---
title: "സിപിഐ(എം) പതാകാ ജാഥക്ക് പേരാമ്പ്രയില്‍ ആവശോജ്ജ്വല സ്വീകരണം"
english_title: "The CPI (M) flag procession received a warm welcome in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35995/the-cpi-m-flag-procession-received-a-warm-welcome-in-perambra"
published_at: "2022-04-05T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624c5be13df1a_FLAG1.JPG"
keywords: []
---

# സിപിഐ(എം) പതാകാ ജാഥക്ക് പേരാമ്പ്രയില്‍ ആവശോജ്ജ്വല സ്വീകരണം

> **Lead Summary:** പേരാമ്പ്ര : സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് പേരാമ്പ്രയില്‍ ആവശോജ്ജ്വല സ്വീകരണം.

## Article Content

പേരാമ്പ്ര : സിപിഐ(എം) പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥക്ക് പേരാമ്പ്രയില്‍ ആവശോജ്ജ്വല സ്വീകരണം.

ചെമ്പതാകയുടെ കരുത്തുള്ള മണ്ണിലേക്ക് നഗരവും വാനവും ചെങ്കടലാക്കിയ സ്വീകരണമാണ് ഒരുക്കിയത്.

വെള്ളിയൂര്‍, കൈതക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പേരാമ്പ്രയില്‍ ജാഥ എത്തിയത്.

നേരമേറെ വൈകിയിട്ടും ഹൃദയപതാകയെ സ്വീകരിക്കാന്‍ നുറുകണക്കിന് ആളുകളാണ് പേരാമ്പ്ര വി.വി. ദക്ഷിണാമൂര്‍ത്തി സ്മാരക ടൗണ്‍ ഹാളിലും പരിസരത്തും കാത്തു നിന്നത്.

യുവതീ യുവാക്കളായ അത്ലറ്റുകള്‍ ഏന്തിയ ദീപശിഖയുമായാണ് ജാഥ പ്രയാണം നടത്തുന്നത്.

ചെങ്കൊടിയേന്തിയ റെഡ് വളന്റിയര്‍മാരും പാര്‍ട്ടി പ്രവര്‍ത്തകരും ശിങ്കാരി മേളത്തിന്റെയും വിവിധ കലാരൂപങ്ങളുടെയും വര്‍ണ്ണ ബലൂണുകളുടെയും വര്‍ണ്ണ വെളിച്ചങ്ങളുടെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെയുമാണ് ചെമ്പട്ട് പുതച്ച പട്ടണം പതാകയെയും ജാഥാംഗങ്ങളെയും ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മദിന്റെ നേതൃത്വത്തില്‍ വരവേറ്റത്.

തിങ്കളാഴ്ചത്തെ ജില്ലയിലെ ജാഥയുടെ സമാപനവും പേരാമ്പ്രയിലായിരുന്നു.

സമാപന സമ്മേളനം സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗവും എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു. വലതുപക്ഷ മാധ്യമങ്ങളുടെ ലാളന ഏറ്റുവളര്‍ന്നവരല്ല സിപിഐ(എ)മ്മും ഇടതുപക്ഷവുമെന്നും മാധ്യമങ്ങള്‍ വിചാരിച്ചാല്‍ തകരുന്നതല്ല ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറയെന്നും എളമരം കരീം പറഞ്ഞു.

ജില്ല കമ്മിറ്റി അംഗം കെ. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം കണവീനര്‍ എസ്.കെ. സജീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജാഥാ ക്യാപ്റ്റന്‍ എം. സ്വരാജ്, സി.ബി. ചന്ദ്രബാബു, മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, സിപിഐ(എം) ജില്ലാ സെക്രട്ടറി പി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35995/the-cpi-m-flag-procession-received-a-warm-welcome-in-perambra)