---
title: " സ്‌നേഹാദരവും അനുമോദന സദസ്സും സംഘടിപ്പിച്ച് പൊന്നരം റെസിഡന്‍സ് അസോസിയേഷന്‍ "
english_title: "Ponnaram Residence Association organizes a meeting of love, respect and appreciation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371221/ponnaram-residence-association-organizes-a-meeting-of-love-respect-and-appreciation"
published_at: "2026-07-08T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e310152854_thandora.jpg"
keywords: []
---

#  സ്‌നേഹാദരവും അനുമോദന സദസ്സും സംഘടിപ്പിച്ച് പൊന്നരം റെസിഡന്‍സ് അസോസിയേഷന്‍ 

> **Lead Summary:** **ബാലുശ്ശേരി : **പൊന്നരം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവും അനുമോദന സദസും സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗള്‍ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **പൊന്നരം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവും അനുമോദന സദസും സംഘടിപ്പിച്ചു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മംഗള്‍ദാസ് ത്രിവേണി ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ശാസ്ത്ര - സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തിക്കൊണ്ടുവരുവാന്‍ നമ്മുടെ വിദ്യാലയ സിലബസുകളില്‍ ഇതിന് പര്യാപ്തമായ രീതിലുള്ള നൂതനമായ ശാസ്ത്ര - സാങ്കേതിക വിഷയങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

പി. പുഷ്പ അധ്യക്ഷത വഹിച്ചു.

ഗേറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ഇന്ത്യയിലെ ഏറ്റവും വലിയ അറ്റോമിക്ക് റിസര്‍ച്ച് സെന്ററായ ബാബാ അറ്റോമിക്ക് റീസര്‍ച്ച് സെന്ററില്‍ സയന്റിഫിക് ഓഫീസറായി നിയമനം ലഭിച്ച എസ്. ബാലഗോപാല്‍ (നീലാജ്ഞനം), സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സംഘടിപ്പിച്ച നാഷണല്‍ ട്രഡീഷണല്‍ നോളഡ്ജ് ബയോളജിക്കല്‍ കണ്‍സര്‍വേഷന്‍ ഹാക്കത്താണില്‍ 'ബയോവീവ്'' എന്ന ഡിജിറ്റല്‍ ടൂള്‍ മല്‍സരത്തില് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ജാന്‍വി കെ ഉല്ലാസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ ആരാധ്യ ശരത്, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മാളവിക തെക്കയില്‍ എന്നിവരെ സദസ്സില്‍ മൊമെന്റോ നല്‍കി അനുമോദിച്ചു.

രക്ഷാധികാരി കെ. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. ഗോപിനാഥന്‍ ശ്രീകമ്മങ്ങാട്ട്, സി. ഹരിദാസന്‍ (ഹരിതം), വി.സി. ശിവദാസ്, ലക്ഷ്മി പൊന്മാനംകണ്ടി, പി.കെ. ബാലകൃഷ്ണന്‍ കിഴക്കയില്‍, ഡോ. സുരേഷ് ബാബു നീലാഞ്ജനം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അനുമോദനം ഏറ്റുവാങ്ങിയ വിദ്യാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി അമോഖ് ദേവപ്രഭ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മല്ലിക കിണറുള്ളത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371221/ponnaram-residence-association-organizes-a-meeting-of-love-respect-and-appreciation)