---
title: "കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍"
english_title: "Pregnant woman dies in car fire; Relatives say it was a planned murder"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360005/pregnant-woman-dies-in-car-fire-relatives-say-it-was-a-planned-murder"
published_at: "2026-05-17T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a09a148e8a9b_rty.JPG"
keywords: []
---

# കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവം; ആസൂത്രിത കൊലപാതകമെന്ന് ബന്ധുക്കള്‍

> **Lead Summary:** പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മെയ് പതിനഞ്ചാം തീയതി രാത്രി 9.15 ഓടെ ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡിലായിരുന്നു സംഭവം. കക്കറ മുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കത്തിയ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്താതേ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞു.

## Article Content

പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മെയ് പതിനഞ്ചാം തീയതി രാത്രി 9.15 ഓടെ ചെറുവണ്ണൂര്‍ കക്കറ മുക്ക് റോഡിലായിരുന്നു സംഭവം. കക്കറ മുക്കിലെ പൂവ്വത്തും ചാലില്‍ റിജിന്‍ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സോനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കത്തിയ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും കത്താതേ ഉള്‍വശം മാത്രം കത്തിയത് ദുരൂഹത ഉണര്‍ത്തുന്നുവെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും സോനയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞു.

മകള്‍ക്ക് ഭര്‍തൃവീട്ടില്‍ നിരവധി ദുരവസ്ഥകള്‍ ഉണ്ടായിരുന്നതായും പലദിവസങ്ങളിലും പട്ടിണിയായിരുന്നെന്നും സോനയുടെ അമ്മ വസന്ത പറഞ്ഞു.

സംഭവ ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 7.30 വരെ സോന വാല്യക്കോടുള്ള അമ്മയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. ഭര്‍ത്താവ് റിജിന്‍ കാറില്‍ ഇവിടെ ഇറക്കിയതായും രാത്രി 7.30 ന് വന്ന് തിരിച്ച് കൂട്ടുകയുമായിരുന്നുവെന്ന് ബന്ധുവായ യുവതി പറഞ്ഞു. വൈകിട്ട് ഇളയമ്മയുടെ മകളായ തന്നോടൊപ്പം പേരാമ്പ്ര പട്ടണത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരിച്ച് വരുകയും ചെയ്ത ശേഷമാണ് റിജിനൊപ്പം സോന തിരിച്ച് പോയത്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. പ്ലസ് ടു പഠന കാലത്ത് ഒരു വിവാഹ വീട്ടില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെടുകയും അത് പ്രണയത്തിലേക്ക് നയിക്കുകയുമായിരുന്നു. അതിനിടയില്‍ റിജിന്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും ബന്ധുവായ യുവതി പറഞ്ഞു. ഇത് സോനയെ മാനസികമായി തളര്‍ത്തിയതായും ആത്മഹത്യ ചെയ്യാനായി വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ റെയില്‍വേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.

പിന്നീട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൂത്താളിയിലെ അമ്പലത്തില്‍ വെച്ച് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാല്‍ സോനയുടെ കുടുംബക്കാരുമായി യാതൊരു ബന്ധവും പാടില്ലെന്ന് റിജിനും കുടുംബവും ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു. ഇതുമൂലം കുടുംബങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അടുത്തകാലത്ത് സോന ഗര്‍ഭിണിയായ ശേഷമാണ് ബന്ധുക്കളുമായി അടുത്തതെന്നും സോനയെ പരിചരിക്കാന്‍ കഴിയാതെ ബന്ധക്കളുടെ അടുത്തേക്ക് വിടുകയുമായിരുന്നെന്ന് യുവതി പറഞ്ഞു. രണ്ട് മാസക്കാലം സോന അമ്മയുടെ കൂടെ പാലേരിയിലെ വീട്ടിലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് റിജിന്‍ വന്ന് സോനയെ തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു പോവുകയായിരുന്നു. റിജിന് മറ്റൊരു യുവതിയുമായി ഇപ്പോള്‍ ബന്ധമുണ്ടെന്നും തന്നെ ചതിക്കുകയാണെന്നും സോന തന്നോട് പറഞ്ഞതായി യുവതി പറഞ്ഞു. സോനക്ക് റിജിന്റെ അച്ഛനെയും സഹോദരിയേയും കുറിച്ച് നല്ല അഭിപ്രായമാണെന്നും യുവതി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360005/pregnant-woman-dies-in-car-fire-relatives-say-it-was-a-planned-murder)