---
title: "പൈതോത്ത് താനിക്കണ്ടി റൂട്ടില്‍ യാത്രാദുരിതം രൂക്ഷം; റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം "
english_title: "Traffic congestion on Pythoth Thanikandi route; Road construction should be completed soon"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36885/traffic-congestion-on-pythoth-thanikandi-route-road-construction-should-be-completed-soon"
published_at: "2022-04-10T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6252c6e490c58_dddd.jpg"
keywords: []
---

# പൈതോത്ത് താനിക്കണ്ടി റൂട്ടില്‍ യാത്രാദുരിതം രൂക്ഷം; റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം 

> **Lead Summary:** **പേരാമ്പ്ര: **കിഴക്കന്‍ മലയോര മേഖലകളായ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പ്രദേശങ്ങളെ പേരാമ്പ്ര ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പൈതോത്ത് താനിക്കണ്ടി റൂട്ടില്‍ യാത്രാദുരിതം രൂക്ഷമായി.

## Article Content

**പേരാമ്പ്ര: **കിഴക്കന്‍ മലയോര മേഖലകളായ ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് പ്രദേശങ്ങളെ പേരാമ്പ്ര ടൗണുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന പൈതോത്ത് താനിക്കണ്ടി റൂട്ടില്‍ യാത്രാദുരിതം രൂക്ഷമായി.

വേനല്‍ മഴയെ തുടര്‍ന്ന് നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന റോഡില്‍ വെള്ളവും ചെളിയും തളം കെട്ടി നിന്ന് കാല്‍ നടയാത്രക്ക് പോലും കഴിയാത്ത സ്ഥിതിയാണ്.

പുത്തന്‍ പുരയ്ക്കല്‍ താഴ, പൈതോത്ത്, കൊടുവള്ളി താഴ എന്നിവിടങ്ങളില്‍ റോഡില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നു. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കത്തതിനാല്‍ കരാറുകാരനെ നീക്കി വീണ്ടും ടെണ്ടര്‍ ചെയ്ത റോഡാണ് ഇത്.

7 കിലോമീറ്റര്‍ വരുന്ന റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി പലേടത്തും കിളച്ചിട്ടിരിക്കുന്നതിന്നാല്‍ മഴ പെയ്തതോടെ ചളിക്കുളമായതായും മഴ ശക്തമായാല്‍ ഇത് കൂടുതല്‍ രൂക്ഷമാവുമെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.

റോഡ് ചളിക്കുളമായതോടെ നാട്ടുകാരുടെ ഏകാ ആശ്രയമായ ജീപ്പ്-ഓട്ടോ സര്‍വീസും തടസപ്പെടുകയാണ്. ഇത് കാരണം വിളയാട്ടു കണ്ടിമുക്ക്, താനിക്കണ്ടി, പൈതോത്ത് മേഖലയിലെ തൊഴിലാളികളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാര്‍ക്ക് കൃത്യസമയത്ത് പേരാമ്പ്ര ടൗണിലെത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണ്.

രോഗികളെ പോലും കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാന്‍ പാടുപെടുകയാണ് നാട്ടുകാര്‍. കുളത്തുവയല്‍ ഹയര്‍ സെക്കണ്ടറി, കൂത്താളി ഹയര്‍ സെക്കണ്ടറി, കണ്ണോത്ത് യുപി സ്‌കൂള്‍, കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, ആയുര്‍വേദാശുപത്രി, വില്ലേജ് ഓഫിസ്, കൃഷിഭവന്‍, പേരാമ്പ്ര താലൂക്ക് ആശുപത്രി തുടങ്ങിയവയിലെത്തേണ്ടവര്‍ മാസങ്ങളായി ദുരിതമനുവിക്കുകയാണ്.

റോഡ് നിര്‍മ്മാണം മഴക്കാലത്തിന് മുമ്പ് പൂര്‍ത്തിയാക്കി നാട്ടുകാരുടെ കടുത്ത യാത്രാ ക്ലേശം പരിഹരിക്കണമെന്ന് കിഴക്കന്‍ പേരാമ്പ്ര എപിജെ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36885/traffic-congestion-on-pythoth-thanikandi-route-road-construction-should-be-completed-soon)