---
title: "കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരണം : വി.ഡി. സതീശന്‍"
english_title: "Congress should be brought back to power: VD Satheesan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36462/congress-should-be-brought-back-to-power-vd-satheesan-at-perambra"
published_at: "2022-04-08T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624fd86879a73_VDC1.jpg"
keywords: []
---

# കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടു വരണം : വി.ഡി. സതീശന്‍

> **Lead Summary:** **പേരാമ്പ്ര **: കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരുകയാവണം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര **: കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരുകയാവണം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മിച്ച ഡോ: കെ.ജി. അടിയോടി സ്മാരക കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് തെറ്റായ വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളിലൂടേയും മറ്റും പ്രചരിക്കുന്നത്.

ഒരു ദിവസം വൈകുന്നേരം 5 മണി മുതല്‍ 9 മണി വരെ താനും കെപിസിസി പ്രസിഡന്റും സംസാരിച്ച് പിരിഞ്ഞതാണ് എന്നാല്‍ പിറ്റേ ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്ത കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മിണ്ടാറില്ലെന്നാണ്.

ഇത്തരം വാര്‍ത്തകള്‍ കാണുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാവരുതെന്നും പ്രവര്‍ത്തകരെ വേദനിപ്പിക്കുന്ന ഒരു പ്രവൃത്തിയും നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും സതീശന്‍ ഉറപ്പ് നല്‍കി.

സിപിഎം ട്യൂബ് ലൈറ്റ് പോലെയാണെന്ന് സതീശന്‍ പരിഹസിച്ചു. 15 വര്‍ഷം മുമ്പ് വിദേശ വായ്പ്പ എടുത്തപ്പോള്‍ അത് പറ്റില്ലെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ വിദേശ വായ്പയുടെ പുറകെ പോവുകയാണ്.

വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിക്കുന്ന കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ 50 തോളം ചെറുപ്പക്കാരെ വെട്ടി നുറുക്കിക്കൊന്ന മണ്ണില്‍ സിപിഎമ്മിന്റെ കൈ പിടിക്കാന്‍ കോണ്‍ഗ്രസിന് സൗകര്യമില്ലെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാത്തതിനെ പരാമര്‍ശിച്ച് സതീശന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ: കെ. പ്രവീണ്‍ കുമാര്‍ സിയുസി ഭാരവാഹികളെ ആദരിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ദാസ് ഓണയില്‍ അധ്യക്ഷത വഹിച്ചു.

പി.കെ. രാഗേഷ്, കെ. മധു കൃഷ്ണന്‍, ഷിജു പുല്യാട്ട്, രാജന്‍ കെ. പുതിയേടത്ത്, കെ.കെ. വിനോദന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36462/congress-should-be-brought-back-to-power-vd-satheesan-at-perambra)