---
title: "കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചു"
english_title: "Kozhikode Rural Police organized a special combing operation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372149/kozhikode-rural-police-organized-a-special-combing-operation"
published_at: "2026-07-13T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bfff746c7_gyt.jpg"
keywords: []
---

# കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

## Article Content

**കോഴിക്കോട് : **കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും വിവിധ കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓപ്പറേഷന്റെ ഭാഗമായി ജില്ലയിലെ 15 ബോര്‍ഡര്‍ സീലിംഗ് പോയിന്റുകളില്‍ ശക്തമായ പരിശോധന നടത്തി. 76 അന്തര്‍ സംസ്ഥാന വാഹനങ്ങളും ആകെ 1,059 വാഹനങ്ങളും പരിശോധിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി 43 മൊബൈല്‍ പട്രോള്‍ ടീമുകളെ വിന്യസിച്ചു.

പരിശോധനയുടെ ഭാഗമായി 64 ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ എന്നിവയിലും 37 ബസ് സ്റ്റാന്‍ഡുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടെയും പരിസരങ്ങളിലും ശക്തമായ പരിശോധന നടത്തി. 12 കാപ്പ പ്രതികളെയും 35 കെഡി/ഡിസി/മുന്‍ കുറ്റവാളികളെയും പരിശോധിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടാതെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട 65 വ്യക്തികളെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഓപ്പറേഷനിടെ കോടതി വാറന്റ് പുറപ്പെടുവിച്ച 28 പ്രതികളെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുടെ ഭാഗമായി മദ്യപിച്ച് വാഹനമോടിച്ച 31 കേസുകളും എന്‍ഡിപിഎസ് നിയമപ്രകാരമുള്ള 22 കേസുകളും മറ്റ് പ്രത്യേക-പ്രാദേശിക നിയമങ്ങളിലെ കേസുകളും പൊലീസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസുകളും ഉള്‍പ്പെടെ ആകെ 263 കേസുകളാണ് കോഴിക്കോട് റൂറല്‍ ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്.

ജില്ലയില്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പൊതുസുരക്ഷ ഉറപ്പാക്കുന്നതിനുമായി ഇത്തരത്തിലുള്ള പ്രത്യേക പരിശോധനകളും കോമ്പിംഗ് ഓപ്പറേഷനുകളും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ തുടര്‍ന്നും ശക്തമായി നടത്താനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372149/kozhikode-rural-police-organized-a-special-combing-operation)