമായി പ്രവചനം നടത്തുന്ന ഒരാള്‍ക്ക് വീതം 5000 രൂപയും ഉപഹാരവും നല്‍കാനാണ് സംഘാടകര്‍ തീരുമാനിച്ചത്. ഭൂരിപക്ഷം കൃത്യമായില്ലെങ്കില്‍ വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷത്തിന്റെ ഏറ്റവും അടുത്ത സംഖ്യ പ്രവചിക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നായിരുന്നു നിബന്ധനയില്‍ അറിയിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നുമായി 1480 പേര്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ ആരും തന്നെ കൃത്യമായ ഭൂരിപക്ഷം പ്രവചിച്ചിട്ടില്ല.

പേരാമ്പ്ര മണ്ഡലത്തിലെ വിജയിയായ റിഫ ഫാത്തിമ പ്രവചിച്ചത് ഫാത്തിമ തഹിലിയ 5100 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ്. ഇവിടെ ഫാത്തിമ തഹിലിയ വിജയിച്ചത് 5087 വോട്ടുകള്‍ക്കാണ്. റിഫ ഫാത്തിമ പ്രവചിച്ചതിനെക്കാള്‍ 13 വോട്ടുകളുടെ മാത്രം വ്യത്യാസം. 5087 ന് അടുത്ത് പ്രവചിച്ചവര്‍ ഏറെയുണ്ട് അതില്‍ ഏറ്റവും അടുത്തുള്ള സംഖ്യ പ്രവചിച്ച് സമ്മാനത്തിന് അര്‍ഹയായത് ചെറുവണ്ണൂര്‍ ഓട്ടുവയല്‍ സ്വദേശിനി ചെട്യാംകണ്ടി റിഫ ഫാത്തിമയാണ്. എസ്എസ്എല്‍സി പരീക്ഷയുടെ റിസല്‍ട്ട് കാത്തിരിക്കുന്ന അനുജത്തി റിയയുടെ കൂടി അഭിപ്രായത്തിലാണ് ഈ സംഖ്യ പ്രവചിച്ചതെന്ന് റിഫ പറഞ്ഞു. മടപ്പള്ളി ഗവ. കോളെജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ റിഫയുടെ പിതാവ് അഷറഫ് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ്.

കുറ്റ്യാടി മണ്ഡലത്തിലെ ഫല പ്രവചനം നടത്തി വിജയിയായിട്ടുള്ളത് പേരാമ്പ്ര മരുതേരി സ്വദേശിനി സി. രമ്യയാണ്. നിലവിലെ എംഎല്‍എയായ കെ.പി. കുഞ്ഞമ്മദ് കുട്ടിയും മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ളയും തമ്മില്‍ ഏറ്റവും കടുത്ത മത്സരം നടന്ന ഇവിടെ ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമാണ് ഉണ്ടാവുക എന്നായിരുന്നു പൊതുവേ ഉള്ള അഭിപ്രായം. എന്നാല്‍ പാറക്കല്‍ അബ്ദുള്ള പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് വിജയിച്ചത്. ഇവിടെ പ്രവചന മത്സരത്തില്‍ പാറക്കല്‍ അബ്ദുള്ളയുടെ പേര് പലരും പ്രവചിച്ചെങ്കിലും പതിനായിരത്തിന് മുകളില്‍ പ്രവചിച്ചവര്‍ വളരെ ചുരുക്കമായിരുന്നു. എന്നാല്‍ രമ്യ യഥാര്‍ത്ഥ ഭൂരിപക്ഷത്തിന് 257 വോട്ടുകളുടെ മാത്രം വ്യത്യാസത്തിലാണ് പ്രവചനം നടത്തിയിട്ടുള്ളത്. പാറക്കല്‍ അബ്ദുള്ള വിജയിച്ചത് 10, 922 വോട്ടുകള്‍ക്കാണ്. രമ്യ പ്രവചിച്ചത് 10, 665 വോട്ടുകളാണ്. രാഷ്ട്രീയത്തില്‍ അത്രയൊന്നും ആഴത്തില്‍ ശ്രദ്ധ കൊടുത്താത്ത രമ്യ, കഴിഞ്ഞ തവണ പാറക്കല്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഊഹം വെച്ച് നടത്തിയ പ്രവചനമാണ് ഇത്. മരുതേരി പനയുള്ള പറമ്പില്‍ ഹരിദാസിന്റെ ഭാര്യയായ രമ്യ കുറ്റ്യാടി എയുപി സ്‌ക്കൂള്‍ അധ്യാപികയാണ്. വിജയികളായ ഇവര്‍ക്കുള്ള സമ്മാനതുകയും ഉപഹാരവും പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അതാത് എംഎല്‍എമാര്‍ കൈമാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/357946/riffa-fatima-and-c-ramya-are-the-winners-of-the-press-club-diya-gold-prediction-contest)