ചെറുവണ്ണൂരില്‍ മഞ്ഞള്‍ പൂവിട്ടത് കൗതുകമായി

ചെറുവണ്ണൂരില്‍ മഞ്ഞള്‍ പൂവിട്ടത് കൗതുകമായി
Oct 5, 2021 12:29 PM | By Perambra Editor

പേരാമ്പ്ര : ചെറുവണ്ണൂരില്‍ യുവ കര്‍ഷകയുടെ കൃഷിയിടത്തില്‍ മഞ്ഞള്‍ പൂവിട്ടത് കൗതുകമായി. ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് സമീപം തയ്യുള്ളതില്‍ പുഷ്പയുടെ കൃഷിയിടത്തിയാണ് മഞ്ഞള്‍ കൂട്ടേത്താടെ പൂത്തിരിക്കുന്നത്.

പുഷ്പ പൂക്കള്‍ കണ്ടെങ്കിലും അതില്‍ അത്ഭുതമൊന്നും തോന്നിയില്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞപ്പോഴാണ് ഇത് അപൂര്‍വ്വ സംഭവമാണെന്ന് അറിയുന്നത്. തന്റെ വീടിന് സമീപത്ത് തെങ്ങുള്ളതില്‍ ഹരിദാസന്‍ എന്നയാളുടെ സ്ഥലത്താണ് ഇവര്‍ മഞ്ഞള്‍, ഇഞ്ചി, കപ്പ, പയര്‍ തുടങ്ങിയവ കൃഷി ചെയ്യുന്നത്.

കഴിഞ്ഞ പതിനെട്ട് വര്‍ഷമായി മഞ്ഞള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് പൂവ് കാണുന്നതെന്ന് പുഷ്പ പറഞ്ഞു. പതിനെട്ട് വര്‍ഷം മുമ്പ് വയനാട്ടില്‍ നിന്നും കൊണ്ടു വന്ന മഞ്ഞള്‍ വിത്തിന്റെ തലമുറയാണ് ഇപ്പോള്‍ പൂവിട്ടിരിക്കുന്നത്. ഇവയുടെ വിത്തിന് നല്ല നിറവും ഉണ്ട്.

മഞ്ഞള്‍ പൂവിട്ടത് കണ്ടത് അപൂര്‍വ്വം പേര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ വിവരമറിഞ്ഞ് പൂവ് കാണാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്. കഴിഞ്ഞ അറുപത് വര്‍ഷക്കാലമായി കാര്‍ഷിക രംഗത്തുള്ള ചെറുവണ്ണൂര്‍ സ്വശേി കെ.എം. കുഞ്ഞിരാമന്‍ പറയുന്നത് തന്റെ കാര്‍ഷിക ജീവിതത്തില്‍ ആദ്യമായാണ് മഞ്ഞള്‍ചെടി പൂവിട്ട് കണുന്നതെന്ന്.

ഇഞ്ചിയുടെ വര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടിയാണു മഞ്ഞള്‍. ഇന്ത്യ, ചൈന, ഈസ്റ്റ് ഇന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞള്‍ കൃഷിയുള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോള്‍ മഞ്ഞള്‍ ചെടി പിഴുത് മഞ്ഞള്‍ വിളവെടുക്കുന്നു.

വിളവെടുപ്പിന് പാകമാവുമ്പോഴേക്കും ഇലയും തട്ടും ഉണങ്ങിതിരിക്കും. ഇതിനിടയില്‍ മഞ്ഞള്‍ പൂത്തതായി കണ്ടില്ലെന്ന് പ്രായമായവര്‍ പോലും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ മഞ്ഞള്‍ ചെടി പൂവിടാറുണ്ടെന്നും അത് അപൂര്‍വ്വമാണെന്നും കൃഷി വിദഗ്ദര്‍ പറഞ്ഞു.

In Cheruvannur, it was interesting to see the turmeric blossoming on the farm of a young farmer Pushpa

Next TV

Related Stories
Top Stories