---
title: "പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പ്രിയങ്കരമാക്കി പേരാമ്പ്ര"
english_title: "Priyadarshini makes free travel for women a favorite in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366107/priyadarshini-makes-free-travel-for-women-a-favorite-in-perambra"
published_at: "2026-06-15T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fb00c0543a_lailu.JPG"
keywords: []
---

# പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പ്രിയങ്കരമാക്കി പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര: ** സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്രയ്ക്ക് പേരാമ്പ്രയില്‍ പ്രൗഢഗംഭീരമായ തുടക്കം.

## Article Content

**പേരാമ്പ്ര: ** സംസ്ഥാനത്തെ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സ്ത്രീ സൗജന്യയാത്രയ്ക്ക് പേരാമ്പ്രയില്‍ പ്രൗഢഗംഭീരമായ തുടക്കം.

പൂര്‍ണ്ണമായും സൗജന്യ യാത്രയൊരുക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിര ഗ്യാരന്റി പദ്ധതിയുടെ ഭാഗമായ 'പ്രിയദര്‍ശിനി സൗജന്യ യാത്ര' പദ്ധതിയുടെ പേരാമ്പ്ര നിയോജക മണ്ഡലതല ഉദ്ഘാടനം പേരാമ്പ്ര ബസ്റ്റാന്റില്‍ എം എല്‍ എ അഡ്വ. ഫാത്തിമ തഹിലിയ നിര്‍വ്വഹിച്ചു.

പേരാമ്പ്ര ബസ്റ്റാന്റില്‍ നിന്നും ആരംഭിച്ച യാത്രയില്‍ സ്ത്രീകളോടൊപ്പം സന്തോഷം പങ്കുവെച്ച് എം എല്‍ എയും ആദ്യയാത്രയില്‍ പങ്കുചേര്‍ന്നു. മുദ്രാവാക്യം വിളിച്ചും മുഖ്യമന്ത്രിക്കും യു.ഡി.എഫിനും അഭിവാദ്യമര്‍പ്പിച്ചുമാണ് ആദ്യ ബസിനെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. സമത്വവും സാമൂഹിക നീതിയും ഉറപ്പ് വരുത്തുന്നതിനും സാമ്പത്തിക സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ടും കേരള സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുള്ള കാര്യം ഇവിടെ പൂര്‍ത്തീകരിക്കുകയാണന്ന് എം എല്‍ എ പറഞ്ഞു.

അതിന്റെ ഒന്നാം ഘട്ടമായി സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രയാണ് ഇന്ന് രാവിലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വളരെ സാധാരണക്കാരായ നിത്യവും ജോലിക്ക് പോകുന്ന സ്ത്രീകളെ സംബന്ധിച്ച് ഇത് വലിയൊരു മുതല്‍ക്കൂട്ടാണ്. 

പ്രത്യേകിച്ച് പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരവധി സ്ത്രീകളാണ് നഗരത്തിലേക്ക് ജോലിക്കും മറ്റു ആവശ്യങ്ങള്‍ക്കും പോകുന്നത്. അതു കൊണ്ടു തന്നെ സുരക്ഷിതവും സൗകര്യപ്രദവും ചെലവില്ലാത്തതുമായ ഈ പൊതുഗതാഗത സേവനം സ്ത്രീകള്‍ക്ക് വലിയൊരു ആശ്വാസം തന്നെയാണ് നല്‍കുന്നതെന്നും ഫാത്തിമ തഹലിയ പറഞ്ഞു.

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര' എന്ന സ്റ്റിക്കര്‍ പതിച്ച അണിഞ്ഞൊരുങ്ങിയ കെ എസ് ആര്‍ ടി സി ബസ് കാലത്ത് 9 മണിയോടെ പേരാമ്പ്ര ബസ് സ്റ്റാന്റിലേക്ക് എത്തിയപ്പോള്‍ സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ വന്‍ ജനാവലി സര്‍ക്കാറിനും ബസ് യാത്രക്കും അഭിവാദ്യമര്‍ച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.

പിന്നീട് ബസ് യാത്ര ആരംഭിച്ചപ്പോഴും സര്‍ക്കാറിനും യാത്രക്കും അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള മുദ്രാവാക്യത്തിന് ഒട്ടും കുറവില്ലായിരുന്നു.

പായസവും, മിഠായിയും വിതരണം ചെയ്ത് പല സ്റ്റോപ്പുകളിലും ജനങ്ങള്‍ ബസ് യാത്രയെ വരവേറ്റപ്പോള്‍ ബസ്സില്‍ കയറി സൗജന്യ യാത്ര ചെയ്ത ' സ്ത്രീകളൊന്നടങ്കം 'പ്രയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര'യെ പ്രിയങ്കര യാത്രയായി മാറ്റിയിരുന്നു.

പേരാമ്പ്ര ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ പേരാമ്പ്ര എം എല്‍ എ അഡ്വ.ഫാത്തിമ തഹലിയ യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലതിക വിനോദ്, നസീമ വാഴയില്‍, യുഡിഎഫ് നേതാക്കളായ രാജന്‍ മരുതേരി, ആര്‍.കെ മുനീര്‍, ടി.പി ചന്ദ്രന്‍, എം. സൈറാബാനു, വഹീദ പറേമ്മല്‍, ഗിരിജ ശശി, സൗഫി താഴെക്കണ്ടി, വി. ആലീസ് മാത്യൂ, ഷര്‍ മിന കോമത്ത്, ചിത്രരാജന്‍, രേഷ്മ പൊയില്‍, സല്‍മ നന്മനക്കണ്ടി, . കെ.കെ സുവര്‍ണ്ണ, വി.സക്കീന, അസ്വ.കെ.അപര്‍ണ്ണ ,കെ.കുഞ്ഞയിഷ, ജാനു കണിയാംകണ്ടി തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366107/priyadarshini-makes-free-travel-for-women-a-favorite-in-perambra)