---
title: "ഉന്നത വിജയികള്‍ക്ക് ആദരവുമായി ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍"
english_title: "Oruma Mahal Pravasi Association honors top achievers at ulliyeri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/372177/oruma-mahal-pravasi-association-honors-top-achievers-at-ulliyeri"
published_at: "2026-07-13T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a54bc7226913_ulliyeri.jpg"
keywords: []
---

# ഉന്നത വിജയികള്‍ക്ക് ആദരവുമായി ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍

> **Lead Summary:** **ഉള്ള്യേരി: **നാറാത്ത് പ്രദേശത്തെ ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി, മദ്രസ, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

## Article Content

**ഉള്ള്യേരി: **നാറാത്ത് പ്രദേശത്തെ ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ 2025-26 അധ്യയന വര്‍ഷത്തില്‍ പ്ലസ് ടു, എസ്എസ്എല്‍സി, മദ്രസ, എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ്, വിവിധ പ്രൊഫഷണല്‍ കോഴ്‌സുകള്‍ എന്നിവയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

ഹമീദ് ബുസ്താന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ വേദിയില്‍ മഹല്ല് പ്രസിഡന്റ് പി.പി. കോയ ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി വി.ടി. സൂരജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസം വ്യക്തിയുടെ ജീവിതത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാവിയെയും രൂപപ്പെടുത്തുന്ന ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മികവിനെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, ആ ഉത്തരവാദിത്വം ഏറ്റെടുത്ത് മാതൃകാപരമായ പരിപാടി സംഘടിപ്പിച്ച ഒരുമ മഹല്ല് പ്രവാസി അസോസിയേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഉള്ള്യേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പുനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഗമ ഹരിദാസ്, പത്താം വാര്‍ഡ് അംഗം റജുല ഹനീഫ, ബ്ലൂമാര്‍ട്ട് ചെയര്‍മാന്‍ എന്‍.വി. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാജിക്കിലൂടെ മോട്ടിവേഷന്‍ എന്ന വിഷയത്തില്‍ മെജീഷ്യന്‍ സിറാജ് നടുവണ്ണൂര്‍ അവതരിപ്പിച്ച പ്രചോദനാത്മക പരിപാടി സദസിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ചടങ്ങില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങളും മൊമെന്റോകളും വിതരണം ചെയ്തു.

ഒരുമ മഹല്ല് പ്രവാസി അസോസിയേഷന്‍ ട്രഷറര്‍ അഷ്‌റഫ് നാറാത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി.കെ. ഖാദര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/372177/oruma-mahal-pravasi-association-honors-top-achievers-at-ulliyeri)