---
title: "ഒരുമിച്ചു പഠിച്ചവര്‍ ഒരേ സ്‌കൂളിലെ പ്രധാനധ്യാപകര്‍"
english_title: "Those who studied together are head teachers of the same school at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365582/those-who-studied-together-are-head-teachers-of-the-same-school-at-meppayoor"
published_at: "2026-06-12T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2be55e59ce1_rttttttttttt.jpg"
keywords: []
---

# ഒരുമിച്ചു പഠിച്ചവര്‍ ഒരേ സ്‌കൂളിലെ പ്രധാനധ്യാപകര്‍

> **Lead Summary:** **മേപ്പയൂര്‍ :** മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കാണാ കാഴ്ച. ഒരുമിച്ചു പഠിച്ചവര്‍ ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകര്‍. 1990-92 കാലഘട്ടത്തില്‍ വടകര ഡയറ്റില്‍ ടി.ടി.സിക്ക് പഠിച്ച പ്രീതിയും സുനന്ദയുമാണ് ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകരായിരിക്കുന്നത്.

## Article Content

**മേപ്പയൂര്‍ :** മേപ്പയൂര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കാണാ കാഴ്ച. ഒരുമിച്ചു പഠിച്ചവര്‍ ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകര്‍. 1990-92 കാലഘട്ടത്തില്‍ വടകര ഡയറ്റില്‍ ടി.ടി.സിക്ക് പഠിച്ച പ്രീതിയും സുനന്ദയുമാണ് ഒരേ സ്‌കൂളില്‍ പ്രധാനാധ്യാപകരായിരിക്കുന്നത്.

മേപ്പയൂര്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 2523 കുട്ടികളാണുള്ളത്. എന്നാല്‍ കുട്ടികള്‍ കൂടുതലുള്ളതുകൊണ്ട് ഇവിടെ രണ്ട് പ്രധാനാധ്യാപകന്റെ തസ്തികയാണുള്ളത്. ഇത്തരം തസ്തികയുള്ള അപൂര്‍വ്വം സ്‌കൂളുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ഒരു പ്രധാനാധ്യാപകന്‍ അക്കാദമിക് കാര്യങ്ങളും മറ്റൊരാള്‍ ഭരണകാര്യങ്ങളുമാണ് കൈകാര്യം ചെയ്യേണ്ടത്. ടി.ടി.സി കഴിഞ്ഞിറങ്ങിയ സുനന്ദ 1996 ലും പ്രീതി 1997 ലും സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ അധ്യാപകരായി നിയമനം നേടി. പിന്നീട് ഇരുവരും ബിഎഡ് ചെയ്ത് ഹൈസ്‌കൂള്‍ പ്രമോഷന്‍ നേടി.

പ്രീതി മടപ്പള്ളി ഗവ: ഹൈസ്‌കൂളില്‍ നിന്ന് കഴിഞ്ഞവര്‍ഷമാണ് പ്രമോഷനായി മേപ്പയ്യൂര്‍ ഗവ: സ്‌കൂളിലെത്തിയത്. സുനന്ദ ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലും കൊയിലാണ്ടി ഫിഷറീസ് ഗവ: സ്‌കൂളിലും പ്രധാനാധ്യാപികയായി ജോലി ചെയ്ത ശേഷമാണ് സ്ഥലം മാറി മേപ്പയൂര്‍ സ്‌കൂളില്‍ എത്തിയത്.

പഴയ സഹപാഠിക്ക് വലിയ സ്വീകരണമാണ് പ്രീതി ടീച്ചറുടെ നേതൃത്വത്തില്‍ ഒരുക്കിയത്. പ്രീതി 2030 ലും സുനന്ദ 2028 ലും ആണ് വിരമിക്കുന്നത്. സ്ഥലം മാറ്റങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഈ സഹപാഠികള്‍ക്ക് രണ്ടുവര്‍ഷം ഒരുമിച്ച് സംസ്ഥാനത്തെ തന്നെഏറ്റവും പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്‌കൂളില്‍ പ്രധാനാധ്യാപകരായി തുടരാം.

മേപ്പയൂര്‍ ജനകീയ മുക്കിലാണ് പ്രീതിയുടെ സ്വദേശം. വടകര ഹരികാവ്യത്തില്‍ റിട്ട: കനറാ ബാങ്ക് ജീവനക്കാരന്‍ ശ്രീജിത്താണ് ഭര്‍ത്താവ്. മക്കള്‍ കാവ്യ (എംബിബിഎസ് വിദ്യാര്‍ത്ഥി), ശ്രീഹരി (എം.ബി.എ വിദ്യാര്‍ത്ഥി). റിട്ട:ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ സുനില്‍ കുമാര്‍ ആണ് സുനന്ദ ടീച്ചറുടെ ഭര്‍ത്താവ്. മക്കള്‍ അമല്‍ (ബിടെക് കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചു), ആര്‍ദ്ര (ബിഎഡ് പൂര്‍ത്തിയാക്കി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365582/those-who-studied-together-are-head-teachers-of-the-same-school-at-meppayoor)