---
title: "പെട്രോളിയം പമ്പില്‍നിന്ന് വെള്ളം കലര്‍ന്ന പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടതായി പരാതി."
english_title: "A complaint was made that petrol mixed with water was discharged from a petroleum pump using a motor."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366427/a-complaint-was-made-that-petrol-mixed-with-water-was-discharged-from-a-petroleum-pump-using-a-motor"
published_at: "2026-06-16T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a317eb692703_fayiz.JPG"
keywords: []
---

# പെട്രോളിയം പമ്പില്‍നിന്ന് വെള്ളം കലര്‍ന്ന പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടതായി പരാതി.

> **Lead Summary:** **മുയിപ്പോത്ത്: **ഐ.പി. പെട്രോളിയം പമ്പില്‍നിന്ന് വെള്ളം കലര്‍ന്ന പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടതായി പരാതി. പമ്പുടമയുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ സരോവരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പമ്പിന് മുന്നില്‍ ധര്‍ണയും മുയിപ്പോത്ത് ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.

## Article Content

**മുയിപ്പോത്ത്: **ഐ.പി. പെട്രോളിയം പമ്പില്‍നിന്ന് വെള്ളം കലര്‍ന്ന പെട്രോള്‍ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് ഒഴുക്കിവിട്ടതായി പരാതി. പമ്പുടമയുടെ നടപടിക്കെതിരെ പ്രദേശവാസികള്‍ സരോവരം റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പമ്പിന് മുന്നില്‍ ധര്‍ണയും മുയിപ്പോത്ത് ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി.

കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പമ്പിലെ ഭൂഗര്‍ഭ ടാങ്കില്‍ വിള്ളലുണ്ടാവുകയും അതിലേക്ക് മഴവെള്ളം കലരുകയുമായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് പമ്പില്‍നിന്ന് ഇന്ധനമടിച്ച വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതോടെ ഉപഭോക്താക്കള്‍ ഇവിടെനിന്ന് പെട്രോള്‍ അടിക്കുന്നത് നിര്‍ത്തിയതായും പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതോടെ ടാങ്കില്‍ അവശേഷിച്ച വെള്ളം കലര്‍ന്ന പെട്രോള്‍ നിയമാനുസൃതമായ രീതിയില്‍ ടാങ്കറിലാക്കി മാറ്റി സംസകരിക്കുന്നതിന് പകരം മൂന്ന് ദിവസം മുന്‍പ് രാത്രിയില്‍ പമ്പുടമ മോട്ടോര്‍ വെച്ച് പമ്പിന് പിന്നിലെ ഓടയിലേക്ക് പമ്പ് ചെയ്ത് കളയുകയായിരുന്നുവെന്ന് സമരക്കാര്‍ പറഞ്ഞു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്, പമ്പിന് തൊട്ടടുത്തുതന്നെ ഒരു ഡയാലിസിസ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്രയും ജനവാസമേറിയ മേഖലയിലെ ഓടയിലേക്ക് ഇന്ധനം ഒഴുക്കിവിട്ടതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളായ കിണറുകള്‍ മുഴുവന്‍ മലിനമാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

പെട്രോള്‍ മോട്ടോര്‍ വെച്ച് അടിച്ച ഭാഗത്തെ പുല്ലും സസ്യങ്ങളും പൂര്‍ണ്ണമായും കരിഞ്ഞുണങ്ങിയ നിലയിലാണന്നും ഇത് വലിയൊരു പരിസ്ഥിതി ദുരന്തത്തിന് കാരണമാകുമെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതിനെതിരെ നാട്ടുകാര്‍ ബന്ധപ്പെട്ട ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളുടെ കുടിവെള്ള സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വി.ടി രാധ ധര്‍ണ്ണ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സരോവരം അസോസിയേഷന്‍ പ്രസിഡന്റ് വിസ്മയ അധ്യക്ഷത വഹിച്ചു. സി.പി. കുഞ്ഞമ്മദ്, ടി.എന്‍.സി. ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.കെ.പി. ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എം.കെ. സിജു നന്ദിയും പറഞ്ഞു. നെല്ലിയോട്ട് വേണു, എം. എം പ്രദീപന്‍ ,നെല്ലയോട്ട് രാഗിത് എം കെ ഉഷ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി,

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366427/a-complaint-was-made-that-petrol-mixed-with-water-was-discharged-from-a-petroleum-pump-using-a-motor)