---
title: "ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി"
english_title: "Traders and Industry Committee declares full support in the fight against drug addiction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/369670/traders-and-industry-committee-declares-full-support-in-the-fight-against-drug-addiction"
published_at: "2026-07-01T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b4b23d039_2_0000_ATTACH__copy.JPG"
keywords: []
---

# ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി

> **Lead Summary:** **വെള്ളിയൂര്‍: **നാട്ടില്‍ മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കു മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി വെള്ളിയൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

## Article Content

**വെള്ളിയൂര്‍: **നാട്ടില്‍ മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന മയക്കു മരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി വെള്ളിയൂര്‍ യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു.

വിദ്യാര്‍ഥികളെയും പുതു തലമുറയെയും ലക്ഷ്യമിട്ട് ലഹരി മാഫിയകള്‍ സജീവമാണെന്നും ഇവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ലഹരിക്കെതിരായ പോരാട്ടം കൊണ്ട് മാത്രം കാര്യമില്ലെന്നും, ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഓരോ പഞ്ചായത്തുകളിലും ലഹരിമുക്ത കേന്ദ്രങ്ങളും കൗണ്‍സിലിംഗ് സെന്ററുകളും ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും സമ്മേളനം വിലയിരുത്തി.

ലഹരിയില്‍ നിന്ന് മോചിതരായവര്‍ വീണ്ടും പഴയ ശീലത്തിലേക്ക് വഴുതി വീഴാതിരിക്കാന്‍ കൃത്യമായ കൗണ്‍സിലിംഗും അവര്‍ക്കായി കായിക-വിനോദ സൗകര്യങ്ങളും പഞ്ചായത്തുകള്‍ ഒരുക്കണം.

ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ട് എല്ലാ പഞ്ചായത്തുകള്‍ക്കും അനുവദിക്കണമെന്നും,  ഇക്കാര്യത്തില്‍ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതൃത്വവും ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഏരിയ പ്രസിഡണ്ട് എ.എം. കുഞ്ഞിരാമന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. അസ്സയിനാര്‍ അധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി ബി.എം. മുഹമ്മദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കെ. ഭാസ്‌കരന്‍, എ.എം ബാബു, ഹമീദ് കിളായിയില്‍, കെ.എല്‍ റിന്റ, എം.കെ. പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ഷംസീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിജയന്‍ നന്ദിയും പറഞ്ഞു.

സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി കെ.വി. അസ്സയിനാര്‍ പ്രസിഡന്റ്, പി.ഷംസീര്‍ സെക്രട്ടറി, എം.കെ.പ്രകാശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/369670/traders-and-industry-committee-declares-full-support-in-the-fight-against-drug-addiction)