---
title: "പരിമിതികളെ മറി കടന്ന് എന്‍എംഎംഎസ് കരസ്ഥമാക്കി ഷഫ്ന "
english_title: "Shafna overcomes limitations and achieves NMMS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358405/shafna-overcomes-limitations-and-achieves-nmms"
published_at: "2026-05-09T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff29acadbd2_jjjjjjjjjiiiiiiiiiiiii.JPG"
keywords: []
---

# പരിമിതികളെ മറി കടന്ന് എന്‍എംഎംഎസ് കരസ്ഥമാക്കി ഷഫ്ന 

> **Lead Summary:** **പേരാമ്പ്ര: **പരിമിതികളെ മറി കടന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഫ്ന എന്‍എംഎംഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി.സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ദേശീയ പ്രവര്‍ത്തനമായ എന്‍എംഎംഎസ് പ്രത്യേകിച്ചും കേരള സര്‍ക്കാരിലോ പിന്തുണയുള്ള സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ടാം ക്ലാസ് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്.

## Article Content

**പേരാമ്പ്ര: **പരിമിതികളെ മറി കടന്ന് കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഫ്ന എന്‍എംഎംഎസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി.സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ദേശീയ പ്രവര്‍ത്തനമായ എന്‍എംഎംഎസ് പ്രത്യേകിച്ചും കേരള സര്‍ക്കാരിലോ പിന്തുണയുള്ള സ്ഥാപനങ്ങളിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ടാം ക്ലാസ് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ്.

ആരോഗ്യപരമായ ഒരു ബുദ്ധിമുട്ടും ഒരു വയസ്സ് വരെ ഷഫ്‌നയില്‍ പ്രകടമായിരുന്നില്ല. നടക്കേണ്ട പ്രായമായപ്പോള്‍ കാലിനുള്ള ബലക്കുറവ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. അവസാനം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടന്ന ഒരു ജനിതക ടെസ്റ്റിലൂടെയാണ് സ്‌പൈനല്‍ മസ്‌കുലര്‍ അഡ്രോഫി എന്ന അപൂര്‍വ രോഗമാണ് ബാധിച്ചത് എന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞത്. പിന്നീട് ഡോക്ടര്‍മാരുടെ വിധിയെഴുത്ത് രക്ഷിതാക്കളെ വല്ലാതെ വേദനിപ്പിച്ചു. ഈ രോഗത്തിന് യാതൊരു മരുന്നുകളും ഇല്ല എന്നും ഇനി മുന്നോട്ടുള്ള ജീവിതത്തില്‍ അവളുടെ എല്ലുകള്‍ വളഞ്ഞു പോകാനും ശരീരം നിലവിലുള്ള അവസ്ഥയില്‍ നിന്ന് പുറകോട്ട് പോകാനും സാധ്യതയുണ്ടെന്ന് എല്ലാ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഷഫ്‌നക്ക് വിധിയെഴുതി. ഫിസിയോതെറാപ്പി മാത്രമാണ് ഇനി ഏകമാര്‍ഗ്ഗം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പിന്നീട് പല ഹോസ്പിറ്റലുകളില്‍ ആയിട്ട് ഫിസിയോതെറാപ്പികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.

എഎഫ്ഒ പോലെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോയി. കളിച്ചു നടക്കേണ്ട ബാല്യം മുഴുവന്‍ അവള്‍ ആശുപത്രികളില്‍ ചിലവഴിക്കേണ്ടി വന്നു. ചികിത്സയില്‍ പ്രകടമായ മാറ്റങ്ങളൊന്നും കാണാത്തതിനെ തുടര്‍ന്ന് അവളെ വീട്ടിലേക്ക് തന്നെ മടക്കി . എല്ലുകള്‍ വളയുന്നത് അവളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി. ചികിത്സയോടൊപ്പം അവളുടെ വിദ്യാഭ്യാസം അവള്‍ മുടക്കിയില്ല. ആത്മ വിശ്വാസത്തോടെ തന്നെ മൂന്നോട്ട് സഞ്ചരിക്കാല്‍ അവള്‍ തീരുമാനിച്ചു. അവിടെയും വിധി ഷഫ്‌നയ്ക്ക് എതിരായിരുന്നു. സ്പീച്ച് തെറാപ്പിയിലൂടെ നാവിനുള്ള ബുദ്ധിമുട്ടുകള്‍ മാറിയെങ്കിലും എല്ലുകളുടെ വളവ് അവളെ വല്ലാതെ വേദനിപ്പിച്ചു. ശ്വാസതടസവും വേദനയും അനുഭവിച്ചു കൊണ്ടിരിക്കുമ്പോയും പ്രതീക്ഷ ഉണ്ടായിരുന്നത് ആശുപത്രികളിലായിരുന്നു. പക്ഷെ അവിടെയും വിധി തോല്‍പ്പിച്ചു. സര്‍ജറി ഒരു പരിഹാരമാണെങ്കിലും ഷഫ്നയില്‍ അത് പ്രാവര്‍ത്തികമല്ലായിരുന്നു. സര്‍ജറിക്ക് ശേഷം അവള്‍ സ്വബോധാവസ്ഥയിലേക്ക് തിരിച്ചു വരില്ല എന്നതായിരുന്നു ഡോക്‌ടേഴ്സിന്റെ നിര്‍ദ്ദേശം. അവിടെയും തളരാന്‍ അവള്‍ തയ്യാറായില്ല. പിന്നീടങ്ങോട്ട് സ്‌കൂള്‍ ജീവിതം അവള്‍ വീട്ടിലേക്ക് ഒതുക്കി. എല്ലുകളുടെ വേദന അവളെ സൂ്‌ളില്‍ അധിക സമയം ചിലവഴിക്കാന്‍ അനുവദിച്ചില്ല. എങ്കിലും ബിആര്‍സി യുടെ സഹായത്തോടെ ലഭിച്ച വെര്‍ച്വല്‍ ക്ലാസ്സ്റൂമിലൂടെ ആണ് അവള്‍ വിദ്യാദ്യാസം തുടര്‍ന്നത്.

ബര്‍ച് യില്‍ നടന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ ലഭിച്ച ഓര്‍ത്തോ ഉപകരണങള്‍ ഏറെ ഉപകാരപ്പെട്ടു. ഷഫ്‌നയുടെ വീട് അത് ഷഫ്‌നയ്ക്ക് അനുയോജ്യമായ വിധത്തിലായിരുന്നു നിര്‍മിച്ചത്. അവളുടെ വീല്‍ചെയര്‍ കൊണ്ടുവരാന്‍ റാമ്പ് സൗകര്യം അവര്‍ അവള്‍ക്കായി ഒരുക്കി. പക്ഷെ അവിടെയും ഒരു ബുദ്ധിമുട്ട് അവള്‍ നേരിട്ടു. അവളുടെ വീട്ടിലേക്കുള്ള വഴി വളരെ ചെളി നിറഞ്ഞതും യാത്രയ്ക്ക് യോജിക്കാത്ത വിധത്തിലുള്ളതും ആയിരുന്നു. അതിനുള്ള പരിഹാരം ഷഫ്‌ന തന്നെ കണ്ടെത്തി. അവള്‍ തന്നെ എംഎല്‍എ ടി.പി രാമകൃഷ്ണന് അപേക്ഷ അയച്ചു. അദ്ദേഹം അവളെ കൈവിട്ടില്ല. അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രകാരം റോഡുകള്‍ സഞ്ചാരയോഗ്യമാക്കി. എല്ലാം ഷഫ്നക്ക് കൂട്ടായി നിന്നെങ്കിലും അവളുടെ അപൂര്‍വ്വ രോഗം അവര്‍ ക്കെതിരായിരുന്നു.

മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിളെല്ലാം അവള്‍ ചികിത്സ തേടിയെങ്കിലും അതിലൊന്നും മാറ്റ ങ്ങള്‍ ഇല്ലായിരുന്നു. സാമ്പത്തികമായ് വളരെ ബുദ്ധി മുട്ടുകള്‍ അനുദവിച്ചെങ്കിലും രക്ഷിതാക്കള്‍ അവള്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും എത്തിച്ചു കൊടുത്തു. നിലവിലുള്ളതു ചികിത്സയിലൊന്നും മാറ്റങ്ങള്‍ കണ്ടിരുന്നില്ല. അവളുടെ വേദനകള്‍ അസഹനീയമായിരുന്നു. അവസാനം തിരുവനന്ത പുരത്തെ എസ്എടി ഫോസ്പിറ്റലിലെ എച്ച്ഒഡി അശോക് സാറിന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ജറി നിര്‍ദ്ദേശിച്ചിരിക്കുന്നു. അവളുടെ മനോധൈര്യം ഒരിക്കലും അവള്‍ കൈവിട്ടിരുന്നില്ല. ഡോ. അശോകിന്റെയും മറ്റ് ഡോക്ടര്‍മാരുടെയും മേല്‍നോട്ടത്തില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജില്‍ വെച്ച് അവളുടെ ശസ്ത്രക്രിയ കഴിഞ്ഞു. ഒരിക്കലും പ്രാവര്‍ത്തികമാവില്ല എന്ന് വിധിയെഴുതിയ സര്‍ജറി കഴിഞ്ഞപ്പോള്‍ ഷഫ്നയുടെ വേദനകള്‍ക്ക് ചെറയൊരു ആശ്വാസം ലഭിച്ചു. ശ്വാസ തടസത്തിനും നേരിയ തോതില്‍ ആശ്വാസം നല്‍കി. രക്ഷിതാക്കള്‍ക്കും ധൈര്യം പകര്‍ന്നത് ഡോക്ടറുടെ വാക്കുകളായിരുന്നു. അവള്‍ അവരില്‍ അര്‍പ്പിച്ച വിശ്വാസം അവരെ കൈവിട്ടില്ല. നീണ്ട കാലത്തെ വിശ്രമം ഷഫ്നയ്ക്ക് ആവശ്യമായിരുന്നു. അപ്പോഴും അവള്‍ വിദ്യാഭ്യാസം കൈവിട്ടിരുന്നില്ല വീട്ടില്‍ വച്ച് തന്നെ അവള്‍ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോയി. ഒരു ഇടവേളക്ക് ശേഷം സ്‌കൂളിലേക്ക് പോവാന്‍ ഷഫ്‌ന ഒരങ്ങി. മഴക്കാലം അവളെ വീണ്ടും ബുദ്ധിമുട്ടിലാക്കി. നിര്‍മിച്ചു നല്‍കിയ റോഡ് വീണ്ടും ചളികള്‍ നിറഞ്ഞതായി അത് പുറത്തേക്കുള്ള അവളുടെയാത്രയ്ക്ക് തടസ്സമായി. രക്ഷിതാക്കള്‍ അവള്‍ക്ക് എല്ലാ അവസ്ഥയിലും പൂര്‍ണ്ണ പിന്തുണ നല്‍കി. ചളികള്‍ നിറഞ്ഞ വഴിയിലൂടെ ഏറ്റവും സുരക്ഷിതമായ കൈകളിലൂടെ അവള്‍ യാത്ര തുടര്‍ന്നു

റിസ്ഡിപ്ലാം പൗഡര്‍ എന്ന മരുന്ന് അവള്‍ക്ക് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നുണ്ട്. വിദ്യഭ്യാസം ഒന്നു മുതല്‍ നാലു വരെ പേരാമ്പ്ര ഈസ്റ്റ് എ എം എല്‍ പി സ്‌കൂളിലും. തുടര്‍ന്ന് ഏഴാം ക്ലാസ് വരെ പേരാമ്പ്ര വെസ്റ്റ് യുപി സ്‌കൂളിലും പഠിച്ച അവള്‍. ഇപ്പോള്‍ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ചെറിയ കാലം മുതല്‍ തന്നെ കലാസാഹിത്യ മേഖലകളില്‍ കഴിവ് തെളിയിച്ച ഷഫ്‌ന നിരവധി അവസരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. വളരെ ചെറിയ പ്രായം മുതലേ ബിആര്‍സിയുടെ എല്ലാ പരിപാടിയിലും ഷഫന നിറ സാനിധ്യമായിരുന്നു. യുപി സ്‌കൂളില്‍ പഠിക്കുമ്പോള്‍. മാപ്പിളപ്പാട്ട് മത്സരത്തില്‍ സ്‌കൂള്‍തലത്തിലും സബ്ജില്ലാതലത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്. വിദ്യാരംഗം നടത്തിയ വായന സദസ്സ് എന്ന പരിപാടിയില്‍ പഞ്ചായത്ത് തലത്തില്‍ ഒന്നാം സ്ഥാനവും ബ്ലോക്ക് തലത്തില്‍ മൂന്നാം സ്ഥാനവും നേടി. മറ്റ് സ്‌കൂളുകളില്‍ നടത്തുന്ന ശില്‍പ്പശാലകളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ അവള്‍ക്ക് കഴിഞ്ഞു..

കുട്ടിക്കാലം മുതല്‍ ചെറുകഥകള്‍ എഴുതുകയും ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്യുന്നതില്‍ ഏറെ താല്പര്യമുള്ള ഷഫ്ന എന്റെ എഴുത്തുകള്‍ എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയും അതിന്റെ അവതാരിക എഴുതിയ ഡിടിഎസ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ എ.കെ അബ്ദുല്‍ ഹക്കീം അതിന്റെ പ്രകാശന കര്‍മം നിര്‍വഹിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് നടന്ന അക്ഷരക്കൂട്ട് എന്ന പരിപാടിയിലും പങ്കെടുക്കാന്‍ അവള്‍ക്ക് അവസരം ലഭിച്ചു. ഹൈസ്‌കൂളില്‍ മാപ്പിളപ്പാട്ട്, അറബി പദ്യം, കവിത രചന, എന്നീ പരിപാടികളില്‍ സബ്ജില്ലാതലത്തില്‍ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്ന ഷൈനിഗ് സ്റ്റാര്‍സ് എന്ന പരിപാടിയില്‍ തുടര്‍ച്ചയായി രണ്ട് തവണ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ബിആര്‍സി അവളെ കൈ വിട്ടില്ല. ഗൃഹാദിഷ്ഠിത വിദ്യാഭ്യാസം

പ്രത്യേക അധ്യാപകന്‍മാര്‍ അവള്‍ക്കു നല്‍കി. ഇതു അവള്‍ക്കു എന്‍എംഎംഎസില്‍ തിളക്കമാര്‍ന്ന വിജയം നേടാന്‍ സഹായകമായി. ബിആര്‍സി അവളെ സ്‌നേഹപൂര്‍വ്വം അനുമോദിച്ചു. തുടര്‍ പരീക്ഷയില്‍ ഉന്നത വിജയം നേടി സിവില്‍ സര്‍വീസ് കരസ്ഥമാക്കുക എന്നതാണ് ഈ മിടുക്കിയുടെ ആഗ്രഹം.മുഹമ്മദ് ഷാഫിയുടെയും ഷാഹിനയുടെയും മകളാണ് ഷഫ്ന. സഹോദരി ആയിഷ ഹന്ന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358405/shafna-overcomes-limitations-and-achieves-nmms)