---
title: "കിഡ്‌നി രോഗങ്ങള്‍ ഇല്ലാത്ത പേരാമ്പ്രക്കായി ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Lifestyle disease diagnosis camp organized for Perambra, free from kidney diseases"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/358813/lifestyle-disease-diagnosis-camp-organized-for-perambra-free-from-kidney-diseases"
published_at: "2026-05-12T00:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a02218b92e6e_trt.JPG"
keywords: []
---

# കിഡ്‌നി രോഗങ്ങള്‍ ഇല്ലാത്ത പേരാമ്പ്രക്കായി ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: കിഡ്‌നി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗം നേരത്തെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തണലുമായി സഹകരിച്ച് ''കിഡ്‌നി രോഗങ്ങള്‍ ഇല്ലാത്ത പേരാമ്പ്ര'' എന്ന പദ്ധതിയുടെ ഭാഗമായി 21 വാര്‍ഡുകളിലുമായി ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടന്നുവരുന്നു.

## Article Content

പേരാമ്പ്ര: കിഡ്‌നി രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗം നേരത്തെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ തണലുമായി സഹകരിച്ച് ''കിഡ്‌നി രോഗങ്ങള്‍ ഇല്ലാത്ത പേരാമ്പ്ര'' എന്ന പദ്ധതിയുടെ ഭാഗമായി 21 വാര്‍ഡുകളിലുമായി ജീവിതശൈലി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടന്നുവരുന്നു.

പേരാമ്പ്രയിലെ സര്‍ക്കാര്‍- തണല്‍ ഡയാലിസിസ് സെന്ററുകളില്‍ 200 ല്‍ അധികം ഡയാലിസിസ് രോഗികളുടെ നീണ്ട നിര രൂപപ്പെടുന്ന സാഹചര്യത്തില്‍ രോഗകാരണങ്ങളും ലക്ഷണങ്ങളും പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി രോഗം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മുഴുവന്‍ വാര്‍ഡുകളിലും നടക്കുന്ന ക്യാമ്പുകളുടെ കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തണല്‍ നിര്‍വഹിക്കും. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള എട്ടംഗ മെഡിക്കല്‍ സംഘത്തോടുകൂടിയ മൊബൈല്‍ ലബോറട്ടറി ബസ്സ് എല്ലാ വാര്‍ഡുകളിലും എത്തിച്ചായിരിക്കും ക്യാമ്പുകള്‍ സംഘടിപ്പിക്കുക. ഓരോ ക്യാമ്പിലും പരമാവധി 100 പേരെയാണ് പരിശോധിക്കുക. ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹസ്പര്‍ശം പദ്ധതി, മലബാര്‍ ഗ്രൂപ്പ്, ഇഖ്‌റ ആശുപത്രി എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.

ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ പലപ്പോഴും അവസാനഘട്ടത്തിലാണ് കണ്ടെത്തപ്പെടുന്നത്. എന്നാല്‍ സമയബന്ധിതമായ പരിശോധനയിലൂടെ കിഡ്‌നി രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

2026 മെയ് 10 മുതല്‍ ജൂണ്‍ 6 വരെയാണ് ക്യാമ്പുകള്‍ നടക്കുക. ഓരോ വാര്‍ഡുകളിലും വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സ്വാഗതസംഘ യോഗങ്ങള്‍ ചേര്‍ന്ന് ക്യാമ്പുകളുടെ നടത്തിപ്പ് ആസൂത്രണം ചെയ്യും. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും. ഓരോ ക്യാമ്പിലും ആദ്യത്തെ 100 പേര്‍ക്കാണ് അവസരം. വാര്‍ഡ് മെമ്പര്‍മാര്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 6 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ക്യാമ്പില്‍ ബിഎംഐ, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, യൂറിന്‍ ആല്‍ബുമിന്‍, യൂറിന്‍ ഷുഗര്‍, ഡോക്ടര്‍ പരിശോധന എന്നിവ ലഭ്യമാകും. ആല്‍ബുമിന്‍ പോസിറ്റീവ് ആയവര്‍ക്കു മാത്രമായി ക്രിയാറ്റിനിന്‍ പരിശോധനയും ഉണ്ടായിരിക്കുന്നതാണ്. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് ഫോളോ-അപ്പ് സംവിധാനവും ആവശ്യമായ മരുന്നുകള്‍ 50 ശതമാനം നിരക്കില്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നു. ''രോഗം വരുന്നതിന് മുമ്പ് പരിശോധിക്കുക ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്'' എന്ന സന്ദേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.'

ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം വാര്‍ഡ് 13 ല്‍ പേരാമ്പ്രയുടെ നിയുക്ത എംഎല്‍എ അഡ്വ. ഫാത്തിമ തെഹിലിയ നിര്‍വ്വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ലതികാ വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി മുഖ്യ അതിഥിയായി. തണല്‍ സോഷ്യല്‍ വര്‍ക്ക് എച്ച്ഒഡി ബൈജു ആയടത്തില്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ പാറേമ്മല്‍, പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ആര്‍.കെ രജീഷ്‌കുമാര്‍, വി.കെ നാസിദ, അഡ്വ. അപര്‍ണ്ണ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജന്‍ മരുതേരി, മെമ്പര്‍മാരായ യൂസഫ് കരിമ്പിന്‍ പൊയില്‍, കെ.എം ശ്രീനിവാസന്‍, ജസീല വാഴയില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, ക്യാമ്പ് ഡോക്ടര്‍ ഫര്‍സാന, ആര്‍.കെ മുനീര്‍, സി.പി ഹമീദ്, റാഫി കക്കാട്, മജീദ് പരപ്പില്‍, വി.പി പ്രമോദ്, പരീദ് ബെല്ല തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/358813/lifestyle-disease-diagnosis-camp-organized-for-perambra-free-from-kidney-diseases)