---
title: "വിശ്വാസ സംരക്ഷണമുണ്ട് മുത്തശ്ശിമാവിന്റെ തണലിന്"
english_title: "Grandma's shadow has the protection of faith"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363871/grandmas-shadow-has-the-protection-of-faith"
published_at: "2026-06-04T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21bd8fc0458_muth.JPG"
keywords: []
---

# വിശ്വാസ സംരക്ഷണമുണ്ട് മുത്തശ്ശിമാവിന്റെ തണലിന്

> **Lead Summary:** **നരിക്കുനി :** മറ്റൊരു പരിസ്ഥിതി ദിനം കൂടി നമ്മള്‍ ആഘോഷിക്കുകയാണ്. ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതാണ് നമ്മുടെ പരിസ്ഥിതി ദിനാഘോഷം. നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെയും അവസ്ഥ അതു തന്നെ. ആദ്യത്തേതും അവസാനത്തേതുമായ തുള്ളി വെള്ളവും നനച്ച് യാത്രയാകും. അതോടെ തീരുന്നു പരിസ്ഥിതി സ്‌നേഹവും. ആ മരത്തിന്റെ ആയുസും. ഇത്തരം മരങ്ങളുടെ സംരക്ഷണത്തിന് ഒരു തുടര്‍ച്ച നല്‍കാന്‍ നമുക്ക് കഴിയാതെ പോകുമ്പോള്‍ എന്താണ് പിന്നെ പ്രകൃതിസ്‌നേഹവും, സംരക്ഷണവും എന്ന ചോദ്യം നമുക്ക് മുന്നില്‍ നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് വിശ്വാസത്തിന്റെ സംരക്ഷണമേകി ആരാധിച്ചു പോരുന്ന ഒരു കഥ പറയാനുണ്ട് കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളിക്കടുത്തുള്ള പാറപ്പിലാക്കില്‍ ഭഗവതി ക്ഷേത്ര മുറ്റത്തെ മുത്തശ്ശിമാവിന്.

## Article Content

**നരിക്കുനി :** മറ്റൊരു പരിസ്ഥിതി ദിനം കൂടി നമ്മള്‍ ആഘോഷിക്കുകയാണ്. ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതാണ് നമ്മുടെ പരിസ്ഥിതി ദിനാഘോഷം. നട്ടുപിടിപ്പിക്കുന്ന മരങ്ങളുടെയും അവസ്ഥ അതു തന്നെ. ആദ്യത്തേതും അവസാനത്തേതുമായ തുള്ളി വെള്ളവും നനച്ച് യാത്രയാകും. അതോടെ തീരുന്നു പരിസ്ഥിതി സ്‌നേഹവും. ആ മരത്തിന്റെ ആയുസും. ഇത്തരം മരങ്ങളുടെ സംരക്ഷണത്തിന് ഒരു തുടര്‍ച്ച നല്‍കാന്‍ നമുക്ക് കഴിയാതെ പോകുമ്പോള്‍ എന്താണ് പിന്നെ പ്രകൃതിസ്‌നേഹവും, സംരക്ഷണവും എന്ന ചോദ്യം നമുക്ക് മുന്നില്‍ നിലനില്‍ക്കുന്ന വര്‍ത്തമാന കാലത്ത് വിശ്വാസത്തിന്റെ സംരക്ഷണമേകി ആരാധിച്ചു പോരുന്ന ഒരു കഥ പറയാനുണ്ട് കോഴിക്കോട് ജില്ലയിലെ എളേറ്റില്‍ വട്ടോളിക്കടുത്തുള്ള പാറപ്പിലാക്കില്‍ ഭഗവതി ക്ഷേത്ര മുറ്റത്തെ മുത്തശ്ശിമാവിന്.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ മാവിന്റെ പ്രായം എത്രയാണെന്നോ, ക്ഷേത്രം പണിതപ്പോള്‍ മാവ് ആരെങ്കിലും നട്ടുവളര്‍ത്തിയതാണോ അതല്ലെങ്കില്‍ മണ്ണില്‍ തനിയെ മുളച്ചുണ്ടായതാണോ എന്ന കാര്യത്തിലും ആര്‍ക്കും ഇന്നുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ഈ മുത്തശ്ശിമാവിന്റെ തണലിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കുടികൊള്ളുന്ന ദേവതകള്‍ വസിക്കുന്നത് ഈ മുത്തശ്ശിമാവിന്റെ ചോലയിലാണ്. അതുകൊണ്ടാണത്രെ ക്ഷേത്രത്തിലെ ഉത്സവത്തിനും മറ്റും വെളിച്ചപ്പാട് ഉണ്ടാകുമ്പോള്‍ ക്ഷേത്ര പേരായി 'മാച്ചോല 'എന്ന് പറയുന്നതെന്ന് ക്ഷേത്ര ഊരാളന്‍മാര്‍ പറയുന്നു. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ഭഗവതി അമ്മയുടെ ചൈതന്യം സദാസമയവും ഈ തറയിലുണ്ടൊന്നും അതുകൊണ്ട് ഈ മാത്തറയില്‍ ഇരിക്കാനോ അശുദ്ധിയാക്കാനോ പടില്ലെന്നും മാവിന്റെ തറയെ ശുദ്ധിയോടെയും, ഭക്തിയോടെയും സംരക്ഷിക്കണമെന്നും ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്‌നത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ക്ഷേത്ര അവകാശികള്‍ പറയുന്നു.

ക്ഷേത്രത്തിലെ മീനമാസത്തെ ഉത്സവത്തിന് ഈ മാവിനെ പ്രദക്ഷിണം വെക്കുന്ന പതിവ് വര്‍ഷങ്ങളായുള്ളതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ കരിങ്കല്‍ കഷ്ണങ്ങളും മണ്ണുകൊണ്ടും നിര്‍മ്മിച്ച തറയായിരുന്നു ഈ മാവിന് ഉണ്ടായിരുന്നത്. പിന്നീട് വണ്ണമുള്ള വേരുകള്‍ ഉണ്ടായപ്പോള്‍ തറയ്ക്ക് കോട്ടം സംഭവിക്കുകയും അതിനു ശേഷം സിമിന്റ് ഇട്ട് തേച്ചുമിനുക്കിയ തറയായി വൃത്തിയില്‍ സംരക്ഷിച്ചു പോരുകയും ചെയ്യുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ ആദ്യം ഈ മുത്തശ്ശിമാവിനെ വണങ്ങിയതിനു ശേഷമാണ് മറ്റു ദേവതകളെ വണങ്ങുന്നത്.

നല്ല വലുപ്പമുള്ള ഉയരത്തിലുള്ള തടിമരവും തടിയുള്ള ചില്ലകളും ചില്ലകളില്‍ മുഴ പോലുള്ള ഭാഗങ്ങളുമുള്ള ഈ മുത്തശ്ശിമാവിനെ കാണുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാവും നുറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന്. കൂടാതെ മണ്ണിലൂടെ പോകുന്ന വേരുകളില്‍ തടിച്ച മുഴ പോലുള്ള ഭാഗങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ മാത്തറയ്ക്ക് കുറച്ച് ദൂരങ്ങളിലായി ചില ഭാഗങ്ങളില്‍ മണ്ണിന് പുറത്തും കാണാനുണ്ട്. പഴക്കമുണ്ടായിട്ടും എല്ലാ വര്‍ഷവും സീസണില്‍ മാവില്‍ തേനൂറുന്ന മാമ്പഴവും ഉണ്ടാകാറുണ്ട്. ഇത് ഭക്ഷിക്കാന്‍ പലവിഭാഗത്തില്‍ പെട്ട ജീവജാലകങ്ങളും ഈ മുത്തശ്ശിമാവിലെത്താറുണ്ട്. പടര്‍ന്ന് പന്തലിച്ച മാവിന്റെ ചോലയില്‍ സ്ഥിതി ചെയ്യുന്ന 'മാച്ചോല 'യെന്നപേര്‍ ലഭിച്ച ഈ ക്ഷേത്രസന്നിധിയിലെത്തുന്നവര്‍ക്കും, പ്രകൃതിയിലെ ജീവജാലകങ്ങള്‍ക്കും ഒരിക്കലും കോടാലി പതിക്കാത്ത ഈ 'മുത്തശ്ശിമാവ്' സമ്മാനിക്കുന്നത് സംരക്ഷണത്തിന്റെ തണലൊരുന്ന ഒരു അപൂര്‍വ്വ കാഴ്ചയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363871/grandmas-shadow-has-the-protection-of-faith)