---
title: "മാധ്യമ പ്രവര്‍ത്തനത്തെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കുന്ന രീതി അവസാനിപ്പിക്കണം;  ഐആര്‍എംയു"
english_title: "The practice of demonizing media work in public should end; IRMU"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365189/the-practice-of-demonizing-media-work-in-public-should-end-irmu"
published_at: "2026-06-10T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a299d776366a_rttttttttttttf.JPG"
keywords: []
---

# മാധ്യമ പ്രവര്‍ത്തനത്തെ പൊതുസമൂഹത്തില്‍ താറടിച്ചു കാണിക്കുന്ന രീതി അവസാനിപ്പിക്കണം;  ഐആര്‍എംയു

> **Lead Summary:** **കോഴിക്കോട്: **മാധ്യമ പ്രവര്‍ത്തനത്തെയും യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരെയും പൊതു സമൂഹത്തില്‍ താറടിച്ചു കാണിക്കുന്ന ഇയാടുത്ത കാലത്ത് കണ്ടു വരുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **മാധ്യമ പ്രവര്‍ത്തനത്തെയും യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകരെയും പൊതു സമൂഹത്തില്‍ താറടിച്ചു കാണിക്കുന്ന ഇയാടുത്ത കാലത്ത് കണ്ടു വരുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെന്ന പേരില്‍ മൊബൈല്‍ ക്യാമറകളുമായി മരണവീടുകളില്‍, പൊതു വേദികളില്‍, തള്ളിക്കയറി റീല്‍സുകളും വീഡിയോകളും ചിത്രീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തന്നെകൈക്കൊള്ളണം. വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുകയും, ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് പൊതു സമൂഹത്തില്‍ മാധ്യമ ധര്‍മത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം അപകടകരമായ സാഹചര്യം ഇനിയെങ്കിലും അവസാനിപ്പിക്കണം.

അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കിടെ ഒരുവിഭാഗം ആളുകള്‍ കാട്ടിക്കൂട്ടിയ അല്‍പത്തരങ്ങളാണ് ഇപ്പോള്‍ വലിയ വിവാദത്തിനും ജനരോഷത്തിനും കാരണമായിരിക്കുന്നത്. ഔചിത്യബോധമില്ലാതെ റീച്ചിന് വേണ്ടി മാത്രം ക്യാമറകളുമായി ഇക്കൂട്ടര്‍ നടത്തിയ കടന്നുകയറ്റം പൊതു സമൂഹത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടായത് വലിയ പ്രയാസമാണ്.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ അനുശാസിക്കുന്ന 'ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്' പൂര്‍ണമായും പാലിച്ചുകൊണ്ട് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനത്തിന് കൂടി ഇത്തരം പ്രവര്‍ത്തികള്‍ മൂലം പൊതുസമൂഹത്തിന് മുന്നില്‍ തല കുനിക്കേണ്ട അവസ്ഥയാനുള്ളത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ലൈക്കുകളും വ്യൂസും കൂട്ടാന്‍ വേണ്ടി മാത്രം മൊബൈല്‍ ഫോണും പിടിച്ച് ഇറങ്ങിയിരിക്കുന്ന ഇത്തരം കണ്ടന്റ് ക്രിയേറ്റര്‍മാരെ പൊതുഇടങ്ങളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനത്തിന് അവസരമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. ജില്ല സെക്രട്ടറി പി.കെ പ്രിയേഷ് കുമാര്‍, ഇന്‍ ചാര്‍ജ് സതീഷ് എ പി, സംസ്ഥാന കമ്മിറ്റി അംഗം ദേവരാജ് കന്നാട്ടി, അംജദ് എസ് പി, കമലേഷ് കടലുണ്ടി,ബഷീര്‍ ആരാമ്പ്രം, ധ്രുവന്‍ നായര്‍, സുധീര്‍ പ്രകാശ്, മുഹമ്മദ് റാഷിദ്, കെ.ടി.കെ റഷീദ്, ജംഷിദ് മേലത്ത്, രവി എടത്തില്‍, സുനന്ദ ഗംഗന്‍, രഘുനാഥ് പുറ്റാട് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365189/the-practice-of-demonizing-media-work-in-public-should-end-irmu)