---
title: "റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ് പദ്ധതിയുമായി ശുചിത്വമിഷന്‍"
english_title: "Reuse Heroes; Suchitmasion with the Real Heroes project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359298/reuse-heroes-suchitmasion-with-the-real-heroes-project"
published_at: "2026-05-14T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a055a924a4db_hty.JPG"
keywords: []
---

# റീയൂസ് ഹീറോസ്; ദ റിയല്‍ ഹീറോസ് പദ്ധതിയുമായി ശുചിത്വമിഷന്‍

> **Lead Summary:** **കോഴിക്കോട്: **വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് , പുതിയ ബാഗും കുടയും , ചെരിപ്പും യൂണീഫോമും ഗമയായി കാണുന്ന ശീലം കാലങ്ങളായി കുട്ടികള്‍ക്കിടയിലുണ്ട്; പഴയത് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഞാന്‍ ചെറുതായി പോവുമെന്ന ചിന്ത ഈ ഉപേക്ഷിക്കലിന് പിറകിലുണ്ട്. ഈ മനോഭാവം പില്‍ക്കാലത്ത് ഒരു ശീലമായി മാറുന്നു.

## Article Content

**കോഴിക്കോട്: **വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് , പുതിയ ബാഗും കുടയും , ചെരിപ്പും യൂണീഫോമും ഗമയായി കാണുന്ന ശീലം കാലങ്ങളായി കുട്ടികള്‍ക്കിടയിലുണ്ട്; പഴയത് ഉപയോഗിച്ചാല്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഞാന്‍ ചെറുതായി പോവുമെന്ന ചിന്ത ഈ ഉപേക്ഷിക്കലിന് പിറകിലുണ്ട്. ഈ മനോഭാവം പില്‍ക്കാലത്ത് ഒരു ശീലമായി മാറുന്നു.

പ്രകൃതി വിഭവങ്ങളുടെ അമിതോപയോഗം ഭൂമിയുടെ ആയുസ്സ് കുറയ്ക്കുമെന്നും, സുന്ദരമായ നാട് മാലിന്യ കൂമ്പാരങ്ങള്‍ കൊണ്ട് നിറയുവാനിടയാവുമെന്നൊക്കെയുള്ള അടിസ്ഥാന തത്വങ്ങള്‍ മറക്കുന്നതാണ് ഈ ദുരഭിമാനത്തിന്റെ അടിത്തറ. പുനരുപയോഗം ഭൂമിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും, മാലിന്യം കുറയ്ക്കും, ഈ നല്ല ശീലം കുടയിലും, ബാഗിലും, വസ്ത്രങ്ങളിലും, പേനയിലും തുടങ്ങണം...ഈ ശീലത്തെ ഓര്‍ത്ത് അഭിമാനിക്കണം ....പുനരുപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ റിയല്‍ ഹീറോകളാണ്...സമൂഹത്തിന് മാതൃകയാവുന്ന ഇത്തരം കുട്ടികളെ കണ്ടെത്തി അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും മറ്റുള്ളവരെയും ഈ പാതയിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ' Reuse heroes; the real heroes' ക്യാമ്പയിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പഴയ കുട, ചെരുപ്പ്, വാട്ടര്‍ ബോട്ടില്‍, ചോറ്റ് പാത്രം തുടങ്ങിവയുമായി പുതിയ അധ്യയന വര്‍ഷം വിദ്യാലയങ്ങളിള്‍ എത്തുന്നവര്‍ക്ക് 'A+ സാക്ഷ്യപത്രം' നല്‍കും. അല്ലാത്തവര്‍ക്ക് പുനരുപയോഗത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന 'ബി പോസിറ്റീവ്' സാക്ഷ്യപത്രവും ലഭ്യമാക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയാണ് സാക്ഷ്യപത്രങ്ങള്‍ ലഭ്യമാക്കുന്നത്.

പുനരുപയോഗ വസ്തുക്കളുമായി വിദ്യാലയങ്ങളില്‍ എത്തുന്ന കുട്ടികള്‍ ആയതിന്റെ ആകര്‍ഷകമായ ഫോട്ടോ സഹിതം ശുചിത്വ മിഷന്‍ നല്‍കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ 'എ പോസിറ്റീവ്' സാക്ഷ്യപത്രം ലഭിക്കും. അല്ലാത്തവര്‍ വരും കാലങ്ങളില്‍ ഞാനും ഈ ആശയത്തില്‍ ഭാഗമാകും എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ബി പോസിറ്റീവ് സാക്ഷ്യപത്രവും ലഭിക്കും. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ഈ ക്യാമ്പയിനിന്റെ ഭാഗമാക്കുന്ന സ്‌കൂളിനും, അധ്യാപകര്‍ക്കും, ഈ ആശയം മുന്‍നിര്‍ത്തി മികവാര്‍ന്ന പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനും ജില്ലാ തലത്തില്‍ പ്രത്യേക പുരസ്‌കാരം വിതരണം ചെയ്യും. ക്യാമ്പയിനില്‍ സത്യസന്ധത പുലര്‍ത്തേണ്ടത് വിദ്യാര്‍ത്ഥികളുടെ ഉത്തരവാദിത്വമാണ്.

ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ശുചിത്വ മിഷനാണ് ഈ ക്യാമ്പയിന് നേതൃത്വം നല്‍കുന്നുത്. ക്യാമ്പയിനിന്റെ ഭാഗമാവാന്‍ https://suchitwamissionkozhikode.in/ എന്ന വെബ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359298/reuse-heroes-suchitmasion-with-the-real-heroes-project)