---
title: "ഇന്ധനവില വര്‍ദ്ധനവ്; പേരാമ്പ്രയില്‍ സിപിഐ സായാഹ്ന ധര്‍ണ്ണ"
english_title: "Fuel price hike; CPI holds evening dharna in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363512/fuel-price-hike-cpi-holds-evening-dharna-in-perambra"
published_at: "2026-06-03T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fbdfda62ea_dharna.jpg"
keywords: []
---

# ഇന്ധനവില വര്‍ദ്ധനവ്; പേരാമ്പ്രയില്‍ സിപിഐ സായാഹ്ന ധര്‍ണ്ണ

> **Lead Summary:** **പേരാമ്പ്ര: **കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില അനുദിനം വര്‍ദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കുന്നതിനെതിരെ സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യം അസാധാരണമായ വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**പേരാമ്പ്ര: **കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില അനുദിനം വര്‍ദ്ധിപ്പിച്ച് സാധാരണക്കാരുടെ ജീവിതം ദുഷ്‌കരമാക്കുന്നതിനെതിരെ സിപിഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രാജ്യം അസാധാരണമായ വിലക്കയറ്റത്തിന്റെ കെടുതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും വിലക്കയറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഗവണ്‍മെന്റാണ് എണ്ണവില നിര്‍ണ്ണയാധികാരം എണ്ണക്കുത്തക കമ്പനികള്‍ക്ക് നല്‍കിയത്. ഈ നയം ബി.ജെ.പി. സര്‍ക്കാര്‍ കൂടുതല്‍ വേഗതയില്‍ നടപ്പിലാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ത്യയില്‍ വില യഥേഷ്ടം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ മാത്രം 12 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. എല്‍പിജി സിലിണ്ടറിന്റെ വിലയും കുത്തനെ കൂട്ടി. ജനങ്ങളെ കൊള്ളയടിച്ച് എണ്ണക്കമ്പനികള്‍ വന്‍ലാഭമാണ് കൊയ്യുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയം ഈ വര്‍ഷത്തെ മൂന്ന് മാസത്തില്‍ 4902 കോടി രൂപയും ഭാരത് പെട്രോളിയം 3191 കോടി രൂപയും ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം രണ്ട് ലക്ഷം കോടി രൂപയുടെ ലാഭമാണ് എണ്ണക്കമ്പനികള്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞിട്ടും അത് ജനങ്ങള്‍ക്ക് കൈമാറാതെ മോദി സര്‍ക്കാര്‍ ജനദ്രോഹം തുടരുകയാണെന്നും, കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉള്‍പ്പെടെ എല്ലാ മേഖലയിലും ഇതിന്റെ ഫലമായി വില വര്‍ദ്ധിക്കുകയാണെന്നും പി. സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.

ഇതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങില്‍ ജില്ലാ കൗണ്‍സില്‍ അംഗം ടി. ഭാരതി അധ്യക്ഷത വഹിച്ചു.

വിനോദ് തിരുവോത്ത് സ്വാഗതം പറഞ്ഞ ധര്‍ണ്ണയില്‍ എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, എഐടിയുസി നേതാവ് എ.കെ. ചന്ദ്രന്‍, സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ. ഭാസ്‌കരന്‍, ശശി കിടക്കന്‍ പേരാമ്പ്ര, എഐടിയുസി മണ്ഡലം സെക്രട്ടറി എ.ജി. രാജന്‍, കിസാന്‍ സഭ ജില്ലാ കമ്മിറ്റി അംഗം ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി.കെ. രാജു തുടങ്ങിയവര്‍ സംസാരിച്ചു.

ധര്‍ണ്ണക്ക് മുന്നോടിയായി നടന്ന പ്രകടനത്തിനും ധര്‍ണ്ണക്കും ശശികുമാര്‍ അമ്പാളി, രാജന്‍ കോറോത്ത്, ഇ.ടി. സോമന്‍, കെ.പി. പ്രേംരാജ്, കെ. നന്ദന്‍ രഞ്ജിത്ത്, കെ.സി. ബാലകൃഷ്ണന്‍, എം.കെ. സീമ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363512/fuel-price-hike-cpi-holds-evening-dharna-in-perambra)