---
title: "ചക്കിട്ടപാറ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം"
english_title: "Cyclone causes extensive damage in Chakkittapara Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366287/cyclone-causes-extensive-damage-in-chakkittapara-panchayath"
published_at: "2026-06-16T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30e44a4e432_hhhhhhhhhhyyyyyyyyyyyyy.jpg"
keywords: []
---

# ചക്കിട്ടപാറ പഞ്ചായത്തില്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം

> **Lead Summary:** **ചക്കിട്ടപാറ:** കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ശക്തമായ ചുഴലിക്കാറ്റിലും ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 3 മണിയോടെ ഉണ്ടായ മിന്നല്‍ ചുഴലിയിലാണ് പലയിടങ്ങളിലും വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീഴുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും മരങ്ങള്‍ വീണ് വൈദ്യുതി തൂണുകളും ലൈനും പൊട്ടിവീഴുകയും വൈദ്യുതി വിതരണവും തകരാറിലാവുകയും ചെയ്തത്.

## Article Content

**ചക്കിട്ടപാറ:** കഴിഞ്ഞ ദിവസമുണ്ടായ മഴയിലും ശക്തമായ ചുഴലിക്കാറ്റിലും ചക്കിട്ടപാറ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 3 മണിയോടെ ഉണ്ടായ മിന്നല്‍ ചുഴലിയിലാണ് പലയിടങ്ങളിലും വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ വീഴുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും മരങ്ങള്‍ വീണ് വൈദ്യുതി തൂണുകളും ലൈനും പൊട്ടിവീഴുകയും വൈദ്യുതി വിതരണവും തകരാറിലാവുകയും ചെയ്തത്.

ചക്കിട്ടപാറ പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ മുടിയന്‍ ചാല്‍ കോട്ടോല്‍മീത്തല്‍ കണാ രന്‍കുട്ടിയുടെ വീടിനു മേല്‍ തെങ്ങും, പുത്തന്‍പുരയ്ക്കല്‍ രാജുവിന്റെ വീടിനു മേല്‍ കവുങ്ങും, വലിയപറമ്പില്‍ പത്മനാഭന്റെ വീടിനു മേല്‍ പ്ലാവ് മരവും, പന്തിരിക്കരമീത്തല്‍ പ്രകാശിന്റെ വീടിനു മേല്‍ തെങ്ങും, ചക്കിട്ടപാറയിലെ കരുമാംതടത്തില്‍ മോളി സുരേഷിന്റെ വീടിനു മേല്‍ വന്‍മരവും വീണ് നാശനഷ്ടമുണ്ടായി.

കൂടാതെ കൃഷിയിടങ്ങളില്‍ ഒട്ടേറെ കാര്‍ഷിക വിളകള്‍ നിലംപൊത്തി. കൂവപ്പൊയില്‍ ആലക്കളത്തില്‍ പ്രസാദ് ജോര്‍ജ്, പഴയപറമ്പില്‍ ഷെറി എന്നിവരുടെ വിളകളാണ് നശിച്ചത്.

ചക്കിട്ടപാറ പഞ്ചായത്ത്, കുളത്തുവയല്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകളും കാറ്റില്‍ നശിച്ചു. മറുമണ്ണ് വാഴുന്നോര്‍വയലില്‍ കാര്‍ത്ത്യായനിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് അംഗം സുജാത മനയ്ക്കല്‍, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366287/cyclone-causes-extensive-damage-in-chakkittapara-panchayath)