---
title: "ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "A young woman died tragically after her car caught fire in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359684/a-young-woman-died-tragically-after-her-car-caught-fire-in-cheruvannur"
published_at: "2026-05-15T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07526c7311d_hhhhhhhhhhh.JPG"
keywords: []
---

# ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭര്‍ത്താവിന് ഗുരുതരമായി പൊള്ളലേറ്റു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറ മുക്ക് റോഡില്‍ ഇന്ന് രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം.

ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് പെട്ടെന്ന് കത്തിയമര്‍ന്നത്. കാറില്‍ ചെറുവണ്ണൂര്‍ സ്വദേശികളായ പൂവുത്തും ചാലില്‍ ലാലു ഭാര്യ സോന എന്നിവരാണ് ഉണ്ടായിരുന്നത്. സോന 6 മാസം ഗര്‍ഭിണിയാണ്.

ഓടിക്കൊണ്ടിരുന്ന കാറില്‍നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. കാറിനുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ തൊട്ടടുത്ത വയലില്‍നിന്ന് വെള്ളം കോരിയൊഴിച്ചാണ് തീയണയ്ക്കാനും ഇവരെ പുറത്തെടുക്കാനും ശ്രമിച്ചത്.

നാട്ടുകാരുടെ കൃത്യമായ ഇടപെടലിനെത്തുടര്‍ന്നാണ് ഭര്‍ത്താവിനെ കാറില്‍നിന്ന് പുറത്തെടുക്കാനായത്. ഉടന്‍തന്നെ ലാലുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ലാലുവിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

വിവരമറിഞ്ഞ് പേരാമ്പ്രയില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി. എന്നാല്‍ ഫയര്‍ഫോഴ്‌സ് സംഘം എത്തുന്നതിനുമുന്‍പുതന്നെ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359684/a-young-woman-died-tragically-after-her-car-caught-fire-in-cheruvannur)