---
title: "മോഷണം പോയ ബൈക്ക് പത്താം ക്ലാസുകാരന്റെ വീട്ടില്‍"
english_title: "Stolen bike found at 10th grader's house at panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364058/stolen-bike-found-at-10th-graders-house-at-panthirikkara"
published_at: "2026-06-05T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22a6cdca68d_bik.JPG"
keywords: []
---

# മോഷണം പോയ ബൈക്ക് പത്താം ക്ലാസുകാരന്റെ വീട്ടില്‍

> **Lead Summary:** **പന്തിരിക്കര: **അത്തോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസം മുമ്പ് മോഷണം പോയ ബൈക്ക് പന്തിക്കരയിലെ പത്താം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. അടുത്ത കാലത്തായി പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും ബൈക്കുകളും വാഹന ബാറ്ററികളും പെട്രോള്‍ തുടങ്ങിയവ ധാരാളമായി മോഷണം പോയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.

## Article Content

**പന്തിരിക്കര: **അത്തോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു മാസം മുമ്പ് മോഷണം പോയ ബൈക്ക് പന്തിക്കരയിലെ പത്താം ക്ലാസുകാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. അടുത്ത കാലത്തായി പേരാമ്പ്രയിലും സമീപ പ്രദേശങ്ങളിലും ബൈക്കുകളും വാഹന ബാറ്ററികളും പെട്രോള്‍ തുടങ്ങിയവ ധാരാളമായി മോഷണം പോയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്.

പന്തിരിക്കരയുള്ള പത്താം ക്ലാസുകാരന്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ വീട്ടില്‍ നിന്നും വാഹനം കണ്ടെത്തുകയും അത്തോളി സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ ബൈക്ക് ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അത്തോളി പൊലീസ് അത് യഥാര്‍ത്ഥ ഉടമക്ക് തിരിച്ചു നല്‍കുകയും ചെയ്തു.

കൂടുതല്‍ അന്വേഷണം നടത്തിയതില്‍ കുട്ടി ഒറ്റയ്ക്കല്ലെന്നും വലിയ ഒരു ഗ്യാങ് ഉണ്ടെന്നും ഇവര്‍ ഇത്തരത്തില്‍ മുന്‍പും കളവ് നടത്തിയതായും അന്വേഷണസംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വേളം സ്വദേശിയായ പത്താം ക്ലാസുകാരനെ മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിച്ചിരുന്നു ആയത് കൊടുത്തത് പന്തിരിക്കരയുള്ള വിദ്യാര്‍ത്ഥിയാണെന്ന് പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ട്.

മാത്രമല്ല ആവള മഠത്തില്‍ മുക്കില്‍ നിന്നും ഒരു ബൈക്ക് മോഷണം പോവുകയും പിറ്റേദിവസം അവിടെ കൊണ്ടു വെച്ചതും ഈ പത്താംക്ലാസുകാരന്‍ ആണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കുട്ടികളെ കരിയര്‍ മാറാക്കുന്ന ലഹരി സംഘങ്ങളും ഇവര്‍ക്ക് പുറകിലുള്ളതായി പൊലീസിന് സൂചന ലഭിച്ചു. രാത്രികാലങ്ങളില്‍ കുട്ടികള്‍ വീടിനു പുറത്ത് പോകുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.

പേരാമ്പ്ര ഡിവൈഎസ്പി അഗസ്റ്റിന്‍ ടി.എ യുടെ മേല്‍നോട്ടത്തില്‍ പെരുവണ്ണാമൂഴി ഇന്‍സ്‌പെക്ടര്‍ ഇ.എം സജീര്‍, എസ്‌ഐ അനന്ദകൃഷ്ണന്‍, എസ് സിപിഒ സന്തോഷ്, പേരാമ്പ്ര ഡിവൈഎസ്പി സ്‌കോഡ് അംഗങ്ങളായ എസ് സിപിഒ ടി വിനീഷ്, എസ് സിപിഒ സിഞ്ചുദാസ്, സിപിഒ ജയേഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364058/stolen-bike-found-at-10th-graders-house-at-panthirikkara)