---
title: " ധന്വന്തരീ ക്ഷേത്രം പുന:പ്രതിഷ്ഠ സംഘടിപ്പിച്ചു"
english_title: "Dhanvantari Temple re-consecration organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/360610/dhanvantari-temple-re-consecration-organized"
published_at: "2026-05-20T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d89bdd1432_der.jpg"
keywords: []
---

#  ധന്വന്തരീ ക്ഷേത്രം പുന:പ്രതിഷ്ഠ സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** നടുവണ്ണൂര്‍ മൂലാട് പ്രദേശത്തെ ചരിത്രപ്രസിദ്ധമായ വെങ്കപ്പറമ്പത്ത് തറവാട്ടിലെ ധന്വന്തരീ മൂര്‍ത്തിയുടെ പുനഃപ്രതിഷ്ഠ നടത്തി. പരമ്പരാഗത വൈദ്യന്മാരുടെയും പ്രശസ്ത ചികിത്സകരുടെയും പാരമ്പര്യം നിലനിന്നിരുന്ന ഈ തറവാട്ടിലെ കുലദേവതയും ആയുര്‍വേദത്തിന്റെയും ചികിത്സയുടെയും ദേവതയുമായ ധന്വന്തരീ മൂര്‍ത്തിയുടെ പ്രതിഷ്ഠയാണ് നടന്നത്.

## Article Content

**നടുവണ്ണൂര്‍:** നടുവണ്ണൂര്‍ മൂലാട് പ്രദേശത്തെ ചരിത്രപ്രസിദ്ധമായ വെങ്കപ്പറമ്പത്ത് തറവാട്ടിലെ ധന്വന്തരീ മൂര്‍ത്തിയുടെ പുനഃപ്രതിഷ്ഠ നടത്തി. പരമ്പരാഗത വൈദ്യന്മാരുടെയും പ്രശസ്ത ചികിത്സകരുടെയും പാരമ്പര്യം നിലനിന്നിരുന്ന ഈ തറവാട്ടിലെ കുലദേവതയും ആയുര്‍വേദത്തിന്റെയും ചികിത്സയുടെയും ദേവതയുമായ ധന്വന്തരീ മൂര്‍ത്തിയുടെ പ്രതിഷ്ഠയാണ് നടന്നത്.

അപൂര്‍വമായി മാത്രം കാണപ്പെടുന്ന ധന്വന്തരീ ശിലാശില്പം കോഴിക്കോട് ജില്ലയിലെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. നാലു തൃക്കൈകളില്‍ ശംഖ്, ചക്രം, അമൃതകുംഭം, ഔഷധം എന്നിവ ധരിച്ച് നില്‍ക്കുന്ന വിഗ്രഹമാണ് ഇവിടെ.

കോട്ടൂര്‍ പാലയാട്ട് മുണ്ടക്കല്‍ ഇല്ലത്ത് ഡോ. ഹരീഷ് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഹരിമുരളി നമ്പൂതിരി കരുനാഗപ്പള്ളി, സന്തോഷ് നമ്പൂതിരി മട്ടന്നൂര്‍, സന്ദീപ് നമ്പൂതിരി മട്ടന്നൂര്‍, ജിഷ്ണു നമ്പൂതിരി കൊയിലാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

ധന്വന്തരീ മൂര്‍ത്തിക്കൊപ്പം ഭദ്രകാളി, ഗുരുദേവന്‍, ഭണ്ഡാരമൂര്‍ത്തി, ഗുളികന്‍ എന്നിവരെയും ഉപദേവതകളായി പ്രതിഷ്ഠിച്ചു. കുടുംബാംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് അലങ്കാരത്തോടുകൂടിയ തറകെട്ടിയാണ് ഇപ്പോള്‍ പ്രതിഷ്ഠ നിര്‍വഹിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതാണ്. പ്രതിഷ്ഠാചടങ്ങുകളില്‍ നിരവധി പേര്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് ശേഷം പ്രത്യേക പൂജകളും പ്രസാദ വിതരണവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/360610/dhanvantari-temple-re-consecration-organized)