---
title: "പേരാമ്പ്രയിലെ അലക്ഷ്യമായ പാര്‍ക്കിംഗ്; വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പിടി വീഴും"
english_title: "Careless parking in Perambra; Vehicles will now be seized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/371853/careless-parking-in-perambra-vehicles-will-now-be-seized"
published_at: "2026-07-11T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a520e7085348_tyy.jpg"
keywords: []
---

# പേരാമ്പ്രയിലെ അലക്ഷ്യമായ പാര്‍ക്കിംഗ്; വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പിടി വീഴും

> **Lead Summary:** **പേരാമ്പ്ര **: പേരാമ്പ്ര പട്ടണത്തില്‍ റോഡരികില്‍ അലക്ഷ്യമായി പാര്‍ക് ചെയ്തു പോകുന്ന ഇരു ചക്ര വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പിടി വീഴും. ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ 15 നുള്ളില്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ ആണ് തീരുമാനം.

## Article Content

**പേരാമ്പ്ര **: പേരാമ്പ്ര പട്ടണത്തില്‍ റോഡരികില്‍ അലക്ഷ്യമായി പാര്‍ക് ചെയ്തു പോകുന്ന ഇരു ചക്ര വാഹനങ്ങള്‍ക്ക് ഇനി മുതല്‍ പിടി വീഴും. ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂലൈ 15 നുള്ളില്‍ പരിഷ്‌കരണം നടപ്പിലാക്കാന്‍ ആണ് തീരുമാനം.

പഞ്ചായത്ത് ഹാളില്‍ വച്ച് നടന്ന ട്രാഫിക് ഉപദേശക സമിതി യോഗത്തില്‍ ആണ് ടൗണിലെ ഗതാഗത പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ ധാരണ ആയത്.വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ സമയനിഷ്ഠ പാലിക്കാതെ വെക്കുന്ന വാഹനങ്ങളെ നിരീക്ഷിച്ച്, വ്യാപാരികള്‍ അത് നോട്ട് ചെയ്ത് വാഹന നമ്പര്‍ പൊലീസിനെ അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ജൂബിലി റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് നോ എന്‍ട്രി ബോര്‍ഡ് വെക്കാനും രാവിലെ 8:30 മുതല്‍ 10 മണി വരെയും വൈകുന്നേരം 3:30 മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ കോര്‍ട്ട് റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനും നോ എന്‍ട്രി ബോര്‍ഡ് വെക്കാനും തീരുമാനിച്ചു.

കൂടാതെ കക്കാട് ബിഎഡ് കോളെജ് റോഡ്, പഴയ ഇഎംഎസ്, പൈതോത്ത് റോഡ്, ചെമ്പ്ര റോഡ്, പെട്രോള്‍ പമ്പ് റോഡ് (ആലോക്കൂട്ടം റോഡ്) എന്നീ റോഡ് ജംഗ്ഷനുകളിലും നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിക്കും.

മേപ്പയൂര്‍ റോഡ് ജംഗ്ഷനില്‍ സായീസ് ബേക്കറിക്ക് സമീപമുള്ള ബസ് സ്റ്റോപ്പ് മുന്‍പ് തീരുമാനിച്ച പ്രകാരം എഎഫ്‌സി ഷോപ്പിന് മുന്‍പിലേക്കും, ജീപ്പ് സ്റ്റാന്‍ഡ് ലൂണാര്‍ ടൂറിസ്റ്റിന് മുന്‍പിലേക്കും മാറ്റാന്‍ തീരുമാനിച്ചു. ജൂലൈ 15 നുള്ളില്‍ ഈ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/371853/careless-parking-in-perambra-vehicles-will-now-be-seized)