---
title: "പ്രമുഖ നാടകപ്രവര്‍ത്തകന്‍ കടിയങ്ങാട് എന്‍. കുഞ്ഞികൃഷ്ണനെ അനുസ്മരിച്ച് യുവകലാസാഹിതി "
english_title: " Yuvakalasahithi in memory of Prominent playwright    Kadiangad  N.Kunchikrishnan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/37047/yuvakalasahithi-in-memory-of-prominent-playwright-kadiangad-nkunchikrishnan"
published_at: "2022-04-11T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6254032929a8d_0000 anusmaranam1.JPG"
keywords: []
---

# പ്രമുഖ നാടകപ്രവര്‍ത്തകന്‍ കടിയങ്ങാട് എന്‍. കുഞ്ഞികൃഷ്ണനെ അനുസ്മരിച്ച് യുവകലാസാഹിതി 

> **Lead Summary:**  **പേരാമ്പ്ര**: സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകപ്രവര്‍ത്തകന്‍ കടിയങ്ങാട് എന്‍.കുഞ്ഞികൃഷ്ണനെ യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

## Article Content

 **പേരാമ്പ്ര**: സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നാടകപ്രവര്‍ത്തകന്‍ കടിയങ്ങാട് എന്‍.കുഞ്ഞികൃഷ്ണനെ യുവകലാസാഹിതി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.

പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണം  യുവകലാസാഹിതി രക്ഷാധികാരി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്‍ എന്ന നിലയിലും പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും നിഷ്‌കളങ്കതയും ആത്മസമര്‍പ്പണവും കൈമുതലാക്കിയ കമ്മ്യൂണിസ്റ്റ്കാരനെയാണ് എന്‍. കുഞ്ഞികൃഷ്ണന്റെ നിര്യാണത്തിലൂടെ നഷ്ടപെട്ടതെന്ന് ടി.വി. ബാലന്‍ അനുസ്മരിച്ചു.

ആധുനിക നാടക തിയേറ്റര്‍ രീതികള്‍ പാശ്ചാത്യ ലോകത്ത് രൂപപ്പെടുന്നതിന്ന് മുമ്പ് തന്നെ എന്‍.കുഞ്ഞികൃഷ്ണനും  സഹപ്രവര്‍ത്തകരും അത് നാട്ടില്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു.

വര്‍ത്തമാനകാല ജീവിതത്തിലെ ദുഷ്പ്രവണതകളെ നാടകത്തിലൂടെ പ്രതിഫലിപ്പിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന് നേതൃത്വം നല്‍കിയ പ്രതിഭാശാലിയാണ് കടിയങ്ങാട് എന്‍.കുഞ്ഞികൃഷ്ണനെന്ന് പ്രമുഖ നാടക രചയിതാവും എഴുത്തുകാരനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ രാജന്‍ തിരുവോത്ത് പറഞ്ഞു.

സെക്രട്ടറി ഷിനു രാജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് എ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ കാവില്‍ പി. മാധവന്‍, മുഹമ്മദ് പേരാമ്പ്ര, അഷറഫ് കുരുവട്ടൂര്‍, ശിവദാസന്‍ ചെമ്പ്ര, ശ്രീധരന്‍ നൊച്ചാട്, പി.കെ. സുരേഷ്, രാജീവന്‍ മമ്മിളി, കലാനിലയം ഭാസ്‌കരന്‍നായര്‍, എം.എ. മജീദ്, ടി.പി. ശിവാനന്ദന്‍, ഒ.ടി. രാജന്‍ മാസ്റ്റര്‍, എ.ജി. രാജന്‍, ഡയാന രാഘവക്കുറുപ്പ്, വി.കെ. ചന്തു തുടങ്ങിയവര്‍ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/37047/yuvakalasahithi-in-memory-of-prominent-playwright-kadiangad-nkunchikrishnan)