---
title: " ഇനി കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ഇല്ല"
english_title: "Virtual autopsy; no more dismembered postmortems"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365130/virtual-autopsy-no-more-dismembered-postmortems"
published_at: "2026-06-10T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2941199c763_uyii.JPG"
keywords: []
---

#  ഇനി കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ഇല്ല

> **Lead Summary:** കോഴിക്കോട് : ഇനി കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ഇല്ല. ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകുന്ന വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

## Article Content

കോഴിക്കോട് : ഇനി കീറിമുറിച്ച് പോസ്റ്റ്‌മോര്‍ട്ടം ഇല്ല. ശരീരം കീറിമുറിക്കാതെ പോസ്റ്റ്‌മോര്‍ട്ടം നടത്താനാകുന്ന വെര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം സംസ്ഥാനത്ത് ആദ്യമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

നൂതന സാങ്കേതികവിദ്യയായ സിടി സ്‌കാനും എംആര്‍ഐ സ്‌കാനും ഉപയോഗിച്ച് മൃതദേഹത്തിന്റെ ആന്തരിക അവയവങ്ങളുടെ ത്രീഡി ദൃശ്യങ്ങള്‍ പകര്‍ത്തി, ശരീരത്തില്‍ ഒരിടത്തുപോലും കത്തി വെക്കാതെ തന്നെ മരണകാരണം കൃത്യമായി കണ്ടെത്തുന്ന അത്യാധുനിക സംവിധാനമാണിത്.

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയിലെ പ്രശ്നങ്ങളും വികസന കാഴ്ചപ്പാടുകളും മനസ്സിലാക്കുന്നതിനുവേണ്ടി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ കായകല്പമെന്ന പേരില്‍ കോഴിക്കോട് തുടക്കമിട്ട ജന സമ്പര്‍ക്ക പരിപാടിയുടെ ഉദ്്ഘാടന ചടങ്ങില്‍ എത്തിയപ്പോഴാണ് വടകര എം.പി. ഷാഫി പറമ്പില്‍ വിര്‍ച്വല്‍ ഓട്ടോപ്‌സിയെ കുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അപ്രതീക്ഷിതമായി പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍, പോസ്റ്റ്മോര്‍ട്ടത്തിനായി അവരുടെ മൃതദേഹം കീറിമുറിക്കുന്നത് കാണേണ്ടി വരുന്നത് ബന്ധുക്കള്‍ക്ക് എത്രത്തോളം വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് ഉദ്്ഘാടന ചടങ്ങിലെ വേദിയില്‍ സംസാരിക്കുകയായിരുന്ന ഷാഫി പറമ്പില്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നാലരക്കോടി രൂപയ്ക്ക് വിര്‍ച്വല്‍ ഓട്ടോപ്‌സി സംവിധാനം കൊണ്ടു വരാനാവും. ഇതിനായി ജില്ലയിലെ ജനപ്രതിനിധികള്‍ തങ്ങളുടെ ഫണ്ടില്‍നിന്ന് ചെറിയൊരു തുക വീതം ഈ പദ്ധതിക്കായി നീക്കി വയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി പറമ്പിലിന്റെ പ്രസംഗത്തിന് മറുപടിയായി സംസാരിച്ച മന്ത്രി കെ. മുരളീധരന്‍ 30 കോടി ചെലവില്‍ സംസ്ഥാനത്ത് വിര്‍ച്വല്‍ ഓട്ടോപ്‌സി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365130/virtual-autopsy-no-more-dismembered-postmortems)