---
title: "ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മെയ് 17 ന് തിരിതെളിയും"
english_title: "Chenthara Literature Festival to kick off on May 17"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359828/chenthara-literature-festival-to-kick-off-on-may-17"
published_at: "2026-05-16T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a083ef291f99_ret.JPG"
keywords: []
---

# ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മെയ് 17 ന് തിരിതെളിയും

> **Lead Summary:** **പേരാമ്പ്ര:** ചേനോളി ചെന്താര ഗ്രന്ഥവേദിയുടെ നേതൃത്വത്തില്‍ ചേനോളിയില്‍ 2 ദിവസത്തെ സാഹിത്യോത്സവം, ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 മെയ് 17, 18 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മുതല്‍ പ്ലസ് ടു ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഫെസ്റ്റിവലില്‍ കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.

## Article Content

**പേരാമ്പ്ര:** ചേനോളി ചെന്താര ഗ്രന്ഥവേദിയുടെ നേതൃത്വത്തില്‍ ചേനോളിയില്‍ 2 ദിവസത്തെ സാഹിത്യോത്സവം, ചെന്താര ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2026 മെയ് 17, 18 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് മുതല്‍ പ്ലസ് ടു ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഫെസ്റ്റിവലില്‍ കേരളത്തിലെ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കും.

മെയ് 17 ന് കാലത്ത് 10 മണിക്ക് പ്രശസ്ത കവി വീരാന്‍കുട്ടി സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന കലോല്‍സവത്തില്‍ കവിതാരചനയില്‍ തുടര്‍ച്ചയായി എ ഗ്രേഡ് നേടിക്കൊണ്ടിരിക്കുന്ന കവിപ്രതിഭ ജാഹ്നവി സൈറ മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് രണ്ടു ദിവസങ്ങളില്‍ എട്ടു സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും സംവാദങ്ങളും നടക്കും.

കഥയുടെ നേരറിവ് എന്ന സെഷനില്‍ നോവലിസ്റ്റ് കെ രഞ്ജിത്ത്, കഥാകൃത്ത് ശ്രീജിഷ് ചെമ്മരന്‍, എന്‍.കെ പ്രേമന്‍ എന്നിവര്‍ സംവദിക്കും. ക്യാമറ മൂന്നാം കണ്ണിന്റെ ഇതിഹാസം എന്ന സെഷന്‍ അഭിജിത്ത് പേരാമ്പ്രയും ആഗ്‌നേയ് ജി.എസും ഐശ്വര്യയും വിശകലനം ചെയ്യും. തുടര്‍ന്ന് വരകള്‍ വര്‍ണ്ണങ്ങള്‍ എന്ന സെഷന്‍ കെ.സി രാജീവനും ബഷീര്‍ ചിത്രകൂടവും ലിതേഷ് കരുണാകരനും നയിക്കും. കവിതകളും പാട്ടുകളും കോര്‍ത്തിണക്കുന്ന പാട്ടോളം എന്ന സെഷനില്‍ ചന്ദ്രന്‍ മരുതേരി ഡോ. ശാരിക, അലന്‍ പ്രവീണ്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

രണ്ടാം ദിവസം ആദ്യ സെഷനില്‍ സംസ്ഥാന കലോല്‍സവ ജേതാക്കളായ മാധുരി, ഋതുമിത്ര, ഋതുപര്‍ണ്ണ, നിനയ എന്നിവരുടെ കലാപ്രകടനങ്ങളോടെ പരിപാടി ആരംഭിക്കും. തുടര്‍ന്ന് വായന പൂക്കുന്നു മനം നിറയുന്നു എന്ന സെഷന്‍ ഡോ. പി സുരേഷിന്റെ മറതി എന്ന നോവലിന്റെ വായനാനുഭവം പങ്കുവയ്ക്കും. ഋതു കൃഷ്ണ പുസ്തകാവതരണം നടത്തും. ഡോ. പി സുരേഷ്, ഡോ. പി രമാദേവി, സ്മിതകുമാരി, സി.കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.

കാലത്തെ അറിയുന്ന കവിത എന്ന സെഷന്‍ എം.പി അനസ്, കെ.പി സീന, ഭാഷ മമ്മു എന്നീ പ്രശസ്ത കവികളുടെ നേതൃത്വത്തില്‍ നടക്കും. നാടകം നേരിന്റെ കല എന്ന എട്ടാമത്തെ സെഷനില്‍ മുഹമ്മത് പേരാമ്പ്ര, കെ.സി കരുണാകരന്‍, ഐ.എം കലേഷ്, ഗംഗന്‍ ആയടത്തില്‍ എന്നിവര്‍ കുട്ടികള്‍ക്ക് നാടകനുഭവങ്ങള്‍ പകര്‍ന്നു നല്‍കും. സമാപന സമ്മേളനം നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജി കൊട്ടാരക്കല്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ മേഖല കണ്‍വീനര്‍ എസ് രാജീവ്, വാര്‍ഡ് അംഗങ്ങളായ സ്വപ്ന, ഷൈന എന്നിവര്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ സുഹാസ് പാറക്കണ്ടി, ഫെസ്റ്റിവല്‍ കണ്‍വീനര്‍ മോഹനന്‍ ചേനോളി, ലൈബ്രറി പ്രസിഡണ്ട് ആര്‍.കെ ബാലന്‍, ബിന്ദു സിതാര തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359828/chenthara-literature-festival-to-kick-off-on-may-17)