---
title: "അപകടത്തില്‍ പെട്ടകാര്‍ പരിശോധിച്ച് ഫോറന്‍സിക് വിഭാഗം"
english_title: "Forensic department examines accident victims"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/359915/forensic-department-examines-accident-victims"
published_at: "2026-05-16T23:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a08b0d4e5339_sona.JPG"
keywords: []
---

# അപകടത്തില്‍ പെട്ടകാര്‍ പരിശോധിച്ച് ഫോറന്‍സിക് വിഭാഗം

> **Lead Summary:** **ചെറുവണ്ണൂര്‍ :** കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ എടോളിത്താഴെയുണ്ടായ അപകടത്തില്‍പെട്ട് 6 മാസം ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്ത് എത്തി കാര്‍ പരിശോധിച്ചു.

## Article Content

**ചെറുവണ്ണൂര്‍ :** കഴിഞ്ഞ ദിവസം ചെറുവണ്ണൂര്‍ കക്കറമുക്ക് റോഡില്‍ എടോളിത്താഴെയുണ്ടായ അപകടത്തില്‍പെട്ട് 6 മാസം ഗര്‍ഭിണിയായ സോന മരിച്ച സംഭവത്തില്‍ ഫോറന്‍സിക് വിഭാഗം സ്ഥലത്ത് എത്തി കാര്‍ പരിശോധിച്ചു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനായി ഭര്‍ത്താവ് രജിന്‍ ലാലിന് ഒപ്പമായിരുന്നു സോന പോയത്. ഡോക്ടറെ കാണിച്ച് തിരിച്ചു വരുമ്പോള്‍ ആയിരുന്നു അപകടം. സോന ദേഹാസ്വാസ്ഥ്യം കാരണം കാറിന്റെ പിന്‍ സീറ്റില്‍ കിടക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഓടിക്കൊണ്ടിരുന്ന കാര്‍ പെട്ടെന്ന് കത്തുകയായിരുന്നു. വന്‍ ശബ്ദത്തോടെ തീ ആളി പടരുന്നത് കണ്ടാണ് നാട്ടുകാര്‍ ഓടി എത്തിയത്. ഈ സമയം കാര്‍ ഓടിച്ച രജിന്‍ ലാല്‍ ദേഹമാസകലം തീയുമായി കാറില്‍ നിന്നും ഇറങ്ങി ഡോര്‍ തുറക്കാന്‍ ശ്രമിക്കുകയും നടക്കാത്തതിനാല്‍ ഓടി അടുത്തുള്ള തോട്ടിലെ വെള്ളത്തില്‍ ചാടുകയുമായിരുന്നു.

തോട്ടില്‍ ചാടിയ രജിന്‍ ലാല്‍ ഭാര്യ വണ്ടിയില്‍ ഉണ്ടെന്നു വിളിച്ചു പറഞ്ഞെങ്കിലും നാട്ടുകാര്‍ക്ക് ആദ്യം മനസിലായിരുന്നില്ല. കാര്‍ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും കാറില്‍ ആളുണ്ടെന്നു മനസിലാക്കി കാറിന്റെ ഡോര്‍ തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. അപ്പോഴേക്കും കാറിന്റെ ഉള്‍ഭാഗം പൂര്‍ണമായി കത്തിയിരുന്നു വയലില്‍ നിന്നും വെള്ളം കോരി ഒഴിച്ച ശേഷം കാറിന്റെ ചില്ലു പൊട്ടിച്ചാണ് നാട്ടുകാര്‍ സോനയെ പുറത്തെടുത്തത്. ഉടന്‍ തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മേപ്പയ്യൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അജീഷിന്റെ നേത്യത്വത്തില്‍ പൊലീസും കോഴിക്കോട് നിന്നും ജില്ല ഫൊറന്‍സിക് വിഭാഗവും മോട്ടര്‍ വാഹന വകുപ്പുമാണ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്. അപകടത്തില്‍ പെട്ട കാര്‍ പരിശോധിച്ചു സാമ്പില്‍ എടുത്ത് പരിശോധനക്ക് അയച്ചു. പരിശോധനാ ഫലം വന്നാല്‍ മാത്രമേ സംഭവം കൃത്യമായി പറയാന്‍ കഴിയൂ എന്ന നിഗമനത്തിലാണ് പൊലീസും മോട്ടര്‍ വാഹന വകുപ്പും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/359915/forensic-department-examines-accident-victims)