---
title: "ഗ്രാമസഭ; ആരോപണവുമായി ഇരു വിഭാഗവും"
english_title: "Gram Sabha; Both parties make allegations"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369205/gram-sabha-both-parties-make-allegations"
published_at: "2026-06-29T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42387f69104_tyr.jpg"
keywords: []
---

# ഗ്രാമസഭ; ആരോപണവുമായി ഇരു വിഭാഗവും

> **Lead Summary:** **പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മുന്‍ മെമ്പറുടെ നേതൃത്വത്തില്‍ നിലവിലെ എട്ടാം വാര്‍ഡ് മുളിയങ്ങല്‍ നഗര്‍ - പൂക്കടവത്ത് ഭാഗം ഗ്രാമസഭ വാളൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന ഗ്രാമസഭതില്‍ ആരോപണവുമായി ഇരു വിഭാഗവും. വാര്‍ഡ് മെമ്പറെ കയ്യേറ്റം ചെയ്തുവെന്ന് യുഡിഎഫും ഗ്രാമസഭയില്‍ മുന്‍മെമ്പര്‍ക്കെതിരെ അക്രമം നടത്തിയെന്നും എല്‍ഡിഎഫും ആരോപിച്ചു.

## Article Content

**പേരാമ്പ്ര: **നൊച്ചാട് ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് മുന്‍ മെമ്പറുടെ നേതൃത്വത്തില്‍ നിലവിലെ എട്ടാം വാര്‍ഡ് മുളിയങ്ങല്‍ നഗര്‍ - പൂക്കടവത്ത് ഭാഗം ഗ്രാമസഭ വാളൂര്‍ ഗവ. യുപി സ്‌കൂളില്‍ നടന്ന ഗ്രാമസഭതില്‍ ആരോപണവുമായി ഇരു വിഭാഗവും. വാര്‍ഡ് മെമ്പറെ കയ്യേറ്റം ചെയ്തുവെന്ന് യുഡിഎഫും ഗ്രാമസഭയില്‍ മുന്‍മെമ്പര്‍ക്കെതിരെ അക്രമം നടത്തിയെന്നും എല്‍ഡിഎഫും ആരോപിച്ചു.

ബഹളത്തിനിടെ മെമ്പര്‍ ടി.പി നാസറെ കയ്യേറ്റം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നും പരിക്കേറ്റ മെമ്പര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഗ്രാമസഭ അലങ്കോലമാക്കാന്‍ ഇരുപതോളം വരുന്ന ആളുകളാണ് സംഘടിച്ചതെന്നും ഇവര്‍ ഗ്രാമ സഭ മിനിറ്റ്‌സില്‍ ഒപ്പു പോലും വെക്കാതെ കയ്യേറ്റത്തിന് നേതൃത്വം നല്‍കുകയാണ് ഉണ്ടായതെന്നും അവര്‍ പറഞ്ഞു. മുന്‍ മെമ്പര്‍ ടി.വി ഷിനി , ഗംഗാധരന്‍, രവീന്ദ്രന്‍ എടക്കണ്ടി, ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗ്രാമ സഭ കയ്യേറിയതെന്നും ഈ സമയം ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്തിയ പഞ്ചായത്ത് ആരോഗ്യ-വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി. സുജിത്ത്, വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ സുനിത മലയില്‍, മെമ്പര്‍മാരായ എസ്.കെ ഹസ്സൈനാര്‍, എസ് രാജീവ് എന്നിവര്‍ സമാധാനശ്രമത്തിന് മുതിര്‍ന്നെങ്കിലും സംഘടിച്ചെത്തിയവര്‍ വഴങ്ങിയില്ലെന്നും സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ ടി പി നാസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ ഗ്രാമസഭയില്‍ പങ്കെടുക്കാനെത്തിയവരെ വാര്‍ഡ് മെമ്പര്‍ ടിപി നാസറിന്റെ നേതൃത്വത്തില്‍ ആക്രമിച്ചുവെന്നും എട്ടാം വാര്‍ഡിലെ മുളിയങ്ങല്‍ നഗര്‍ - പൂക്കടവത്ത് ഭാഗം അയല്‍സഭാ രൂപീകരണ യോഗത്തില്‍ തെറ്റായ രീതിയില്‍ കമ്മറ്റി പിടിച്ചെടുക്കാന്‍ അയല്‍സഭക്ക് പുറത്തുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ സി. റഷീദിനൊപ്പം യോഗത്തിലെത്തിയ വാര്‍ഡ് മെമ്പര്‍ , മെമ്പര്‍ക്ക് താല്പര്യമുള്ളവരെ മാത്രം കമ്മറ്റിയിലുള്‍പ്പെടുത്താന്‍ റഷീദിന് നിര്‍ദ്ദേശം നല്കുകയും ചെയ്തുവെന്ന് എല്‍ഡിഎഫ് ആരോപിച്ചു.

അപ്രകാരം റഷീദ് സ്വന്തക്കാരായ ചുരുക്കം ചില ആളുകളോട് കമ്മറ്റിയുടെ പാനല്‍ എഴുതി നല്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു വെന്നും എന്നാല്‍ ഇത് ശരിയല്ലെന്നും കമ്മറ്റിയെ സുതാര്യമായ രീതിയില്‍ തെരഞ്ഞെടുക്കണമെന്നും അതിന് എല്ലാവര്‍ക്കും അവസരം നല്കണമെന്നും പ്രദേശവാസികളായവര്‍ യോഗത്തില്‍ വെച്ച് ആവശ്യമുയര്‍ത്തുകയുമുണ്ടായിയെന്നും എന്നാല്‍ വാര്‍ഡ് മെമ്പര്‍ ടിപി നാസര്‍ എന്റെ വാര്‍ഡില്‍ ഞാന്‍ പറയുംപോലെ മാത്രമേ കമ്മറ്റി രൂപീകരിക്കുകയുള്ളൂവെന്നും അതിന് സൗകര്യമുള്ളവര്‍ യോഗത്തിലിരുന്നാല്‍ മതിയെന്നും പറഞ്ഞപ്പോള്‍ നഗറിലെ സ്ത്രീകളുള്‍പ്പെടെയുള്ള ഇരുപത്തിയഞ്ചോളം പ്രദേശവാസികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയുമുണ്ടായതെന്നും എല്‍ഡിഎഫ് പറഞ്ഞു.

വാര്‍ഡ് മെമ്പര്‍ ടിപി നാസര്‍ പരാതിക്കാരോട് ഗ്രാമസഭ കലക്കാന്‍ വന്നതാണോയെന്ന് പറഞ്ഞ് ക്ഷോഭിച്ച് ചീത്തവിളിക്കുകയുമുണ്ടായി. തുടര്‍ന്ന് സംഘടിച്ചെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ബൈജു, രവീന്ദ്രന്‍, ഗംഗാധരന്‍, ലാലു എന്നിവരുടെ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ശക്തിയായി പിന്നോട്ട് തള്ളുകയുമുണ്ടായി. ശക്തിയായ മര്‍ദ്ദനത്തിലും തള്ളലിലും പെട്ട് മുന്‍ മെമ്പര്‍ ഷിനി ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ടി.പി .നാസര്‍, കിഴക്കയില്‍ കുഞ്ഞബ്ദുള്ള ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പേരാമ്പ്ര പൊലീസില്‍ പരാതി നല്കിയിട്ടുണ്ട്.

യോഗത്തില്‍ നിന്ന് ഇറങ്ങി വന്നവര്‍ വാര്‍ഡ്മെമ്പറുടെ തെറ്റായ തെരഞ്ഞെടുപ്പ് രീതിക്കെതിരെ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നല്കി. കൂടാതെ പേരാമ്പ്ര പൊലീസിലും പരാതി നല്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369205/gram-sabha-both-parties-make-allegations)