---
title: "പോത്തിന് രക്ഷകരായി നാട്ടുകാരും പൊലീസും"
english_title: "Locals and police rescue buffalo"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362144/locals-and-police-rescue-buffalo"
published_at: "2026-05-27T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a16c0ef9b5b7_jjjjjjjjjjjj.jpg"
keywords: []
---

# പോത്തിന് രക്ഷകരായി നാട്ടുകാരും പൊലീസും

> **Lead Summary:** **ആയഞ്ചേരി:** ആയഞ്ചേരിക്ക് സമീപം ചിറക്കല്‍ താഴെ വീതികുറഞ്ഞ ഓടയില്‍ (ആണിച്ചാലില്‍) വീണ് അപകടത്തില്‍പ്പെട്ട പോത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബലി കര്‍മ്മങ്ങള്‍ക്കായി കൊണ്ടുവന്ന പോത്താണ് കെട്ടിയിരുന്ന പറമ്പിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ ചാലിലേക്ക് വീണത്.

## Article Content

**ആയഞ്ചേരി:** ആയഞ്ചേരിക്ക് സമീപം ചിറക്കല്‍ താഴെ വീതികുറഞ്ഞ ഓടയില്‍ (ആണിച്ചാലില്‍) വീണ് അപകടത്തില്‍പ്പെട്ട പോത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. ബലി കര്‍മ്മങ്ങള്‍ക്കായി കൊണ്ടുവന്ന പോത്താണ് കെട്ടിയിരുന്ന പറമ്പിനോട് ചേര്‍ന്നുള്ള ഇടുങ്ങിയ ചാലിലേക്ക് വീണത്.

കൈകാലുകള്‍ മുകളിലായ രീതിയില്‍ തലകീഴായാണ് പോത്ത് ചാലിലേക്ക് വീണത്. ഓടയ്ക്ക് വീതി കുറവായതിനാലും ഇടുങ്ങിയ അവസ്ഥയിലായതിനാലും പോത്തിന് സ്വയം എഴുന്നേല്‍ക്കാന്‍ സാധിക്കുമായിരുന്നില്ല. അപകടകരമായ നിലയില്‍ ഏറെ നേരം കിടന്ന് ജീവന്‍ തന്നെ അപകടത്തിലാകുന്ന അവസ്ഥയിലായിരുന്നു.

തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥലത്തേക്ക് ജെ.സി.ബി എത്തിച്ചു. ജെ.സി.ബി ഉപയോഗിച്ച് ചാലിന്റെ ഒരു വശത്തെ മണ്ണ് ഇടിച്ചുമാറ്റി വീതി കൂട്ടിയ ശേഷമാണ് പോത്തിനെ സുരക്ഷിതമായി മുകളിലേക്ക് കയറ്റാനായത്.

നാട്ടുകാരുടെ സമയോചിതമായ ഇടപെടലും പൊലീസിന്റെ കൃത്യമായ നേതൃത്വവും ചേര്‍ന്നതോടെ വലിയൊരു അപകടമാണ് ഒഴിവായത്. രക്ഷപ്പെടുത്തിയ പോത്തിന് ഉടന്‍ തന്നെ ആവശ്യമായ പ്രാഥമിക പരിചരണങ്ങളും നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362144/locals-and-police-rescue-buffalo)