---
title: "കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ വീണ്ടും തുടരുന്നത് അപലപനീയം; ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍"
english_title: "It is condemnable that workers whose tenure has expired are being retained again; Block Panchayat Administrative Committee members"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/370509/it-is-condemnable-that-workers-whose-tenure-has-expired-are-being-retained-again-block-panchayat-administrative-committee-members"
published_at: "2026-07-04T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a493ff32f949_iu.jpg"
keywords: []
---

# കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ വീണ്ടും തുടരുന്നത് അപലപനീയം; ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ പിരിഞ്ഞു പോകാതെ ആശുപത്രി പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്ന നടപടി അപലപനീയമാണെന്നും മുന്‍ കാലങ്ങളില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ പിരിഞ്ഞു പോകാതെ ആശുപത്രി പ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്ന നടപടി അപലപനീയമാണെന്നും മുന്‍ കാലങ്ങളില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ വീണ്ടും തുടരുകയാണ്. പിരിഞ്ഞു പോകാന്‍ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞിട്ടും അനുസരിക്കുന്നില്ല. ഇവര്‍ എന്നാണ് വന്നത് എന്ന് ആര്‍ക്കും അറിയില്ല. ഇവരുമായി ആരും കരാര്‍ ഉണ്ടാക്കിയിട്ടില്ല. പല സമയങ്ങളിലാണ് വന്നവരാണ്. ഒരു വീട്ടില്‍ നിന്നു തന്നെ കൂടുതല്‍ ആളുകള്‍ വരുന്നുണ്ട്. ആമ്പുലന്‍സ് ഇല്ലാത്ത ആശുപത്രിയില്‍ 2 ഡ്രൈവര്‍മാരാണ് ഉള്ളത്. ഇവര്‍ വെറുതെ ഇരിക്കുകയാണ്. ഇത്തരത്തില്‍ ഉള്ളവരാണ് ആശുപത്രിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇവര്‍ക്ക് എതിരെയാണ് എച്ച്എംസി നടപടി സ്വീകരിക്കാന്‍ തയാറായത്. മുന്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഗോപാലകൃഷ്ണനും മറ്റു ജീവനക്കാരും ചേര്‍ന്ന് നടത്തിയത് ലക്ഷങ്ങളുടെ അഴിമതിയാണ്.

ഡയാലിസിസ് യൂണിറ്റില്‍ മരുന്നുകളും മറ്റു വാങ്ങിയത് നിയമ വിധേയമല്ല. ഡയാലിസിസ് യൂണിറ്റില്‍ ഉപയോഗശേഷം വരുന്ന ക്യാനുകളും മറു സാധനങ്ങളും സ്വകാര്യമായി വില്‍പന നടത്തി പൈസ കൈക്കലാക്കി. മാസം ഏകദേശം 7000 രൂപ ഈ ഇനത്തില്‍ ആശുപത്രി എച്ച്എംസിക്ക് നഷ്ടമായി. ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ വാങ്ങിയ ഡീസല്‍ ഇനത്തില്‍ ഓരോ പ്രാവശ്യം ഡീസല്‍ വാങ്ങുമ്പോഴും 2000 രൂപയുടെ ഡീസല്‍ ഡോക്ടറുടെ കാറില്‍ അടിക്കുകയാണ്. ഡീസല്‍ ഉപയോഗവും പ്രവര്‍ത്തന സമയവും ജനറേറ്ററിന്റെ പ്രവര്‍ത്തനക്ഷമതയും ഓഡിറ്റിനു വിധേയമക്കിയപ്പോഴാണ് തട്ടിപ്പിന്റെ വിവരം പുറത്തു വന്നത്. ഹെല്‍ത്ത് ഗ്രാന്‍ഡ് വഴി സാധനങ്ങള്‍ വാങ്ങിയതിലും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. വേസ്റ്റ് പൈപ്പിലെ ബ്ലോക്ക് നീക്കാന്‍ 18000 രൂപയാണ് എഴുതിയെടുത്തത് പല ആളുകളുടെ പേരിലും കള്ള ബില്ലു ഉണ്ടാക്കിയാണ് പണം തട്ടിയത്.

ലാബിലേക്ക് വാങ്ങിയ പല ഉപകരണങ്ങളും സ്വകാര്യ ഏജന്‍സികളില്‍ നിന്നാണ് വാങ്ങിയത്. ഡയാലിസിസ് യൂണിറ്റില്‍ ഇതുവരെ വരാത്ത നെഫ്രോളജിസിന്റെ പേരില്‍ മാസം തോറും അലവന്‍സ് വാങ്ങുകയാണ്. വര്‍ഷങ്ങളായി ഈ പണം ഡയാലിസിസ് ടെക്നിഷ്യന്‍ അക്കൗണ്ടിലാണ് എത്തുന്നത്. ഡയാലിസിസ് ടെക്നിഷ്യന്‍ ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകാറില്ല. മാസം 45000 രൂപ ശമ്പളം വാങ്ങുന്ന വ്യക്ത്തി ജോലിക്ക് വരാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ആശുപത്രി കെട്ടിടം നിര്‍മാണവുമായി ബന്ധപ്പെട്ട് മുറിച്ചു മാറ്റിയ മരങ്ങള്‍ ലേലം ചെയ്ത വകയിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സാധാരണക്കാരുടെ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറും ക്ലാര്‍ക്കും എച്ച്എംസി ജീവനക്കാരനും നടത്തിയ വലിയ സാമ്പത്തിക തട്ടിപ്പ് അംഗീകരിക്കാന്‍ കഴിയില്ല.

മുന്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും ഇവര്‍ക്ക് ചൂട്ടു പിടിക്കുന്ന സമീപനമാണ് നടത്തിയത്. പലപ്പോഴും പ്രതിപക്ഷം പറഞ്ഞിട്ടും അവര്‍ കാര്യമാക്കിയില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി മാറ്റാനാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയും എച്ച്എംസിയും തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് യോഗ്യത ഇല്ലാത്തവരെ മാറ്റി യോഗ്യതയുള്ളവരെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇതിനെയാണ് സിഐടിയു നേതൃത്വത്തില്‍ എതിര്‍ക്കുന്നത്. സാധാരണക്കാരന്റെ ആശുപത്രിയെ നശിപ്പിച്ച് മറ്റു സ്ഥാപനങ്ങളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന്റെ പിന്നില്‍ ഇത് ജനങ്ങള്‍ തള്ളിക്കളയണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡന്റ് പി. വഹീദ, മെംബര്‍മാരായ രാജന്‍ മരുതേരി, വി.ബി.രാജേഷ്, കെ.കെ.സുവര്‍ണ, ലിജി ഷിജു എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/370509/it-is-condemnable-that-workers-whose-tenure-has-expired-are-being-retained-again-block-panchayat-administrative-committee-members)