---
title: "കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; എസ്ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയില്‍ ചേരും "
english_title: "Kafir screenshot controversy; SIT's first meeting to be held in Vadakara today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363966/kafir-screenshot-controversy-sits-first-meeting-to-be-held-in-vadakara-today"
published_at: "2026-06-05T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a226d74ae5bb_yuuu.JPG"
keywords: []
---

# കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; എസ്ഐടിയുടെ ആദ്യയോഗം ഇന്ന് വടകരയില്‍ ചേരും 

> **Lead Summary:** **വടകര: **വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് വടകരയില്‍ യോഗം ചേരും. എന്തൊക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന് ചര്‍ച്ചയാകും. മുന്‍ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.

## Article Content

**വടകര: **വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാന്‍ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് വടകരയില്‍ യോഗം ചേരും. എന്തൊക്കെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്ന് ചര്‍ച്ചയാകും. മുന്‍ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.

വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്‌കരിക്കുന്ന ദീനിയായ മുസ്ലിമായും കെ.കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്‌ക്രീന്‍ ഷോട്ട്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേര്‍ത്തത്.

ഹൈക്കോടതി ഇടപടെലിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം മുന്നോട്ട് പോയില്ല. അതേസമയം വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും സിപി എം നേതാവിന്റെ ഫേസ്ബുക്ക് പേജില്‍. സിപിഎം ഏരിയ സെക്രട്ടറി എം.പി ഷിബു പയ്യോളിയുടെ ഫേസ്ബുക്ക് പേജിലാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴുമുള്ളത്. ഇയാള്‍ക്കെതിരെ യുത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടും കേസെടുത്തിട്ടില്ല.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ എസ് ഐ ടി അന്വേഷണം മൂലം കഴിയുമെന്ന് കേസില്‍ ഇരയാക്കപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് കാസിം പറഞ്ഞു. 2024 ഏപ്രില്‍ 25 ന് പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ട് ഇപ്പോഴും ഫേസ്ബുക്ക് പേജിലുണ്ട്. ''എവിടേക്കാ ലീഗേ നിങ്ങളീ നാടിനെ കൊണ്ട്‌പോകുന്നത്. വടകരയുടെ മണ്ണ് മതനിരപേക്ഷതയുടേതാണ് അത് വടകരക്കാര്‍ ടീച്ചറെ വിജയിപ്പിച്ച് തെളിയിക്കുക തന്നെ ചെയ്യും'' എന്ന അടിക്കുറിപ്പോടെയാണ് സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363966/kafir-screenshot-controversy-sits-first-meeting-to-be-held-in-vadakara-today)