---
title: "ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂടൊരുങ്ങുന്നു"
english_title: "A love club is being set up for differently-abled girls under the leadership of Thanal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/362209/a-love-club-is-being-set-up-for-differently-abled-girls-under-the-leadership-of-thanal"
published_at: "2026-05-27T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1729f8ec916_yyyyyyyyyyyyyyyy.jpg"
keywords: []
---

# ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍ സ്നേഹക്കൂടൊരുങ്ങുന്നു

> **Lead Summary:** **ചങ്ങരോത്ത് **: പന്തിരിക്കരയില്‍ തണലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് സ്‌നേഹക്കൂട് ഒരുങ്ങുന്നത്. പന്തിരിക്കര പള്ളിക്കുന്നില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീടുകളാണ് പൂര്‍ത്തിയായതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**ചങ്ങരോത്ത് **: പന്തിരിക്കരയില്‍ തണലിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് സ്‌നേഹക്കൂട് ഒരുങ്ങുന്നത്. പന്തിരിക്കര പള്ളിക്കുന്നില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് എട്ട് വീടുകളാണ് പൂര്‍ത്തിയായതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിലവില്‍ വയനാട്ടിലാണ് ഭിന്നശേഷി ആണ്‍കുട്ടികള്‍ക്കായി ഇത്തരമൊരു സംവിധാനമുള്ളത്. അവിടെ ഒരു കെട്ടിടത്തില്‍ ഒന്നിച്ചാണ് താമസം. അതിന് പകരം വീട്ടിലെന്ന പോലെ താമസിക്കുക എന്ന സങ്കല്‍പ്പാണ് ഇവിടെ സ്‌നേഹക്കൂടില്‍ ഒരുക്കിയിരിക്കുന്നത്. കുറ്റ്യാടി മേഖലയിലെ എട്ട് പഞ്ചായത്തുകളിലെ. എന്‍എസ്എസ് വൊളന്റിയര്‍മാര്‍, പള്ളി, ക്ഷേത്ര കമ്മിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

എറണാകുളം കോതമംഗലത്തെ പ്രവാസി വ്യവസായി ആയ സെമീര്‍ പൂങ്കുഴിയാണ് 70 ലക്ഷം രൂപ ചെലവില്‍ വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇവിടെ കെയര്‍ ടെക്കര്‍മാരുടെ സംരക്ഷണയില്‍ 50 ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കായാണ് സ്നേഹക്കൂടൊരുക്കിയിരിക്കുന്നത്. ഇത്തരമൊരു പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി അപേക്ഷകളാണ് ലഭിച്ചതെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിട്ട. പ്രധാനധ്യാപകനായ പി.കെ. നവാസ് പറഞ്ഞു. അവരില്‍ നിന്നാണ് 50 പേരെ തെരഞ്ഞെടുത്തത്. ഇവിടെ താമസിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയും വിധം പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിക്കാന്‍ തണല്‍ അതികൃതര്‍ തീരുമാനിച്ചു.

ജനകീയ കൂട്ടായ്മയില്‍ നിര്‍മ്മിക്കുന്ന തൊഴില്‍ പരിശീലനത്തിന് ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് 30 ന് പൊരേക്കൂടല്‍ എന്ന പേരില്‍ ഇവിടെ ഗൃഹപ്രവേശം സംഘടിപ്പിക്കുന്നത്. ഒരു സ്‌ക്വയര്‍ ഫീറ്റിന് രണ്ടായിരം രൂപ സംഭാവനയായി നല്‍കി ആര്‍ക്കും നിര്‍മ്മാണത്തില്‍ പങ്കുചേരാം. നിര്‍മ്മാണത്തിനും ഒരു വര്‍ഷം കുട്ടികളുടെ സംരക്ഷണത്തിനുമായി 2.50 കോടി രൂപയാണ് വേണ്ടത്.

വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ നസീമ വാഴയില്‍, ഡോ ഷാജഹാന്‍, പി.കെ നവാസ്, പുതുക്കോട്ട് രവീന്ദ്രന്‍ , ഷരീഫ് കയറോത്ത്, ജമാല്‍ കുളക്കണ്ടത്തില്‍, ശശി ഇല്ലത്ത്, പി. എം യൂസഫ്, കുന്നുമ്മല്‍ സലാം, മൊയോറത്ത് അലി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/362209/a-love-club-is-being-set-up-for-differently-abled-girls-under-the-leadership-of-thanal)